Kozhikode

ഒറ്റ ദിവസം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ലാബ് സജ്ജം

ഒറ്റ ദിവസം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ലാബ് സജ്ജം
X

തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിആര്‍ഡി ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഐവി പൂന, എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍ടിപിസിആര്‍, പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍ഐവി പൂനയില്‍നിന്നും എന്‍ഐവി ആലപ്പുഴയില്‍നിന്നും അരോഗ്യവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു.

അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍ഐവി പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍ഐവി പൂന ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികില്‍സയും വേഗത്തിലാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it