Kozhikode

ബീച്ച് ആശുപത്രിയിലെ അഞ്ച് ജനറല്‍ ഒപികള്‍ ഇനി കാരപ്പറമ്പ് ഹോമിയോ ആശുപത്രിയില്‍

ബീച്ച് ആശുപത്രിയിലെ അഞ്ച്  ജനറല്‍ ഒപികള്‍ ഇനി  കാരപ്പറമ്പ് ഹോമിയോ ആശുപത്രിയില്‍
X

കോഴിക്കോട്: ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഒപികള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന് മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ അവരുടെ ചികില്‍സക്കായി പ്രത്യേക ചികില്‍സാ സൗകര്യമൊരുക്കും. രോഗവ്യാപനം തടയുന്നതിനായി ക്ലസ്റ്ററുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ പരിശോധനകള്‍ നടത്തും. കോര്‍പ്പറേഷന്‍ 2-ാം ഡിവിഷനില്‍ ഈ മാതൃകയില്‍ മുഴുവന്‍ പേരേയും പരിശോധന നടത്തുകയുണ്ടായി. ഇവിടെ പോസിറ്റീവ് കേസുകളില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിച്ചു. ഈ രീതിയില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികില്‍സക്കായി 2,000 ബെഡ്ഡുകളുടെ സൗകര്യം ലഭ്യമാക്കും. കൊവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികള്‍ക്ക് പ്രത്യേകം ചികില്‍സാ സൗകര്യമൊരുക്കും. ഇഖ്‌റ കൗണ്‍സിലിങ് സെന്റര്‍, ഇഖ്‌റ പുതിയ ബ്ലോക്ക്, ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റല്‍ ബ്ലോക്ക്, മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ കോവിഡ് ചികില്‍സാ സൗകര്യമൊരുക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദിനംപ്രതി 1,500 കൊവിഡ് ടെസ്റ്റുകള്‍ ചെയ്യാനും ഇവയുടെ ഫലം വേഗത്തില്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. ഏഴ് സ്വകാര്യ ലാബുകള്‍ക്ക് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് നടത്താനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. ആശുപത്രികള്‍ക്കു പുറമേ കൊവിഡ് ചികില്‍സക്കായി തദ്ദേശ സ്ഥാപനങ്ങള്‍വഴി 108 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 13 എഫ്എല്‍ടിസികള്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കും. അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ആകെ 7,583 ബെഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2,800 ബെഡ്ഡുകള്‍ ഏതു സമയവും പയോഗപ്പെടുത്താന്‍ സജ്ജമാണ്.

കൊവിഡ് ചികില്‍സകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കണം. ആയുര്‍വ്വേദം, ഹോമിയോപ്പതി തുടങ്ങിയ എല്ലാ ചികില്‍സാ സംവിധാനങ്ങളും കൊവിഡ് ചികില്‍സക്ക് ഉപയോഗപ്പെടുത്തും. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫസര്‍ ഡോ.ജയശ്രീ വി, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വി ആര്‍ രാജേന്ദ്രന്‍ അറിയിച്ചു.




Next Story

RELATED STORIES

Share it