Kozhikode

ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് കമന്റ്: ഷൈജ ആണ്ടവന്റെ മൊഴിയെടുത്ത് പോലിസ്; സ്റ്റേഷനില്‍ ഹാജരാവണം

ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് കമന്റ്: ഷൈജ ആണ്ടവന്റെ മൊഴിയെടുത്ത് പോലിസ്; സ്റ്റേഷനില്‍ ഹാജരാവണം
X

കോഴിക്കോട്: ഗോഡ്സയെ പ്രകീര്‍ത്തിച്ച് സാമൂഹിക മാധ്യമത്തില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴിയെടുത്തു. കുന്ദമംഗലം പോലിസ് ഷൈജയുടെ ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. 13-ന് സ്റ്റേഷനില്‍ ഹാജരാവാന്‍ ഷൈജയോട് പോലിസ് ആവശ്യപ്പെട്ടു. കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞദിവസം പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ കാംപസില്‍ എത്താത്തതിനെത്തുടര്‍ന്ന് മൊഴിയെടുക്കാന്‍ ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് പോലിസിന് കൈമാറാനാന്‍ കഴിഞ്ഞിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാനും പോലിസിന് സാധിച്ചില്ല. വിദ്യാര്‍ഥി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ അവധി നീട്ടിയതായി സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി അവധി അപേക്ഷ നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.ടി. അധികൃതര്‍ അറിയിച്ചിരുന്നു.

പ്രൊഫസര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് എന്‍.ഐ.ടി. സമിതി രൂപവത്കരിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും. മഹാത്മ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും എന്‍.ഐ.ടി അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും എന്‍.ഐ.ടി. അറിയിച്ചിരുന്നു.

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനു താഴെയാണ് ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചതില്‍ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോള്‍ കമന്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നല്‍കിയ പരാതിയില്‍ കലാപാഹ്വാനത്തിന് കുന്ദമംഗലം പോലിസ് കേസെടുത്തതോടെ അധ്യാപിക അവധിയെടുത്ത് ഒളിവില്‍പ്പോയിരുന്നു.






Next Story

RELATED STORIES

Share it