Kottayam

റോഡ് കൈയേറി പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ഒഴിപ്പിച്ചു

റോഡ് കൈയേറി സ്ഥാപിച്ച കടകള്‍ വാഹനയാത്രക്കാര്‍ക്കും നടന്നുപോവുന്നവര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

റോഡ് കൈയേറി പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ഒഴിപ്പിച്ചു
X

കോട്ടയം: കഞ്ഞിക്കുഴി- പുതുപ്പള്ളി റോഡില്‍ മാങ്ങാനം തുരുത്തേല്‍ പാലത്തിനു സമീപത്തെ റോഡ് കൈയേറ്റം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. ഈ മേഖലയില്‍ റോഡ് കൈയേറി സ്ഥാപിച്ച കടകള്‍ വാഹനയാത്രക്കാര്‍ക്കും നടന്നുപോവുന്നവര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതി സംബന്ധിച്ച് അന്വേഷണം നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അനധികൃത കടകള്‍ നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു തയ്യാറാവാതെ മല്‍സ്യവും പച്ചക്കറികളും വിറ്റിരുന്ന കടകളും തട്ടുകടകളും ഉള്‍പ്പെടെ 11 കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. കോട്ടയം തഹസില്‍ദാര്‍ പി ജി രാജേന്ദ്രബാബു, പൊതുമരാമത്ത് (റോഡ്സ്) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജന്‍, കോട്ടയം ഈസ്റ്റ് പോലിസ് സബ് ഇന്‍സ്പെക്ടര്‍ എം കെ വിജയകുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

റോഡ് കൈയേറി പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കച്ചവടസ്ഥാപനങ്ങള്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും മലിനീകരണത്തിനും കാരണമാവുന്നതായി ചൂണ്ടിക്കാട്ടി ജില്ലയിലെ പല കേന്ദ്രങ്ങളില്‍നിന്നും പൊതുമരാമത്ത് വകുപ്പിനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലും സമാനരീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. മണിപ്പുഴ, മന്ദിരം മേഖലകളിലെ കൈയേറ്റങ്ങള്‍ വരുംദിവസങ്ങളില്‍ ഒഴിപ്പിക്കും.

Next Story

RELATED STORIES

Share it