Kollam

അമിത അളവില്‍ അയണ്‍ഗുളിക കഴിച്ച വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമിത അളവില്‍ അയണ്‍ഗുളിക കഴിച്ച വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

ശാസ്താംകോട്ട: സ്‌കൂളില്‍ വിതരണം ചെയ്ത അയണ്‍ഗുളിക അമിത അളവില്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ തമാശക്കായി ഗുളിക ചലഞ്ച് നടത്തിയതാണ് ഒടുവില്‍ കാര്യമായത്. കൊല്ലം മൈനാഗപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ചികില്‍സതേടിയത്. മൂന്നുപേരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും, രണ്ടുപേരെ കൊല്ലം ജില്ലാ ആശുപത്രിയിലും, ഒരാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ചികില്‍സയിലുള്ള വിദ്യാര്‍ഥികളുടെ നില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതിനായി അയണ്‍ ഗുളികകള്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നു. ഓരോ ഗുളിക വീതം വീട്ടില്‍ച്ചെന്ന് കഴിക്കുന്നതിനായി അധ്യാപകര്‍ ചൊവ്വാഴ്ച രാവിലെ ആദ്യ പീരിയഡ് സമയത്ത് കുട്ടികള്‍ക്ക് നല്‍കി. 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് നല്‍കിയത്. എന്നാല്‍ ഇടവേള സമയത്ത് എട്ടാംക്ലാസിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഗുളിക ചലഞ്ചിന് മുതിര്‍ന്നു. ഏറ്റവും കൂടുതല്‍ ഗുളിക കഴിക്കുന്നവര്‍ ആരെന്നതായിരുന്നു മല്‍സരം. മല്‍സരത്തിനായി മറ്റ് കുട്ടികള്‍ക്ക് കിട്ടിയ ഗുളികകള്‍കൂടി അവര്‍ ശേഖരിച്ചു. തുടര്‍ന്ന് ആറുപേര്‍ കൈവശമുണ്ടായിരുന്ന ഗുളികകള്‍ വിഴുങ്ങാന്‍ തുടങ്ങി. ചിലര്‍ പത്തും പതിനഞ്ചും വിഴുങ്ങി. മുപ്പത് ഗുളികകള്‍ വിഴുങ്ങിയവരുമുണ്ടായിരുന്നു.

അമിതമായി കഴിച്ചവര്‍ ഉച്ചയോടെ അസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. ചിലര്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. അപ്പോഴാണ് അധ്യാപകര്‍ സംഭവത്തിന്റെ തീവ്രത മനസ്സിലാക്കുന്നത്. പെട്ടെന്നുതന്നെ കുട്ടികളെ ആശുപത്രികളിലേക്ക് മാറ്റി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് നല്‍കിയ അയണ്‍ഗുളികകള്‍ തിരികെ വാങ്ങുകയും ചെയ്തു. വര്‍ഷത്തില്‍ രണ്ടുതവണ സ്‌കൂളുകള്‍ വഴി ആരോഗ്യവകുപ്പ് വിദ്യാര്‍ഥികള്‍ക്ക് അയണ്‍ ഗുളിക നല്‍കുന്ന പതിവുണ്ട്.

ഓരോ കുട്ടിയുടെയും തൂക്കവും ആരോഗ്യസ്ഥിതിയും വിലയിരുത്തിയ ശേഷം അതിന് ആനുപാതികമായാണ് അയണ്‍ ഗുളികള്‍ നല്‍കേണ്ടത്. എന്നാല്‍ ഇതിനു വിരുദ്ധമായാണ് ആരോഗ്യ വകുപ്പ് കുട്ടികള്‍ക്ക് ഗുളികള്‍ വാരിക്കോരി നല്‍കിയതെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. അതിനിടെ അയണ്‍ ഗുളിക കഴിച്ച് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ സംഭവം, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും കൃത്യവിലോപവുമാണെന്ന് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വൈ ഷാജഹാന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it