Kollam

ഗുണ്ടാനേതാവിന്റെ ഭാര്യയെ കൂടെത്താമസിപ്പിച്ച യുവാവിന്റെ കൊലപാതകം: ഏഴു പ്രതികള്‍ക്കും ജീവപര്യന്തം

അടുത്ത 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യമോ പരോളോ നല്‍കരുതെന്നാണ് വിധി. കൊലപാതകത്തിന് ജീവപര്യന്തവും ഗൂഢാലോചനയ്ക്ക് 10 വര്‍ഷവും തട്ടിക്കൊണ്ടുപോകലിന് അഞ്ച് വര്‍ഷവും തെളിവ് നശിപ്പിക്കലിന് ഒരു വര്‍ഷവും തടവാണ് കോടതി വിധിച്ചത്.

ഗുണ്ടാനേതാവിന്റെ ഭാര്യയെ കൂടെത്താമസിപ്പിച്ച യുവാവിന്റെ കൊലപാതകം: ഏഴു പ്രതികള്‍ക്കും ജീവപര്യന്തം
X

കൊല്ലം: ഗുണ്ടാനേതാവിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലെ പാറമടയില്‍ തള്ളിയ സംഭവത്തില്‍ ഏഴു പ്രതികള്‍ക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി(നാല്) ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. അടുത്ത 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യമോ പരോളോ നല്‍കരുതെന്നാണ് വിധി.

കൊലപാതകത്തിന് ജീവപര്യന്തവും ഗൂഢാലോചനയ്ക്ക് 10 വര്‍ഷവും തട്ടിക്കൊണ്ടുപോകലിന് അഞ്ച് വര്‍ഷവും തെളിവ് നശിപ്പിക്കലിന് ഒരു വര്‍ഷവും തടവാണ് കോടതി വിധിച്ചത്. ഇവയെല്ലാം വെവ്വേറെ അനുഭവിക്കണം. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം.

കൊറ്റങ്കര പേരൂര്‍ തട്ടാര്‍കോണം അയ്യര്‍മുക്കില്‍ പ്രോമിസ്ഡ് ലാന്റില്‍ രഞ്ജിത്ത് ജോണ്‍സനെ(രഞ്ജു-40) കൊലപ്പെടുത്തിയ കേസില്‍ തഴുത്തല കണ്ണനല്ലൂര്‍ വാലിമുക്ക് പുതിയവീട്ടില്‍ പാമ്പ് മനോജ് എന്ന മനോജ്(40), പരവൂര്‍ നെടുങ്ങോലം പോസ്റ്റ് ഓഫീസിന് സമീപം കച്ചേരിവിള വീട്ടില്‍ കാട്ടുണ്ണി എന്ന രഞ്ജിത്ത്(30), പൂതക്കുളം എല്‍പി സ്‌കൂളിനുസമീപം പാനാത്തുചിറയില്‍ വീട്ടില്‍ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവില്‍വട്ടം വെറ്റിലത്താഴത്ത് റാം നിവാസില്‍ കുക്കു എന്ന പ്രണവ്(25), മുഖത്തല തൃക്കോവില്‍വട്ടം ഡീസന്റ് ജങ്ഷന്‍ കോണത്ത് വടക്കതില്‍ വിഷ്ണു(21), കിളിക്കൊല്ലൂര്‍ പവിത്രനഗര്‍ 150 വിനീതമന്ദിരത്തില്‍ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ് (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കേസിലെ പ്രതികളെല്ലാം.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 15നാണ് രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയത്. കേസിലെ മുഖ്യപ്രതി മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് മനോജിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസില്‍ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it