Kasaragod

കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയില്‍ 150 ബെഡുകള്‍ കൂടി ഉടന്‍ ഒരുക്കും

കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയില്‍ 150 ബെഡുകള്‍ കൂടി ഉടന്‍ ഒരുക്കും
X

കാസര്‍കോട്: ജില്ലയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധദ്ധിക്കുന്ന സാഹചര്യത്തില്‍ ടാറ്റാ കൊവിഡ് ആശുപത്രിയില്‍ 150 ബെഡുകള്‍ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. നിലവില്‍ 200 പേരെ ചികില്‍സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആശുപത്രി ആരംഭിച്ചത് മുതല്‍ നാളിതു വരെയായി 1410 കൊവിഡ് 19 രോഗികളെ ഇവിടെ ചികില്‍സിച്ചിരുന്നു. ഇതില്‍ 1100 പേരുടെയും രോഗം ഭേദമായി. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളെയാണ് പ്രധാനമായും ഇവിടെ ചികില്‍സിക്കുന്നത്. 12ഓളം ഐസിയു ബെഡുകളും 70 ഓളം സെന്‍ട്രലൈസ്ഡ് പൈപ്പ് ലൈന്‍ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം 70ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഇവിടെ നിന്ന് ചികില്‍സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്.

ഒരു കണ്ടെയ്‌നറില്‍ 4 ബെഡ് എന്ന കണക്കിലാണ് 540 പേര്‍ക്ക് ചികില്‍സാ സൗകര്യം കണക്കാക്കിയത്. എന്നാല്‍ ഓഫിസ് സംവിധാനം, ലബോറട്ടറി, ഫാര്‍മസി, ഫാര്‍മസി സ്‌റ്റോര്‍, ജീവനക്കാരുടെ താമസം എന്നിവയ്ക്കു വേണ്ടി കണ്ടെയ്‌നറുകള്‍ നീക്കിവയ്‌ക്കേണ്ടതുണ്ട്. ഐസിയു വാര്‍ഡുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു കണ്ടെയ്‌നറില്‍ 3 ബെഡുകള്‍ മാത്രമേ ഒരുക്കാന്‍ സാധിക്കൂ. ബെഡുകളുടെ അകലം ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കേണ്ടതുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൊണ്ടാണ് 150 ബെഡുകള്‍ കൂടി ഒരുക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെ വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയില്‍ തടസ്സമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

TATA Covid Hospital in Kasaragod will soon have another 150 beds

Next Story

RELATED STORIES

Share it