Kasaragod

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
X

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുമ്പാകെ ഹാജരാവാമെന്ന് സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് അന്വേഷണം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ ഐപിസി 171 ബി, ഇ വകുപ്പാണ് സുരേന്ദ്രനെതിരേ ചുമത്തിയിരിക്കുന്നത്. നിലവില്‍ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്. ബദിയെടുക്ക പോലിസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കെ സുരേന്ദ്രന് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് നേരിട്ട് പണം നല്‍കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ അന്വേഷണസംഘം രേഖപ്പടുത്തിയിരുന്നു.

Next Story

RELATED STORIES

Share it