Kasaragod

തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക് പദ്ധതി വരുന്നു

തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക് പദ്ധതി വരുന്നു
X

കാസര്‍കോട്: തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക് സാധ്യതകള്‍ കണ്ടെത്തി തുറമുഖ വകുപ്പ് പൈതൃക പാര്‍ക്ക് ഒരുക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം, തീരപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉയോഗിച്ച് നടപ്പാക്കുക. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് മുന്നില്‍ ടൂറിസം പ്രൊജക്ട് അവതരിപ്പിച്ചു. ഒരു കാലത്ത് കാസര്‍കോട്ടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന ഉരുവിന്റേയും പ്രവേശന കവാടത്തിന്റെയും മാതൃകയിലുള്ള മെമ്മോറിയല്‍ ഗാര്‍ഡനും പഴയ ഹാര്‍ബറിന്റെ ഭാഗമായിരുന്ന പാലത്തിന്റെയും കെട്ടിടത്തിന്റെയും നവീകരണവുമാണ് പ്രധാന ആകര്‍ഷണം.

ഇതോടൊപ്പം ജല വിനോദങ്ങളായ ബോട്ടിങ്, കയാക്കിങ് സൗകര്യങ്ങള്‍, കിയോസ്‌കുകള്‍, പവലിയന്‍, മൈതാനം, നടപ്പാത, പാര്‍ക്കിങ് ഏരിയ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ചന്ദ്രഗിരി കോട്ടയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് പ്രതീക്ഷിക്കുന്നു. ജലപാതയിലൂടെ കാസര്‍കോട് നഗരത്തില്‍ നിന്നും ഇവിടേക്കുള്ള ദൂരം കുയ്ക്കാന്‍ സാധിക്കും. നിലവിലുള്ള ജൈവ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട് തീരദേശ, പൈതൃക, പരിസ്ഥിതി ടൂറിസം സാധ്യതയാണ് ഇവിടെ ഉയോഗിക്കുന്നത്. ബേക്കലിന് ശേഷം ജില്ലയില്‍ നിര്‍മിച്ച ഏകദേശം 380 വര്‍ഷം പഴക്കം കണക്കാക്കുന്ന ചന്ദ്രഗിരി കോട്ട, കേരളത്തിലെ രണ്ടാമത്തെ മുസ് ലിം പള്ളിയായ മാലിക് ദീനാര്‍ പള്ളി തുടങ്ങിയ ചന്ദ്രഗിരി പുഴയുടെ തീരത്തെ പൈതൃക കേന്ദ്രങ്ങളും തീരത്തിന്റെ സൗന്ദര്യവും കണ്ടല്‍ക്കാടിന്റെ ഹരിതാഭയും സഞ്ചാരികളെ ആകര്‍ഷിക്കും.

ഇതോടൊപ്പം സമീപത്തെ റോഡിന്റെ വശങ്ങളില്‍ പ്രാദേശിക രുചിഭേദങ്ങളുടെ വിപണത്തിനായി സ്റ്റാളുകള്‍ ഒരുക്കും. തളങ്കരയിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. തളങ്കര തൊപ്പി, കാസര്‍കോടന്‍ സാരി പോലുള്ള കാസര്‍കോടിന്റെ തനിമയാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യത കണക്കാക്കി പവലിയന്‍ ഒരുക്കും. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, ഡെപ്യൂട്ടി കലക്ടര്‍(എല്‍ആര്‍) കെ രവികുമാര്‍, ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍, ബിആര്‍ഡിസി അസി. മാനേജര്‍ പി സുനില്‍ പങ്കെടുത്തു. ആര്‍ക്കിടെക്ട് സി വി നന്ദു പദ്ധതി അവതരിപ്പിച്ചു.

Heritage tourism park project is coming up in Thalankara


Next Story

RELATED STORIES

Share it