Kannur

വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ്; കണ്ണൂര്‍ കലക്ടറുടെ വിചിത്ര ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം

വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ്; കണ്ണൂര്‍ കലക്ടറുടെ വിചിത്ര ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം
X

കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ വിചിത്ര ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. വാക്‌സിന്‍ എടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന ഉത്തരവാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 28 മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പിലുള്ളത്. ടി.പി.ആര്‍ കുറച്ച് കാണിക്കാനും സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കാനുമാണ് ഉത്തരവെന്നാണ് ആരോപണം.

ജില്ലയില്‍ അമ്പത് ശതമാനത്തിലേറെ പേര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ ബാക്കി നില്‍ക്കെയാണ് കലക്ടറുടെ വിചിത്ര ഉത്തരവ്. മാത്രമല്ല, പൊതു ഗതാഗത മേഖലയിലെ തൊഴിലാളികള്‍ കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്‌സിനോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കുമെന്നും അറിയിപ്പിലുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തി നെഗറ്റീവ് സര്ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. വിചിത്ര ഉത്തരവിനെതിരേ കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിഷേധം ശക്തമായതോടെ, ആര്‍ടിപിസിആര്‍ സൗജന്യമായി ചെയ്ത് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കലക്ടര്‍ മറുപടി നല്‍കിയത്. ആന്റിജനോ ആര്‍ടിപിസിആറോ എന്നിവയിലേതേങ്കിലും മതിയാവുമെന്നും രണ്ടും സൗജന്യമായി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ പറഞ്ഞു. അതാത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും ഇത് കാസര്‍ക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം നടപ്പാക്കിയിട്ടുണ്ടെന്നുമാണ് കലക്ടറുടെ മറുപടി.

അതേസമയം, ടിപിആര്‍ കുറച്ച് കാണിക്കാനുളള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്നും തീരുമാനം സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും ഗുണകരമാവുമെന്നും കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ആരോപിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശം അപ്രായോഗികവും സാധാരണക്കാരെ ദ്രോഹിക്കുന്ന സമീപനവുമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കൊവിഡിനെ ഗിമ്മിക്കുകള്‍ കൊണ്ട് നേരിടാനാവില്ല. നിയന്ത്രണങ്ങളിലെ അശാസ്ത്രീയത പലരും നേരത്തേ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അതില്‍ നിന്നൊന്നും സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല എന്നതാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാവുന്നത്. ഇത്തരം നിര്‍ദേശങ്ങള്‍ അപ്രായോഗികവും അശാസ്ത്രീയവുമാണ്. ടെസ്റ്റ് ചെയ്ത പിറ്റേന്നോ തൊട്ടടുത്ത തൊട്ടടുത്ത ദിവസങ്ങളിലോ രോഗം വരാം എന്നിരിക്കെ പരിശോധന കൊണ്ട് എന്ത് ഗുണമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. കൊവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്ന വ്യാപാരികളെയു തൊഴിലാളികളെയും കൂടുതല്‍ ബുദ്ധിമുട്ടിക്കാനെ ഇത്തരം നിര്‍ദേശങ്ങള്‍ കാരണമാവൂ. യഥാര്‍ത്ഥത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. ഇത്തരം വിഭാഗങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കണം. അല്ലാതെ ഗിമ്മിക്കുകള്‍ കൊണ്ട് കൊവിഡ് പ്രതിരോധം നടത്താനാവില്ലെന്നും എസ്ഡിപി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

തൊഴിലാളികള്‍ക്ക് വാക്‌സിനേഷന് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയും 2 ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ 15 ദിവസം കൂടുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നുമുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ്അപ്രായോഗികവും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതുമായതിനാല്‍ ഉടന്‍ പിന്‍വലിക്കണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it