Kannur

കേരളം മയക്കുമരുന്ന് കച്ചവടകേന്ദ്രമാവുന്നു: കെ സി ഉമേഷ് ബാബു

കേരളം മയക്കുമരുന്ന് കച്ചവടകേന്ദ്രമാവുന്നു: കെ സി ഉമേഷ് ബാബു
X

കണ്ണൂര്‍: കേരളം മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പ്രമുഖ വാഗ്മി കെ സി ഉമേഷ് ബാബു. മദ്യമയക്ക് മരുന്ന് മാഫിയക്കെതിരെയും ലഹരി മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്ന ഇടത് ദുര്‍ഭരണത്തിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പഴയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകമാനം മയക്ക് മരുന്ന് വ്യാപാരം തഴച്ചുവളരുകയാണ്. ഈ നില ഭീതിജനകമായ സാഹചര്യത്തിലേക്കാണ് കേരളത്തെ എത്തിച്ചുകൊണ്ടിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും മയക്ക് മരുന്ന് ലോബികള്‍ ചെയ്യുന്ന രീതിയിലേക്കാണ് കേരളവും മാറിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരേ വരുന്നവരെ ഇല്ലാതാക്കുക, ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ കുടുംബത്തെ വരെ ദ്രോഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെയും അരങ്ങേറുന്നത്. മയക്ക് മരുന്ന് കടത്ത് ഒരു ബിസിനസായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരുകോടി രൂപയിലധികം രൂപയുടെ മയക്ക് മരുന്നാണ് പിടികൂടിയത്. പിടികൂടിയവര്‍ ഏറ്റവും താഴെതട്ടിലുള്ളവരാണെന്നും ഉമേഷ് ബാബു പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലാണ് ഇത്രയും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന കാര്യം വിസ്മരിക്കാനാവില്ല. ഇതിനു തടയിടാന്‍ സാധിച്ചില്ലെങ്കില്‍ ഭീകരമായ ഒരു സ്ഥിതിവിശേഷം കേരളത്തിലുണ്ടാവുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെപിസിസി മെംബര്‍ കെ പ്രമോദ്, എന്‍ പി ശ്രീധരന്‍, കെ സി മുഹമ്മദ് ഫൈസല്‍, വി വി പുരുഷോത്തമന്‍, റിജില്‍ മാക്കുറ്റി, ടി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it