Kannur

ഇരിട്ടി നഗരം കേരളത്തിലെ ആദ്യ അര്‍ബന്‍ സ്ട്രീറ്റ് പദവിയിലേക്ക്

കാല്‍നടക്കാര്‍ക്കും വാഹനം കാത്തു നില്‍ക്കുന്നവര്‍ക്കും പാതയോരങ്ങളില്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വരുന്ന യാത്രക്കാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പാത നിര്‍മാണ രീതിയെയാണ് 'അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍' എന്ന് പറയുന്നത്

ഇരിട്ടി നഗരം കേരളത്തിലെ ആദ്യ അര്‍ബന്‍ സ്ട്രീറ്റ് പദവിയിലേക്ക്
X

കണ്ണൂര്‍: ഇരിട്ടി നഗരം കേരളത്തിലെ ആദ്യത്തെ അര്‍ബന്‍ സ്ട്രീറ്റ് പദവിയിലേക്ക്. ഒരാഴ്ചക്കുള്ളില്‍ ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കി മാതൃക പ്രദര്‍ശിപ്പിക്കും. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണ്‍ നവീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയോര നഗരത്തെ ഏതുവിധം ആധുനിക വല്‍ക്കരിച്ച് നവീകരിക്കണം എന്ന കാര്യം പലതട്ടില്‍ ആലോചിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ മാതൃക സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തിരുവനന്തപൂരത്ത് ലോക ബാങ്ക്, കെഎസ്ടിപി, കണ്‍സള്‍ട്ടന്‍സി പ്രതിനിധികളുടെ യോഗം അന്തര്‍ദേശിയ നഗര വികസന വിദഗ്ധന്‍ ടോണി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യു കെ ആസ്ഥാനമായുള്ള ട്രാഫിക് റിസര്‍ച്ച് ലബോറട്ടറിയുടെ ഇന്ത്യാ കണ്‍ട്രി മാനേജരും സീനിയര്‍ ട്രാന്‍പോര്‍ട്ട് സ്‌പെഷ്യലിസ്റ്റും ഇരിട്ടി ഉളിക്കല്‍ സ്വദേശിയുമായ ടോണി മാത്യു കെഎസ്ടിപി തയ്യാറാക്കി അവതരിപ്പിച്ച പ്രാഥമിക രൂപരേഖയില്‍ ചേര്‍ക്കേണ്ട പുതിയ കാര്യങ്ങളും നിര്‍ദേശങ്ങളും കൈമാറി. ഒരാഴ്ചക്കുള്ളില്‍ അന്തിമ രൂപരേഖ തയ്യാറാക്കും. പ്രവൃത്തികള്‍ നടത്തുന്നതിനു മുന്നോടിയായി എംഎല്‍എയും നഗരസഭാ അധികൃതരും ഉള്‍പ്പെടുന്നവരുടെ യോഗം വിളിച്ച് ഇരിട്ടിക്കായി തയ്യാറാക്കിയ അര്‍ബന്‍ സ്ട്രീറ്റ് മാതൃക രൂപരേഖ പ്രദര്‍ശിപ്പിക്കും.

ഇരിട്ടിയിലാണ് കേരളത്തില്‍ ആദ്യത്തെ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ മാതൃക നഗരവികസനം നടപ്പാക്കുന്നത്. അതിനാല്‍ ഇരിട്ടി സംസ്ഥാനത്ത് തുടര്‍ന്ന് നടത്തേണ്ട നഗരങ്ങളുടെ വികസന മാതൃക ഇരിട്ടിയായി മാറും. ടൗണ്‍ വികസന രംഗത്തെ നൂതന ആശയമാണിത്. കാല്‍നടക്കാര്‍ക്കും വാഹനം കാത്തു നില്‍ക്കുന്നവര്‍ക്കും പാതയോരങ്ങളില്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വരുന്ന യാത്രക്കാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പാത നിര്‍മാണ രീതിയെയാണ് 'അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍' എന്ന് പറയുന്നത്. റോഡുകളില്‍ വാഹനങ്ങള്‍ക്ക് പോവാനുള്ള നിശ്ചിത ഭാഗം വിട്ട് ബാക്കിയുള്ള പാതയോരം മുഴുവന്‍ വളരെ ഭംഗിയായി അതാതു പ്രദേശത്തിന്റെ പ്രകൃതിക്കും ജനജീവിതത്തിനും അനുയോജ്യമായി ഒരു കലാസൃഷ്ടി പോലെ വികസിപ്പിക്കുന്നതിനെയാണ് അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. ബസ് ബേകള്‍, വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേകം ഭാഗങ്ങള്‍, വാഹനങ്ങള്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകളും തണല്‍ നല്‍കുന്ന കലാപരവും പ്രകൃതിക്കനുയോജ്യവുമായ പച്ചപ്പുകള്‍, വാട്ടര്‍ ഫൗണ്ടന്‍, ചെറിയ പുല്‍പ്പരപ്പുകള്‍, ഇലക്‌ട്രോണിക് ടോയ്‌ലറ്റുകള്‍, മിനി ഉദ്യാനങ്ങള്‍, വാഹന പാര്‍ക്കിങ് ഏരിയ എന്നിവ അടങ്ങിയതാണ് ഡിസൈന്‍.

ഇരിട്ടി ടൗണിനെ സംബന്ധിച്ച് ഇത്തരം മാതൃകകള്‍ക്കു അനുകൂലമായ വിവിധ ഘടകങ്ങളുണ്ട്. ടൗണിലെ പ്രധാന പാതയ്ക്ക് 30 മുതല്‍ 60 വരെ മീറ്റര്‍ വരെ വീതിയുള്ളതാണ് ഇതില്‍ ഏറ്റവും അനുകൂല ഘടകം. ഇരിട്ടി ടൗണ്‍ വികസനത്തില്‍ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ കെഎസ്ടിപിക്ക് നേരത്തേ കത്തും ലോകബാങ്കിന്റെ റോഡ് സുരക്ഷാ വിദഗ്ധന്‍ സോണി തോമസ് നല്‍കിയ ശുപാര്‍ശയും അംഗീകരിച്ചാണ് നടപടി. രൂപരേഖ തയ്യാറാക്കാനായി കെഎസ്ടിപിയാണ് ഈ രംഗത്തെ വിദഗ്ധന്‍ ടോണി മാത്യുവിന്റെ സഹായം തേടിയത്. ബുധനാഴ്ച നടന്ന യോഗത്തില്‍ സോണി തോമസും കണ്‍സല്‍ട്ടന്‍സി കമ്പനി റസിഡന്റ് എന്‍ജിനിയര്‍ ശശികുമാറും പങ്കെടുത്തു.




Next Story

RELATED STORIES

Share it