Kannur

നിര്‍മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം

നിര്‍മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം
X

പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്‌സിലെ കക്കറക്കല്‍ ഷമല്‍- അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് മരിച്ചത്. പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടി ടാങ്കിനുള്ളില്‍ വീണത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്കിലാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാര്‍ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ കുട്ടി മരിക്കുകയായിരുന്നു.

ഒമ്പത് അടിയോളം താഴ്ചയുള്ള ടാങ്കില്‍ മഴമൂലം വെള്ളം നിറഞ്ഞിരുന്നു. ടാങ്കിന് സ്ലാബില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. കുട്ടി ടാങ്കിന്റെ സമീപത്തേക്ക് പോയത് വീട്ടുകാര്‍ കണ്ടിരുന്നില്ല. അബദ്ധത്തില്‍ കുട്ടി ടാങ്കില്‍ വീണതാവാമെന്ന അനുമാനത്തിലാണ് പോലിസ്. വീടിന് സമീപത്തെ മതില്‍ പൊളിച്ച് നീക്കിയിരുന്നതിനാല്‍ അതിലൂടെയാണ് ടാങ്കിന് അരികിലേക്ക് നടന്നുപോയതെന്നാണ് സംശയം. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഗുരുതര നിലയില്‍ ടാങ്കില്‍ വീണുകിടക്കുന്നത് കണ്ടത്.

ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയ്ക്കിടെ ഇന്ന് പുലര്‍ച്ചെ 12.45 ഓടെ മരണപ്പെടുകയായിരുന്നു. പയ്യന്നൂര്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കുട്ടി ടാങ്കില്‍ വീണുകിടക്കുന്നത് കണ്ട മാതാവ് സംഭവസ്ഥലത്ത് ബോധരഹിതയായി വീണു. ഇവരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിച്ചു. സൈനിക ഉദ്യോഗസ്ഥനായ പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it