Sub Lead

വ്യാജവാര്‍ത്ത; മനോരമയ്ക്ക് തിരിച്ചടി; ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് പത്തുലക്ഷം നഷ്ടപരിഹാരം നല്‍കണം

വ്യാജവാര്‍ത്ത; മനോരമയ്ക്ക് തിരിച്ചടി; ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് പത്തുലക്ഷം നഷ്ടപരിഹാരം നല്‍കണം
X

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മലയാള മനോരമയ്ക്ക് കോടതിയില്‍ വന്‍ തിരിച്ചടി. പി കെ ഇന്ദിരയ്ക്ക് എതിരെ നല്‍കിയത് വ്യാജവാര്‍ത്തയാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മനോരമ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ആറ് ശതമാനം പലിശയും കോടതിച്ചെലവും സഹിതം നല്‍കണമെണും കണ്ണൂര്‍ സബ്‌കോടതിയുടെ ഉത്തരവില്‍ പറയുന്നു.

കെറോണ സമയത്ത് ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ 'മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് എത്തി ലോക്കര്‍ തുറന്നു' എന്ന തലക്കെട്ടില്‍ മനോരമ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്നും കാട്ടി ജയരാജന്റെ ഭാര്യ ഇന്ദിര കോടതിയെ സമീപിച്ചിരുന്നു. 2020 സപ്തംബര്‍ 14നാണ് മനോരമ വാര്‍ത്ത നല്‍കിയത്.

'ലൈഫ് മിഷന്‍ കമ്മീഷന്‍ കിട്ടിയത് മന്ത്രി പുത്രനും' എന്ന തലക്കെട്ടില്‍ സപ്തംബര്‍ 13ന് മനോരമ മറ്റൊരു വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മന്ത്രിയുടെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ബ്രാഞ്ചിലെത്തി ലോക്കര്‍ ഇടപാട് നടത്തിയത് ഇ ഡി അന്വേഷിക്കുന്നു എന്നായിരുന്നു 14ന് നല്‍കിയ വാര്‍ത്ത. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ലോക്കറില്‍ നിന്നും പേരക്കുട്ടിയുടെ സ്വര്‍ണം ജന്മദിനാവശ്യത്തിന് എടുക്കാനായിരുന്നു ഇന്ദിര ബാങ്കിലെത്തിയത്. ഇതിനെ നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കുകയായിരുന്നു മനോരമ.

മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യു, റിപ്പോര്‍ട്ടര്‍ കെ പി സഫീന എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അഭിഭാഷകരായ പി യു ശൈലജന്‍, എം രാജഗോപാലന്‍ നായര്‍ എന്നിവര്‍ ഇന്ദിരയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.






Next Story

RELATED STORIES

Share it