Kannur

കീഴാറ്റൂര്‍ ബൈപാസ്: ബിജെപിക്കെതിരേ വയല്‍കിളികളും സിപിഎമ്മും

ബിജെപിയും സിപിഎമ്മും ഒരുപോലെ വഞ്ചിച്ചെന്നും തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വയല്‍കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

കീഴാറ്റൂര്‍ ബൈപാസ്: ബിജെപിക്കെതിരേ വയല്‍കിളികളും സിപിഎമ്മും
X

കണ്ണൂര്‍: കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപാസിനു നിര്‍ദേശം നല്‍കിയതോടെ വയല്‍ക്കിളി പ്രവര്‍ത്തകരും സിപിഎമ്മും ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. ബിജെപി തനി സ്വഭാവം കാണിച്ചു. ബിജെപിയും സിപിഎമ്മും ഒരുപോലെ വഞ്ചിച്ചെന്നും തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വയല്‍കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഒരു നോട്ടിഫിക്കേഷന്‍ കടലാസ് കൊണ്ട് സമരം അവസാനിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. വരും നാളുകളില്‍ സമരത്തിന് സഖാക്കള്‍ തന്നെ ഇറങ്ങാതിരിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ മതിയെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

അതേസമയം, അലൈന്‍മെന്റ് മാറ്റുമെന്ന് കള്ളപ്രചാരണവും വാഗ്ദാനവും നല്‍കി വയല്‍ക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപി വഞ്ചിച്ചതായി സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി വഞ്ചിച്ചെന്ന് വയല്‍ക്കിളികള്‍ കേരളത്തോട് തുറന്ന് സമ്മതിക്കണം. ഒരു വികസനവിഷയത്തെ സംഘപരിവാര്‍ ഒരു വശത്തും ജമാഅത്തെ ഇസ്്‌ലാമി മറുവശത്തും നിന്ന് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും പുതിയ അധ്യായമാണിത്. പാരിസ്ഥിതികാഘാതപഠനമുള്‍പ്പടെ എല്ലാം നടത്തിയ ശേഷമാണ് കീഴാറ്റൂരില്‍ ബൈപ്പാസ് അലൈന്‍മെന്റ് നിശ്ചയിച്ചത്. എന്നാല്‍ ബിജെപിയുടെ പ്രചാരണം ഈ അലൈന്‍മെന്റ് മാറ്റുമെന്നായിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി വയല്‍ക്കിളികള്‍ക്ക് സംഘപരിവാര്‍ പിന്തുണ നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിയ്ക്കാനുള്ളതല്ലെന്ന ബിജെപിയുടെ നിലപാട് വീണ്ടും തെളിയിക്കപ്പെട്ടു. കീഴാറ്റൂരില്‍ ഭൂരിഭാഗം ജനങ്ങളും ബൈപാസിനെതിരല്ല. പാര്‍ട്ടിയോട് അനുഭാവമുള്ള പലരും കാര്യങ്ങള്‍ മനസ്സിലാക്കി ഭൂമി വിട്ടു നല്‍കാന്‍ സമ്മതിച്ചതാണ്. വയല്‍ക്കിളികളുടെ നേതൃത്വത്തിലുള്ള ചിലര്‍ മാത്രമാണ് സമരത്തില്‍ തുടരുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it