Idukki

കനത്ത മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, ഷട്ടര്‍ വീണ്ടും ഉയര്‍ത്തും

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്

കനത്ത മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, ഷട്ടര്‍ വീണ്ടും ഉയര്‍ത്തും
X

ഇടുക്കി: ഇടുക്കിയില്‍ കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ന്നു. അതിവേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്. 10 മണിക്കൂര്‍ക്കൊണ്ട് ആറടിയിലധികം വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവു കൂട്ടും. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡില്‍ 10,000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.

രാവിലെ ഒന്‍പതു മണിയോടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാത്രിയും ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ശനിയാഴ്ച പകലില്‍ കാര്യമായ മഴ പെയ്തില്ലെങ്കിലും രാത്രിയോടെ മഴ കനത്തു. ഇതോടെ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് റൂള്‍കര്‍വിന് മുകളിലെത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് വെള്ളം ഒഴുക്കി വിട്ടു. ഈ വര്‍ഷം രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്നലെ പെയ്ത കനത്ത മഴയില്‍ കുമളി ടൗണിലടക്കം വെള്ളക്കെട്ട് രൂക്ഷമായി. ഒന്നാം മൈല്‍ ഭാഗത്തെ കടകളില്‍ വെള്ളം കയറി. ഒന്നാം മൈല്‍, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. തോടുകള്‍ കരകവിഞ്ഞതും ശക്തമായ മഴയില്‍ കുത്തിയൊലിച്ച് മലവെള്ളം എത്തിയതുമാണ് പലയിടത്തും വെള്ളം കയറാന്‍ കാരണമായത്. കുമളി പത്തുമുറി റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനസ്ഥാപിച്ചു. നെടുങ്കണ്ടം മേഖലയില്‍ രാത്രിയിലും ശക്തമായ മഴ പെയ്തു.

Next Story

RELATED STORIES

Share it