Ernakulam

കാലവര്‍ഷം കനത്തു; കാറ്റിലും മഴയിലും എറണാകുളത്ത് വന്‍ നാശം

മൂന്ന് ഡാമുകള്‍ നാളെ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍, മൂവാറ്റുപുഴയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകളാണ് നാളെ തുറക്കുന്നത്.

കാലവര്‍ഷം കനത്തു; കാറ്റിലും മഴയിലും എറണാകുളത്ത് വന്‍ നാശം
X

കൊച്ചി: കാലവര്‍ഷം ശക്തമായതോടെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍, മൂവാറ്റുപുഴയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകളാണ് നാളെ തുറക്കുന്നത്. ഇന്ന് വീശിയടിച്ച കാറ്റില്‍ മരം വീണ് പെരുമ്പാവൂരിലും ഉദയംപേരൂരിലും രണ്ട് വീതം വീടുകള്‍ തകര്‍ന്നു. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ആലുവ അമ്പാട്ട്കാവിലും എറണാകുളം നഗരത്തിലും വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.പെരുമ്പാവൂരില്‍ വീടുകള്‍ തകര്‍ന്നു. വന്‍ തോതില്‍ കൃഷി നാശവും സംഭവിച്ചു.കാറ്റില്‍ മരം വീണ് കോടനാട് വിലാസിനി, കുറ്റിച്ചില ബാബു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മേഖലയില്‍ വ്യാപകമായി കാര്‍ഷിക വിളകളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്.

വിലാസിനിയുടെ വീടിന്റെ മുകളിലേയ്ക്ക് തെങ്ങും മരങ്ങളും മറിഞ്ഞു വീണു. അപകടത്തിന് തൊട്ടുമുമ്പാണ് വിലാസിനി വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. വിധവയായ വിലാസിനി ഒറ്റയ്ക്കാണ് താമസം. ചിറയത്ത് ആന്റണിയുടെ 300 കുലച്ച വാഴകളും മഞ്ഞളി ആന്റു, ജോസ് എന്നിവരുടെ 200 ഏത്തവാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. മൂനാടന്‍ സന്തോഷിന്റെ പുരയിടത്തിലെ പുളിമരം, വട്ട എന്നിവയും മറിഞ്ഞു വീണു. മൂനാടന്‍ തങ്കമ്മയുടെ പറമ്പിലെ വാഴകളും വട്ട മരങ്ങളും നിലംപൊത്തി. മയൂരപുരം കോമത്ത് ആനന്ദന്റെ റബ്ബര്‍ മരങ്ങളും കാറ്റില്‍ മറിഞ്ഞു വീണു. കാറ്റിലും മഴയിലും മരം വീണ് ഉദയംപേരൂരില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഉള്ളാടം വെളിമാര്‍ക്കറ്റിന് സമീപം പട്ടികവര്‍ഗ കോളനിയിലെ അനില്‍കുമാര്‍, സുകുമാരന്‍ എന്നിവരുടെ വീടുകളാണ്. തകര്‍ന്നത് വീട്ടുകാര്‍ അകത്ത് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നത് കൂടാതെ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നും ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it