Ernakulam

കേരള നിയോകോണ്‍-2019 സില്‍വര്‍ ജൂബിലി സമ്മേളനം 11 മുതല്‍ കൊച്ചിയില്‍

കേരള നിയോകോണ്‍-2019   സില്‍വര്‍ ജൂബിലി സമ്മേളനം   11 മുതല്‍ കൊച്ചിയില്‍
X

കൊച്ചി: നവജാത ശിശുരോഗ വിദഗ്ദരുടെ സംഘടനയായ നാഷണല്‍ നിയോനേറ്റോളജി ഫോറം കേരള ചാപ്റ്ററിന്റെ സില്‍വര്‍ ജൂബിലി സമ്മേളനം കേരള നിയോകോണ്‍ ജനുവരി 11 മുതല്‍ 13 വരെ കൊച്ചി ഐഎംഎ ഹൗസില്‍ നടക്കും. ഹെല്‍ത്തി ബേബി, ബ്രൈറ്റര്‍ ടുമോറോ എന്ന ആശയത്തിലൂന്നിയ സമ്മേളനം നാഷനല്‍ നിയോനേറ്റോളജി ഫോറം (എന്‍എന്‍എഫ്), ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) കൊച്ചി ശാഖയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

കേരള നിയോകോണ്‍ 2019ന്റെ ഉദ്ഘാടനം രണ്ടാം ദിവസമായ 12ന് എന്‍എന്‍എഫ് അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി പി ഗോസ്വാമി നിര്‍വഹിക്കും. ചടങ്ങില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഡോക്ടര്‍ ഓഫ് സയന്‍സ് (ഡിഎസ്‌സി) എന്ന ബിരുദംകൂടി കരസ്ഥമാക്കിയ മുന്‍ എന്‍എന്‍എഫ്, ഐഎപി പ്രസിഡന്റും, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറുമായ പ്രഫ.ഡോ.എ കെ സി നായരെ ആദരിക്കും. ഐഎപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ.രമേഷ് കുമാര്‍ സമ്മേളന സുവനീര്‍ പ്രകാശനം ചെയ്യും.

തെക്കേ ഇന്ത്യയിലെ 400ല്‍പരം നവജാത ശിശുരോഗ വിദഗ്ദര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആദ്യദിനമായ 11ന് നവജാത ശിശുക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത നിയോനേറ്റല്‍ റിസസിറ്റേഷന്‍ പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ള ശില്‍പശാല നടക്കും.

12ന് നവജാത ശിശുപരിപാലനത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള ശില്‍പശാലകള്‍ രാവിലെ 8മുതല്‍ 12 വരെ നടക്കും. നവജാത ശിശു ചികില്‍സാ രംഗത്തുള്ള നൂതന പ്രവണതകളെയും, പുതിയ കണ്ടുപിടുത്തങ്ങളെയും കുറിച്ച് ചര്‍ച്ചകളും, പോസ്റ്റര്‍ പ്രസന്റേഷനുകളും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ അവതരണങ്ങളും, ക്വിസ് പ്രോഗ്രാമുകളും ഉണ്ടാകും. സമ്മേളനത്തില്‍ നവജാത ശിശുമരണ നിരക്ക് കുറയ്ക്കാനുള്ള നൂതന ആശയങ്ങള്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ടി വി രവി, സെക്രട്ടറി ഡോ.വി എഫ് ജോണി സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ.റോജോ ജോയി എന്നിവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it