Ernakulam

പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം; വിലക്ക് നേരിട്ട വിദ്യാര്‍ഥിനി ആ സ്‌കൂളിലേക്കില്ല, ടിസി വാങ്ങും

പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം; വിലക്ക് നേരിട്ട വിദ്യാര്‍ഥിനി ആ സ്‌കൂളിലേക്കില്ല, ടിസി വാങ്ങും
X

എറണാകുളം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി ആ സ്‌കൂളിലേക്ക് ഇനിയില്ല. സ്‌കൂളില്‍ നിന്ന് ടിസി വാങ്ങും. കുട്ടിക്ക് സ്‌കൂളില്‍ തുടരാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ്. മകള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികള്‍ക്ക് ഭീതിയും ഭയവുമാണെന്നാണ്. അങ്ങനെ പറയുന്ന സ്‌കൂളില്‍ ഇനി മകളെ വിടാനാവില്ല.

അഡ്മിഷനായി സ്‌കൂളില്‍ പോകുമ്പോള്‍ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്നുള്‍പ്പെടെയുള്ള ഒരു കാര്യവും പറഞ്ഞിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവിടെ അഡ്മിഷനെടുക്കുമായിരുന്നില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. പേടിയും പനിയും വന്ന് മകള്‍ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുള്‍പ്പെടെ താന്‍ പരാതി നല്‍കുകയും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകള്‍ക്ക് ഹിജാബ് ധരിച്ച് പോകാന്‍ മാനേജ്മെന്റ് അനുവദിക്കുന്നില്ല.

സംഭവത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഹിജാബ് വിവാദത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും പ്രതികരിച്ചതെന്നും സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട. ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.

സെന്റ് റീത്താസ് സ്‌കൂള്‍ നിയമാവലിയില്‍ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്നായിരുന്നു എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപോര്‍ട്ട്. എന്നാല്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ട് സത്യവിരുദ്ധമാണെന്നായിരുന്നു സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിന്റെ പ്രതികരണം. ഈ മാസം ഏഴിനാണ് സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടിയെ സ്‌കൂള്‍ വിലക്കിയത്. ഇതിനുപിന്നാലെ കുടുംബം പരസ്യമായി സ്‌കൂളിനെതിരെ രംഗത്ത് വന്നിരുന്നു. വിഷയം സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുകയും വിദ്യാഭ്യാസ മന്ത്രി ഇടപെടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it