Ernakulam

ഹിജാബ് വിലക്ക്; സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു

അവിടെ എന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് ഗുണകരമാവില്ലെന്ന് കുട്ടികളുടെ മാതാവ്

ഹിജാബ് വിലക്ക്; സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു
X

കൊച്ചി: ഹിജാബ് വിലക്കിനു പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ടിസി വാങ്ങുന്നു. തന്റെ രണ്ട് മക്കളെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെന്നും ടിസിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും രക്ഷിതാവായ ജെസ്ന ഫിര്‍ദൗസ് ഫേസ്ബുക്ക് കുറിച്ചു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം തങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. താന്‍ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്.

മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാര്‍ഥിനിയോട് ഈ രീതിയില്‍ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ തന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് തങ്ങള്‍ കരുതുന്നുവെന്നും ജെസ്ന പറഞ്ഞു.

ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുന്നത്. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിനുള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവര്‍ ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് മക്കള്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജെസ്ന പറഞ്ഞു.

Next Story

RELATED STORIES

Share it