Ernakulam

മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം; സിപിഎം നേതാവ് എം ജെ ഫ്രാന്‍സിസിനെതിരേ കേസെടുത്തു

മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം; സിപിഎം നേതാവ് എം ജെ ഫ്രാന്‍സിസിനെതിരേ കേസെടുത്തു
X

കൊച്ചി: മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എം ജെ ഫ്രാന്‍സിസിനെതിരേ കേസെടുത്തു. മൂവാറ്റപുഴ പോലിസാണ് കേസ്സെടുത്തത്. എസ്ഡിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഇബ്‌റാഹിം ചിറക്കല്‍ നല്‍കിയ പരാതിയിലാണ് കേസ്. സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമാണ് എം ജെ ഫ്രാന്‍സിസ്. പ്രതിക്ക് മുസ് ലിം സമുദായത്തെ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി സമുദായങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ഫെയ്‌സ്ബൂക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. ഫ്രാന്‍സിസ് കഴിഞ്ഞ ദിവസമാണ് മുസ്ലിംകള്‍ക്കെതിരായി വര്‍ഗീയ പരാമര്‍ശം നടത്തിയത്.


സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിംകള്‍ക്കാണ് എന്നായിരുന്നു പരാമര്‍ശം. സംഭവം ചര്‍ച്ചയായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു. കെ ടി ജലീലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ക്ക് ഫ്രാന്‍സിസ് വര്‍ഗീയ കമന്റ് ഇടുകയായിരുന്നു.

''ഈ സമൂഹത്തില്‍ ഏറ്റവും ക്രിമിനല്‍ സ്വഭാവമുള്ളത് മുസ് ലിംങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി അഞ്ച് നേരം പ്രാര്‍ത്ഥിച്ചാല്‍ മതി, അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി മുഴുവന്‍ നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്''-എന്നായിരുന്നു കമന്റ്.

ഫ്രാന്‍സിസിനെ തള്ളി സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസിന്റെ കമന്റ് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ വര്‍ഗീയശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കി.പരാമര്‍ശം സിപിഎം നിലപാട് അല്ലെന്നും ആര്‍എസ്എസിന്റെയും കാസയുടെയും ആശയങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വശംവദരാകരുതെന്നും നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.വിഷയത്തില്‍ ഫ്രാന്‍സിസിനോട് വിശദീകരണം തേടുകയും ചെയ്തു.

ഇതിനുപിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു.

''പ്രിയ സുഹൃത്തുക്കളെ,

ഞാന്‍ കഴിഞ്ഞ ദിവസം സഖാവ് കെ ടി ജലീല്‍ എംഎല്‍എയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സഖാവ് ശിവശങ്കരന്‍ ഷെയര്‍ ചെയ്തതില്‍ രേഖപ്പെടുത്തിയ കമന്റ് മുസ് ലിം മത വിഭാഗത്തെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയില്‍ ആയത് തീര്‍ത്തും തെറ്റായിപ്പോയി. ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവന്‍ പേരോടും ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു .

ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയില്‍ എന്നില്‍ നിന്നും ഉയര്‍ന്നുവന്ന ഈ കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതുമൂലമാണ്.ഞാന്‍ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാര്‍ട്ടി നിലപാടിന് വിപരീതമായ നിലയില്‍ കമന്റ് വന്നതില്‍ ഞാന്‍ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു''.




Next Story

RELATED STORIES

Share it