Alappuzha

മാധ്യമപ്രവര്‍ത്തകനു നേരെ പോലിസ് ഭീഷണിയെന്ന് പരാതി

മാധ്യമപ്രവര്‍ത്തകനു നേരെ പോലിസ് ഭീഷണിയെന്ന് പരാതി
X

ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് എട്ടുവയസ്സുകാരി ഉള്‍പ്പെട്ട നാടോടി സംഘത്തെ ഒരു സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ വാര്‍ത്ത നല്‍കിയതിനു മാധ്യമപ്രവര്‍ത്തകനു നേരെ പോലിസ് ഭീഷണിയെന്ന് പരാതി. കെജെയു അംഗവും മാധ്യമം അമ്പലപ്പുഴ ലേഖകനുമായ അജിത്ത് അമ്പലപ്പുഴയ്ക്കു നേരെയാണ് ഭീഷണിയുണ്ടായതെന്ന് ചൂണ്ടിക്കാട്ടി കേരള ജേണലിസ്റ്റ് യൂനിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി.

പുന്നപ്ര പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ ഭാഗത്ത് നിന്നാണ് ഭീഷണിയെന്നും വിഷയത്തില്‍ ഇടപെട്ട് നടപടിയെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുട്ടിയുമായി പുന്നപ്ര സ്‌റ്റേഷനില്‍ അഭയംതേടിയ നാടോടി സംഘത്തിന് പോലിസ് വേണ്ട പരിഗണന നല്‍കിയിരുന്നില്ലെന്ന് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയുടെ പിതാവുമായി സംസാരിക്കുന്ന ചിത്രം പകര്‍ത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് മുതല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായ യഹിയ സഭ്യത വിട്ട് പെരുമാറിയെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് പൊതുപ്രവര്‍ത്തകരുടെയും മുന്നില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. പിന്നീട് വാര്‍ത്ത നല്‍കുന്നതിനെതിരെ പലവിധ സമ്മര്‍ദ്ദങ്ങള്‍ ചില പൊതുപ്രവര്‍ത്തകര്‍ മുഖാന്തിരം സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ ഭാഗത്ത് നിന്നുണ്ടായി. ഇത് പരിഗണിക്കാതെ വാര്‍ത്ത വന്നതോടെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹം താമസിക്കുന്ന സ്ഥലത്തേക്ക് വിളിപ്പിച്ചതനുസരിച്ച് പോയപ്പോഴും അപമര്യാദയായി പെരുമാറി.

നിന്നെ നോക്കിയിരിക്കുകയായിരുന്നു, നിനക്കൊരു പണിതരാനിരിക്കുകയായിരുന്നു എന്ന് തുടക്കത്തില്‍ തന്നെ സി ഐ പറഞ്ഞതോടെ അജിത്ത് മടങ്ങാന്‍ ഒരുങ്ങി. അപ്പോള്‍ നീ പോകുന്നത് ഒന്ന് കാണണം എന്ന് പറഞ്ഞ് സി.ഐ ഗേറ്റ് അടച്ചെന്നും പോലിസിനെതിരേ വാര്‍ത്ത നല്‍കിയെന്ന കാരണത്താല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് വനിതാപോലീസിനോട് അപമര്യാദയായി സംസാരിച്ചെന്ന് വ്യാജമായ ആക്ഷേപവും ഉന്നയിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം വനിത പോലിസിനെയും മൂന്ന് പോലിസുകാരെയും അവിടേക്ക് വിളിച്ചുവരുത്തിയ ശേഷം അവരുടെ മുന്നില്‍ വച്ചും എന്നെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചു. സേനയ്ക്കു കളങ്കമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നും കേരള ജേണലിസ്റ്റ് യൂനിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Complaint against police threatened the journalist


Next Story

RELATED STORIES

Share it