Movies

ഇല വീഴാപൂഞ്ചിറ: കാഴ്ചക്കപ്പുറം മനസ്സില്‍ കോറിയിടുന്ന അദൃശ്യജീവിതങ്ങളുടെ പെരുമഴപ്പെയ്ത്ത്

കഥാപാത്രങ്ങളുടെ ഒരോ ചെറുനിശ്വാസങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കുന്നുണ്ട്. തീയറ്റര്‍ വിടുമ്പോഴേക്കും പതിയെ പതിയെ സിനിമ പ്രേക്ഷകനിലേക്ക് അരിച്ചിറങ്ങാന്‍ തുടങ്ങും

ഇല വീഴാപൂഞ്ചിറ: കാഴ്ചക്കപ്പുറം മനസ്സില്‍ കോറിയിടുന്ന അദൃശ്യജീവിതങ്ങളുടെ പെരുമഴപ്പെയ്ത്ത്
X

ലയാള സിനിമയില്‍ ഹൈറേഞ്ച് ലോക്കേഷനായിട്ട് അധികകാലമായിട്ടില്ല. ഓര്‍ഡിനറയില്‍ തുടങ്ങുന്ന ആ കാഴ്ച മലയാള സിനിമയുടെ പൊതു സ്വഭാവത്തെ തന്നെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു. ദൃശ്യ ചാരുതയ്ക്കപ്പുറം റിയലിസ്റ്റിക്കായ കഥ കൂടിയായപ്പോള്‍ ഹൈറേഞ്ച് പശ്ചാത്തലമാക്കി തൊടുത്തു വിട്ട സിനിമകള്‍ മലയാളി നെഞ്ചോട് ചേര്‍ത്ത് വച്ചു എന്നു തന്നെ പറയാം.

തീയറ്റര്‍ വിടുമ്പോഴേക്കും പതിയെ പതിയെ സിനിമ പ്രേക്ഷകനിലേക്ക് അരിച്ചിറങ്ങും; അതാണ് ഷാഹി കബീര്‍ സംവിധാനം ചെയ്ത ഇലവീഴാ പൂഞ്ചിറ. സിനിമയുടെ തുടക്കം മുതല്‍ നിഗൂഢമായ എന്തോ എന്ന് ഒളിപ്പിച്ച് വെച്ച മട്ടില്‍, കഥാപാത്രങ്ങളുടെ ഒരോ നിശ്വാസങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കുന്നുണ്ട്.


കുന്നില്‍ മുകളിലെ പോലിസ് വയര്‍ലെസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന രണ്ട് പോലിസുകാരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അധികം വലിച്ച് നീട്ടലുകളില്ലാതെ നേര്‍ക്ക് നേരെ കഥ പറയുന്ന ശൈലിയാണ് സംവിധായകന്‍ ഷാഹി കബീര്‍ സ്വീകരിച്ചിരിക്കുന്നത്. മധു (സൗബിന്‍ ഷാഹിര്‍)എന്ന നായകന്‍ താന്‍ അഭിനയിക്കുകയല്ല, ജീവിയ്ക്കുകയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ഇല വീഴാപൂഞ്ചിറയിലെ പോലിസുകാരന്‍.

അധ്യാപികയായ ഭാര്യയുമായി ചെറിയ പിണക്കങ്ങളുള്ളയാളാണ് മധു. വിവാഹം കഴിഞ്ഞ എട്ടു വര്‍ഷമായിട്ടും കുട്ടികളില്ല. കുട്ടികളുണ്ടാകാത്തതിന് കാരണം തന്റെ ബലഹീനതയാണെന്ന് മധുവിന് അറിയാം.

ഇനിയും ഇത് താങ്കളില്‍ നിന്ന് മറച്ചുവയ്ക്കാനികില്ലെന്നും മറ്റൊരാളില്‍ താന്‍ നാലുമാസം ഗര്‍ഭിണിയാണെന്നും കുറിപ്പെഴുതി വീട്ടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന ഭാര്യയെയാണ് സൗബിന്‍ കാണുന്നത്. കുറിപ്പടി പുറത്തറിഞ്ഞാലുള്ള മാനസിക പ്രയാസം മൂലം അയാള്‍ വീട്ടിനുള്ളില്‍ തൂങ്ങിയ ഭാര്യയെ അഴിച്ച് താഴെയിറക്കി ചെറുകക്ഷണങ്ങളാക്കി കുഴിച്ചിടുകയാണ്. പോലിസുകാരനിലെ കുറ്റകൃത്യ വാസനപോലെ ഉയരുന്നുണ്ട് അയാളുടെ അപ്പോഴത്തെ മനോനില.


ഇതിനൊപ്പം കക്ഷണങ്ങളാക്കിയ ശരീരത്തില്‍ കുറച്ച് തന്റെ അന്തകനായ സുഹൃത്തിന് പാകം ചെയ്തു കൊടുക്കുന്നുണ്ട്്. ഉള്ളിലെ തീ പുറത്ത് കാട്ടാതെ ഉറച്ചമനുഷ്യനായി നിന്നാണ് അയ്യാള്‍ക്ക് ആ മാംസം പാകം ചെയ്ത് തീറ്റിക്കുന്നത്. ഒടുവില്‍ കുറ്റസമ്മതവേളയില്‍ ആ മാംസം അയാളില്‍ അസ്‌ക്യത ഉണ്ടാക്കുന്നുണ്ട്.

സുഹൃത്ത് സുധിയുടെ (സുധി കോപ്പ) ഉള്ളിലെ ക്രൂരനെ തിരിച്ചറിഞ്ഞിട്ടും അറിയാമട്ടില്‍ ജീവിക്കുന്ന മധു ഒരു അതുല്യ നടന്റെ തലത്തിലേക്ക് ഉയരുന്നുണ്ട്. കൊലച്ചുരുള്‍ അഴിക്കാതെ പ്രേക്ഷകനെ ഉദ്യോഗത്തിന്റെ മുള്‍മുനയിലെത്തിക്കുന്ന സംവിധാന മികവ് അഭിനന്ദനാര്‍ഹം തന്നെയാണ്. ആത്മഹത്യയും അതേ തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തമെന്ന് പറയാം.

നായകന്റെ നീക്കങ്ങള്‍ ആദ്യാവസാനം വരെ ആര്‍ക്കും പിടികൊടുക്കാത്ത വല്ലാത്തൊരു അപരിചിതത്വവും നിഗൂഢതയുമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

കുന്നില്‍മുകളിലെ വയര്‍ലെസ് സ്‌റ്റേഷന്‍ തന്നെ പുതുമയുള്ള ഒരു വലിയ കാന്‍വാസായി കാഴ്ചക്കാരന് മുന്നിലുണ്ട്. വയര്‍ലസ് സ്റ്റേഷനെന്ന ആ ഇരുമ്പ്ക്കൂടാരം ഒരു രാജ്യാന്തര നിലവാരമുള്ള സിനിമയുടെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.

വിദൂര ദിക്കില്‍ ഏകാന്ത സേവനമനുഷ്ടിക്കുന്നവരുടെ തൊഴിലനുഭവം മലയാള സിനിമയില്‍ കൂടുതലായി സംഭവിച്ചിട്ടില്ല. മെബൈല്‍ ഫോണ്‍ റേഞ്ചുപോലുമില്ലാത്ത പലേടങ്ങളിലും മനുഷ്യര്‍ തൊഴിലെടുക്കുന്നുണ്ട്. ഗള്‍ഫ് നാടുകളിലുള്‍പ്പെടെ അത്തരം ഒറ്റപ്പെട്ട് തൊഴിലെടുക്കുന്നവരുടെ കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍, കേരളക്കരയില്‍ അങ്ങനെ ഒരു ഒറ്റപ്പെട്ടയിടത്തെ ജോലിയനുഭവം ചൂര് ചോര്‍ന്ന് പോകാതെ സ്‌ക്രീനിലെത്തിക്കുകയാണ് ഇലവീഴാപ്പൂഞ്ചിറയില്‍.


പല വിദേശ സിനിമകളിലും ഒറ്റപ്പെട്ട വരണ്ട ജീവിതം പ്രമേയമാക്കി വലിയ പ്രേക്ഷകവിജയം കൊയ്തിട്ടുണ്ട്. അവയുടെ ചുവട് പിടിച്ച് അസാധ്യ ദൃശ്യഭംഗി കൂടിയാകുമ്പോള്‍ കറുപ്പും വെളുപ്പുമെന്നപോലെ മനോഹരമാകുന്നു. ഭീതിയുടെ നിഴലിലും അനുഭൂതിയുടെ ദൃശ്യഭംഗി കൂടി സിനിമ പങ്കുവെയ്ക്കുന്നുണ്ട്.

ഒറ്റപ്പെട്ട് ജോലി ചെയ്യുന്നവന്റെ മനസ്സ് പോലെ കുടുംബവും ആകുന്നതിന്റെ വരള്‍ച്ച കൂടി സിനിമ പങ്കുവയ്ക്കുന്നുണ്ട്. ഒട്ടും സരസമല്ലാത്തൊരു പോലിസ് ജീവിതം സൗബിന്‍ അതിഭാവുത്വമൊന്നുമില്ലാതെ ജീവിച്ച് കാട്ടുന്നുണ്ട്. നായകനൊപ്പം അഭിനയ മുഹൂര്‍ത്തങ്ങളുള്ള സുധി കോപ്പ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

ക്ലൈമാക്‌സ് എങ്ങനെ എന്ന് കാഴ്ചക്കാരന്‍ നിശ്ചയിക്കുന്നതിലൂടെ ഒരു സിനിമ ആവറേജിന് താഴേക്ക് പതിക്കും. പക്ഷേ ഇവിടെ കഥയുടെ പോക്ക് ഒരിക്കലും പ്രേക്ഷകന് നിശ്ചയിക്കാന്‍ കഴിയാത്ത രൂപത്തില്‍ നിര്‍മ്മിച്ചെടുത്തിരിക്കുകയാണ്. അത്രയ്ക്ക് ശക്തമായിരുന്നു ഷാജി മാറാടും നിധീഷ് ജിയും തയ്യാറാക്കിയ തിരക്കഥ. ഷാജിയും നിധീഷും പോലിസുകാരായി ഇലവീഴാപൂഞ്ചിറയില്‍ സേവനമനുഷ്ടിച്ചിരുന്നു എന്നതും കഥയ്ക്ക് കൂടുതല്‍ ആഴവും പരപ്പുമുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പോലിസുകാരന്‍ കൂടിയായ സംവിധായകന്‍ ഷാഹി കബീറിന് പോലിസ് പ്രകൃതം സൃഷ്ടിച്ചെടുക്കുക പ്രയാസമായിരുന്നില്ലെന്ന് സിനിമ കാണുമ്പോള്‍ ബോധ്യം വരും.

ലോക്കേഷന്റെ മനോഹാരിതയെക്കുറിച്ച് പറയുമ്പോള്‍ തന്നെ കാലാവസ്ഥയും സിനിമയുടെ സൗന്ദര്യത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്ന ഘടകമാണ്. മഴയും മഞ്ഞും മാറിമാറിവരുന്ന കാലാവസ്ഥയും ഒരേ പോലെ അനുഭവിപ്പിക്കുന്ന മനേഷ് മാധവന്റെ കാമറ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ഭയവും വിഹ്വലതയും ഒക്കെ പ്രകൃതി സമ്മാനിക്കുമ്പോഴും ഭയത്തിനപ്പുറം പലതും സിനിമ പകരുന്നുണ്ട്.

Next Story

RELATED STORIES

Share it