Movies

ജാതീയതയ്‌ക്കെതിരേ ഉറക്കെ പറഞ്ഞ് 'ഭാരത സര്‍ക്കസ്'

ജാതീയതയ്‌ക്കെതിരേ ഉറക്കെ പറഞ്ഞ് ഭാരത സര്‍ക്കസ്
X

ദുബയ്: സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയ്‌ക്കെതിരേ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത 'ഭാരത സര്‍ക്കസ്' ഇന്ത്യയിലും യുഎഇയിലും വെള്ളിയാഴ്ച റിലീസായി. സിനിമയ്ക്ക് ഇതിനകം വന്‍ പ്രതികരണമാണുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലും പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളത്തിലും ഇന്നും ജാതീയത നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇത് പുറമെ നോക്കിയാല്‍ കാണില്ല. പലരുടെയും മനസ്സിലുള്ള ജാതീയത ഒരവസരം വന്നാല്‍ തലപൊക്കും.

ചില കാര്യങ്ങള്‍ പറയുമ്പോള്‍ അത് ജാതിയിലേക്കെത്തിയാല്‍ ഒന്ന് ഒതുക്കി, വളച്ചുകെട്ടിപ്പറയുന്ന രീതി ചിലര്‍ സ്വീകരിച്ചുകണ്ടിട്ടുണ്ട്. എന്നാല്‍, അത് ഏത് വിധത്തിലാണ് ബഹുജന സമൂഹത്തില്‍ പ്രതിഫലിക്കുന്നതെന്നത് നമുക്ക് മുന്നിലുള്ള അനുഭവ യാഥാര്‍ഥ്യമാണെന്നും സോഹന്‍ പറഞ്ഞു. ഉത്തരേന്ത്യയിലേത് പോലെ പ്രകടമായ ജാതി വ്യവസ്ഥ ഇവിടെയില്ലെങ്കിലും മനുഷ്യന്റെ മനസിന്റെയുള്ളില്‍ കട്ടപിടിച്ചുകിടക്കുന്ന ജാതീയത നാള്‍ക്കുനാള്‍ തെളിഞ്ഞുവരുന്നതാണ് കാണുന്നത്. പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കി സെന്‍സറിന് കൊടുത്തുകൂടേയെന്ന് ചിലര്‍ ചോദിച്ചു. സെന്‍സര്‍ കടന്നുകിട്ടുമോ എന്ന ആശങ്ക തങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു.

സമൂഹം എന്തുവിചാരിക്കുമെന്ന് നോക്കിയില്ലെന്നും ഈ പുഴുക്കുത്തിനെതിരേ പറയാനുള്ളത് ഉച്ചത്തില്‍ പറഞ്ഞെന്നും സോഹന്‍ കൂട്ടിച്ചേര്‍ത്തു. ജാതി വെറിയുള്ളവരെ തുറന്നുകാട്ടിയ സിനിമയാണിതെന്ന് മുഖ്യവേഷം കൈകാര്യം ചെയ്ത ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൊവിഡ് രൂക്ഷമായപ്പോഴും പ്രളയകാലത്തും ഈ ജാതിവെറി കണ്ടില്ല. ആ പ്രളയജലം ഒന്നു താഴ്ന്നപ്പോഴേക്കും അത് വീണ്ടും തലപൊക്കി. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതീയത കൊണ്ടുനടക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും അവരുണ്ടാക്കുന്ന ദുരിതം വലുതാണ്.

പേരിന്റെയറ്റത്തു നിന്നു ജാതി വാലെടുത്ത് കളഞ്ഞാലും മനസ്സിന്റെ ഉള്ളില്‍നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാന്‍ പറ്റാത്തവരാണ് നമുക്കുചുറ്റുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഏറെക്കാലം യുഎഇയില്‍ റേഡിയോ കലാകാരനായിരുന്ന മുഹാദ് വെമ്പായമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ബെസ്റ്റ് വേ എന്റെര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, സുധീര്‍ കരമന, പ്രജോദ് കലാഭവന്‍, ആരാധ്യ ആന്‍, ജോളി ചിറയത്ത് എന്നിവരും വേഷമിട്ടിട്ടുണ്ട്. സംവിധായകനും സിനിമയിലെ കഥാപാത്രവുമായ എം എ നിഷാദ്, നടന്‍ ബിനു പപ്പു, നിര്‍മാതാവ് അനൂജ് ഷാജി, നടിമാരായ മേഘ, അനു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it