History

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍: അഹിംസയുടെ ദീപം

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍: അഹിംസയുടെ ദീപം
X

സരിതാ മാഹിന്‍


50 വര്‍ഷം മുമ്പ് ഒരു ഏപ്രില്‍ 4നാണ് മനുഷ്യസ്‌നേഹത്തിന്റെയും അഹിംസയുടെയും മറ്റൊരു ദീപമണഞ്ഞത്. അമേരിക്കന്‍ നഗരമായ മെംഫിസിലെ ലോറെയ്ന്‍ മോട്ടലിലെ ബാല്‍ക്കണിയില്‍ വൈകീട്ട് 6.01ന് ജയിംസ് ഏള്‍ എന്ന വെള്ളക്കാരനായ കൊലയാളിയുടെ വെടിയേറ്റു മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ മരിക്കുമ്പോള്‍ അത് അമേരിക്കന്‍ അവകാശപോരാട്ടങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നില്ല. മറിച്ച് ലോകത്താകമാനമുള്ള അവകാശനിഷേധത്തിന് ഇരയാവുന്നവരുടെ പ്രസരിപ്പിനെ ഒരു നിമിഷമെങ്കിലും സ്തബ്ധമാക്കാന്‍ ആ കൊലപാതകത്തിനായി. എങ്കിലും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറില്ലാത്ത അരനൂറ്റാണ്ട് അതു വെറുതെയായില്ല; വ്യക്തിയേക്കാള്‍ അദ്ദേഹം മുറുകെപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും ആദര്‍ശവും ഒരു തോക്കിന്‍മുനയ്ക്കും കവര്‍ന്നെടുക്കാനാവുന്നതായിരുന്നില്ലല്ലോ!

സാംസ്‌കാരിക പശ്ചാത്തലം, ലഭ്യമായ മികച്ച വിദ്യാഭ്യാസം, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള തികഞ്ഞ അവബോധം എന്നിവയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറെ ഒരു മികച്ച പൗരബോധമുള്ള വ്യക്തിയാക്കിയത്. തത്ത്വശാസ്ത്രവും തിയോളജിയും പഠിച്ച് വൈദികനായി സേവനമനുഷ്ഠിക്കുകയായിരുന്ന മാര്‍ട്ടിന്‍ ലൂഥറിന് വലിയൊരു ജനമുന്നേറ്റത്തിനെ നയിക്കുക എന്ന ചരിത്രനിയോഗം ഏറ്റെടുക്കാന്‍ പ്രയാസമുണ്ടായില്ല. പക്ഷേ, ഇതൊന്നും സാധ്യമാവുമായിരുന്നില്ല റോസ പാര്‍ക്കര്‍ ബസ്സിലെ തന്റെ സീറ്റ് വെള്ളക്കാരന് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍, മോണ്ട് ഗോമെറിയിലെ ഡെക്‌സ്റ്റര്‍ അവന്യു പള്ളിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ കിങ് വിസമ്മതിച്ചിരുന്നുവെങ്കില്‍.

റവറന്റ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സീനിയറിന്റെയും ആല്‍ബര്‍ട്ട വില്യംസ് കിങിന്റെയും മകനായി 1929 ജനുവരി 15ന് അറ്റ്‌ലാന്റയിലായിരുന്നു ജനനം. വിദ്യാഭ്യാസകാലത്ത് മുഴുവനും നേരിട്ടത് അവകാശനിഷേധങ്ങളായിരുന്നു. കറുത്തവര്‍ക്കായുള്ള സ്‌കൂളില്‍ വിദ്യാഭ്യാസം, വെള്ളക്കാര്‍ക്കായി സൗകര്യങ്ങള്‍ വിട്ടുനല്‍കല്‍ തുടങ്ങി മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറും വംശവെറിയെന്തെന്നറിഞ്ഞാണു വളര്‍ന്നത്. റോസ പാര്‍ക്കറെ അറസ്റ്റ് ചെയ്തതോടെ 381 ദിവസം നീണ്ടുനിന്ന മോണ്ട് ഗോമെറി ബസ് ബോയ്‌ക്കോട്ടിന് കിങ് ആഹ്വാനം ചെയ്തു. വര്‍ണവിവേചനം ഭരണഘടനാ വിരുദ്ധമെന്നു സുപ്രിംകോടതി വിധിച്ചു. വംശവെറിക്കെതിരേ പ്രവര്‍ത്തിക്കാനായി സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സ്ഥാപിക്കാന്‍ പങ്കാളിയായി.

1963 ആഗസ്ത് 28ന് 'എനിക്കൊരു സ്വപ്‌നമുണ്ട്' എന്ന ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തി. ജോലിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മാര്‍ച്ചിലായിരുന്നു അത്. മൂന്നുലക്ഷം പേര്‍ പങ്കെടുത്തു.

''മനുഷ്യന്‍ അവന്റെ തൊലിയുടെ നിറമനുസരിച്ചല്ലാതെ അവന്റെ സ്വഭാവസവിശേഷത കൊണ്ട് അളക്കപ്പെടുന്ന ഒരു കാലത്തെയാണ് ഞാന്‍ സ്വപ്‌നം കാണുന്നത്.''

അടിച്ചമര്‍ത്തപ്പെട്ട ജനം എന്നും അടിച്ചമര്‍ത്തപ്പെട്ടവരായിരിക്കില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളി അത് ഫലപ്രാപ്തിയിലെത്തുക തന്നെ ചെയ്യും.''

മുപ്പത്തഞ്ചാം വയസ്സില്‍ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. കറുത്തവരുടെ വോട്ടവകാശത്തിനു വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി. വിയറ്റ്‌നാം യുദ്ധത്തെ നിശിതമായി വിമര്‍ശിച്ചു. ശുചീകരണത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് നഗരത്തിലെത്തിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ 1968 ഏപ്രില്‍ 4ന് വെടിയേറ്റു മരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it