- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാരിയന്‍കുന്നത്തിന്റെ ഭാര്യ മാളു ഹജ്ജുമ്മ
ചരിത്രപുരഷന്മാരെ നാം ഓര്‍ക്കുമെങ്കിലും അവരുടെ ഭാര്യമാര്‍ എവിടെയും രേഖപ്പെടുത്തുക പതിവില്ല. 1921 ലെ വിപ്ലവകാരിയായ വാരിയന്‍കുന്നത്തിന്റെ ഭാര്യ മാളു ഹജ്ജുമ്മയെ ഓര്‍ക്കുകയാണ് ബന്ധുവായ പറാട്ടി ഉമര്‍ ഹാജിയും ചെര്‍മല മുഹമ്മദും. ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളിലും പള്ളി ഭരണത്തിലും സജീവപങ്കാളിയായിരുന്ന ആ ധീര വനിത
കെ. എന്‍. നവാസ് അലി
മലബാറിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും അടയാളപ്പെടുത്തിയ ധീരതയുടെ അധ്യായങ്ങള്‍ ഏറെയുണ്ട്. എന്നാല്‍, ബ്രിട്ടിഷ് പട്ടാളത്തോട് ആയുധമേന്തി നേരിട്ട് പോരാടിയ ഒരു ഏറനാടന്‍ വനിതയുടെ പേര് അവിടെ അധികമായിട്ടൊന്നും കാണാനാവില്ല. തദ്ദേശീയ ചരിത്രകാരന്മാര്‍ വരെ മറന്നുപോയതോ അല്ലെങ്കില്‍ പ്രാധാന്യം തിരിച്ചറിയാത്തതിനാല്‍ പരാമര്‍ശിക്കാതെ വിട്ടുകളഞ്ഞതോ ആയിരിക്കാം കാരണം. രാജ്യം സ്വതന്ത്രമായതിനു ശേഷവും അവര്‍ മലപ്പുറം ജില്ലയില്‍, കരുവാരക്കുണ്ട് ഗ്രാമത്തില്‍ 10 വര്‍ഷത്തോളം ജീവിച്ചിരുന്നു. മലബാറിന്റെ സിംഹം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലപ്പുറം കോട്ടക്കുന്നിന്റെ ചരുവില്‍ ബ്രിട്ടിഷ് പട്ടാളക്കാരന്റെ തോക്കിനു മുന്നില്‍ വിരിമാറു കാട്ടി ധീരരക്തസാക്ഷിത്വം വരിച്ചതോടെ വിധവയായി തീര്‍ന്നതായിരുന്നു അവരുടെ ജീവിതം. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ മാളു ഹജ്ജുമ്മയെ അടയാളപ്പെടുത്തേണ്ടത് വാരിയന്‍കുന്നത്ത് തുടങ്ങിവച്ചതും തുടര്‍ന്നതുമായ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നു തന്നെയാണ്.
മാളു ഹജ്ജുമ്മയെ പോലെ ഒരു സ്ത്രീ ഈ നാട്ടില്‍ ജീവിച്ചിരുന്നു എന്നത് അദ്ഭുതങ്ങളിലേക്ക് വഴിനടത്തുന്ന കാര്യമാവുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. നേരിട്ടുള്ള ഏറ്റുമുട്ടലുകളിലൂടെ ബ്രിട്ടിഷ് പട്ടാളത്തിന് ഭീതി സൃഷ്ടിച്ച ഒരു മനുഷ്യനെ, ബ്രിട്ടിഷ് പട്ടാളത്തിന്റെ എല്ലാ സൈനിക ശക്തിയെയും വെല്ലുവിളിച്ച് പട്ടാള ക്യാംപുകള്‍ക്ക് മൈലുകള്‍ക്കകലെ മാത്രം സമാന്തര ഭരണകൂടം സ്ഥാപിച്ചു ധീരതയുടെ പര്യായമായ, അപകടങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള ഒരാളോട് പ്രണയം തോന്നുകയും പിന്നീട് വിവാഹത്തിലൂടെ അദ്ദേഹത്തിന്റെ ഭാര്യയായി തീരുകയും ചെയ്തു എന്നതില്‍ നിന്നു തുടങ്ങുന്നു മാളു ഹജ്ജുമ്മയുടെ വിപ്ലവ ജീവിതം.
അപൂര്‍വം ചില ചരിത്ര ഗ്രന്ഥങ്ങളില്‍ നേരിയ തോതില്‍ മാത്രം പരാമര്‍ശിച്ച മാളു ഹജ്ജുമ്മയുടെ വിവരങ്ങള്‍ തേടി അവരുടെ നാടായ കരുവാരക്കുണ്ട് കണ്ണത്ത് പ്രദേശത്താണ് എത്തിയത്. അവിടെ മാളു ഹജ്ജുമ്മയെ കണ്ട, അവരുടെ ഓര്‍മകള്‍ വ്യക്തമായി മനസ്സിലുള്ള ചെര്‍മല മുഹമ്മദ് എന്ന കുട്ടിയില്‍ നിന്നും മാളു ഹജ്ജുമ്മയുടെ സഹോദരന്റെ മകന്‍ പറാട്ടി മുഹമ്മദിന്റെ മകനായ ഉമര്‍ ഹാജിയില്‍ നിന്നുമാണ് അവരെ കുറിച്ചുള്ള വിവരങ്ങളിലേറെയും ലഭിച്ചത്.
മാളു ഹജ്ജുമ്മ 12 വയസ്സുകാരന്റെ ഓര്‍മകളില്‍
നല്ല നീളവും അതിനനുസരിച്ച തടിയുമുള്ള അസാധാരണ സ്ത്രീയായിരുന്നു ഹജ്ജുമ്മത്താത്ത. അവരെക്കുറിച്ച് ചെര്‍മല മുഹമ്മദ് എന്ന കുട്ടിക്ക് ആദ്യമുള്ള ഓര്‍മ ചീനിപ്പാടത്ത് കുന്നില്‍ചരുവില്‍ നിന്നു തെയ്യട്ടിക്കുന്നിലെ പണിക്കാരെ നീട്ടിവിളിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ മുഴക്കമാണ്. ചീനിപ്പാടം കഴിഞ്ഞുള്ള വയലിനുമക്കരെ തെയ്യട്ടിക്കുന്ന് വരെ ഹജ്ജുമ്മത്താത്ത വിളിച്ചാല്‍ കേട്ടിരുന്നു. മാളുമ്മത്താത്തയ്ക്ക് അന്ന് 60 വയസ്സെങ്കിലും പ്രായമുണ്ടായിരുന്നു. അന്ന് 12കാരനായ മുഹമ്മദ് മറ്റു കുട്ടികളെപ്പോലെ ഭയം കലര്‍ന്ന ബഹുമാനത്തോടെയാണ് ഹജ്ജുമ്മത്താത്തയെ കണ്ടിരുന്നത്. കുരുത്തക്കേട് കാണിച്ച് അലഞ്ഞുനടക്കുന്ന കുട്ടികള്‍ മാത്രമല്ല മുതര്‍ന്നവര്‍ പോലും ഹജ്ജുമ്മത്താത്തയെ ബഹുമാനിച്ചിരുന്നു. ഒരുതരം ഭയം കലര്‍ന്ന ബഹുമാനമായിരുന്നു അത്. ചീനിപ്പാടത്ത് നിന്നു കണ്ണത്തിലൂടെ കരുവാരക്കുണ്ടിലേക്ക് നടന്നുപോയിരുന്ന മാളു ഹജ്ജുമ്മയെ കാണുമ്പോള്‍ റോഡരികിലിരിക്കുന്നവര്‍ എഴുന്നേറ്റ് നില്‍ക്കുമായിരുന്നു. നീളന്‍ പെണ്‍കുപ്പായവും കാച്ചിത്തുണിയും വലിയ മക്കനയുമായിരുന്നു വേഷം. എല്ലായ്‌പ്പോഴും കൈയിലൊരു വടിയുണ്ടാവുമായിരുന്നു. അരയിലെ വീതിയുള്ള ബെല്‍റ്റും അതില്‍ തൂക്കിയിട്ട നല്ല മൂര്‍ച്ചുള്ള കത്തിയും അക്കാലത്ത് മറ്റൊരു സ്ത്രീയിലും കാണാത്തതായിരുന്നു. ചെറുപ്പത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബ്രിട്ടിഷുകാര്‍ക്കെതിരില്‍ ഏറ്റുമുട്ടിയ സമയത്തുണ്ടായിരുന്നതാണ് അരയില്‍ കത്തി കരുതുന്ന ശീലം. അക്കാലത്ത് കോഴിയെ അറുപ്പിക്കാന്‍ മുസ്‌ല്യാക്കന്മാരുടെ അടുത്തേക്ക് കൊണ്ടുപോവലായിരുന്നു പതിവ്. എന്നാല്‍, ഹജ്ജുമ്മത്താത്ത വരുന്നത് കണ്ടാല്‍ അവരെക്കൊണ്ടും കോഴിയെ അറുപ്പിച്ചിരുന്നു. പാവങ്ങളുടെ വിവാഹത്തിനു കൈയയച്ചു സഹായിച്ചിരുന്ന ഹജ്ജുമ്മത്താത്ത ഏതെങ്കിലും പ്രശ്‌നം ഏറ്റെടുത്താല്‍ അത് അവസാനിക്കുന്നതു വരെ സജീവമായി കൂടെ നില്‍ക്കുമായിരുന്നു.
മുസ്‌ലിം സ്ത്രീ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോവുന്നതുപോലും ചിന്തിക്കാനാവാത്ത അക്കാലത്ത് കരുവാരക്കുണ്ട് പള്ളിയുടെ കമ്മിറ്റി അംഗമായിരുന്നു മാളു ഹജ്ജുമ്മ. സമസ്തയുടെ പ്രമുഖ പണ്ഡിതനായ കെ.ടി മാനു മുസ്‌ല്യാരുടെ ഉസ്താദ് മൊയ്തീന്‍ ഹാജിയുടെ കാലത്തായിരുന്നു മാളു ഹജ്ജുമ്മ പള്ളിക്കമ്മിറ്റിയില്‍ അംഗമായത്. കമ്മിറ്റി യോഗത്തിന് പള്ളിയില്‍ പോയിരുന്ന മാളു ഹജ്ജുമ്മയ്ക്ക് ഇരിക്കാന്‍ ഉസ്താദിന്റെ മുറിക്ക് പുറത്തായി കസേര ഇട്ടുകൊടുക്കുമായിരുന്നു. പള്ളിയുടെ കാര്യങ്ങള്‍ കുറെ സമയം സംസാരിച്ചതിനു ശേഷമായിരുന്നു അവര്‍ മടങ്ങിയിരുന്നത്. കരുവാരക്കുണ്ട് പ്രദേശത്ത് ആദ്യമായി പെരുന്നാളിന് ബലിയറുത്ത വനിത മാളു ഹജ്ജുമ്മയായിരുന്നു. ബലിപെരുന്നാള്‍ ദിവസം അവരുടെ വീട്ടിലേക്ക് കരുവാരക്കുണ്ട് മഹല്ല് ഒന്നാകെ എത്തുമായിരുന്നു. വരുന്നവര്‍ക്കെല്ലാം ബലിമാംസം വാരിക്കൊടുക്കലായിരുന്നു പതിവ്. ഹജ്ജുമ്മത്താത്തയെ പോലെ ഒരു സ്ത്രീയെ പിന്നെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് മുഹമ്മദ് എന്ന കുട്ടി പറയുന്നത്. ആജ്ഞാശക്തിയും ധൈര്യവും നേതൃഗുണവും മതബോധവും എല്ലാം അവര്‍ക്കുണ്ടായിരുന്നു.
ഏഴു പ്രാവശ്യം ഹജ്ജ് ചെയ്ത മാളു അമ്മായി
കരുവാരക്കുണ്ട് കണ്ണത്തിലെ പറാട്ടി മുഹമ്മദ് എന്ന വാപ്പുവിന്റെ മകനായ പറാട്ടി ഉമര്‍ ഹാജിക്ക് നേരിട്ട് കണ്ടതിനെക്കാള്‍ കൂടുതലായി ഉപ്പ പറഞ്ഞ അറിവാണ് മാളു ഹജ്ജുമ്മയെ കുറിച്ചുള്ളത്. ഉപ്പയുടെ പിതൃസഹോദരന്റെ മകളാണ് മാളു അമ്മായി. പറാട്ടി കോയാമു ഹാജിയുടെ മകള്‍. അക്കാലത്ത് കരുവാരക്കുണ്ട് പള്ളിക്ക് പറാട്ടികളുടെ സ്വത്തായിരുന്നു ഉണ്ടായിരുന്നത്. മാളു ഹജ്ജുമ്മയുടെ ഉപ്പ കോയാമു ഹാജി കരുവാരക്കുണ്ട് പള്ളിക്ക് ഒന്നര ഏക്കര്‍ കൊടുത്തിരുന്നു. ഇതാണ് അവിടത്തെ ആദ്യ വഖ്ഫ് സ്വത്ത്. പിന്നീട് മാളു ഹജ്ജുമ്മ കരുവാരക്കുണ്ട് പള്ളിക്ക് അഞ്ച് ഏക്കര്‍ ഭൂമി വഖ്ഫ് ചെയ്തു. മാമ്പുഴ പള്ളിക്ക് എട്ട് ഏക്കറും കൊടുത്തു. 1960നു ശേഷമാണ് മാളു ഹജ്ജുമ്മ മരിച്ചത്. കൃത്യമായി വര്‍ഷം ഓര്‍മയില്ല. മരണശേഷം സ്വത്തുക്കളെല്ലാം പള്ളിക്ക് കൊടുക്കാനാണ് എഴുതിവച്ചത്. മുമ്പ് രണ്ടു വിവാഹം ചെയ്ത മാളു ഹജ്ജുമ്മയുടെ മൂന്നാമത് വിവാഹമായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി നടന്നതെന്ന് ഉപ്പ പറഞ്ഞതായി ഉമര്‍ ഹാജി ഓര്‍ക്കുന്നു. ആദ്യ വിവാഹത്തില്‍ അവര്‍ക്ക് കുട്ടിയുണ്ടായിരുന്നെങ്കിലും മരിച്ചു. പിന്നെ മറ്റൊരു വിവാഹം നടത്തി. അതില്‍ നിന്നു മാളു അമ്മായി തന്നെ മാറിനില്‍ക്കുകയായിരുന്നു. കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കാത്തയാളായിരുന്നു മാളു അമ്മായി. ഇഷ്ടമില്ലാത്തത് ആരോടും തുറന്നു പറയും. രണ്ടാമത്തെ വിവാഹത്തിനു ശേഷം വീട്ടിലേക്ക് വിരുന്നുവന്ന മാളു അമ്മായി പിന്നെ ഭര്‍തൃവീട്ടിലേക്ക് മടങ്ങിപ്പോയില്ല. കാര്യം ചോദിച്ച പിതാവിന് അവര്‍ ഒരു വലിയ ചക്കയിട്ട് അതു മുറിക്കാന്‍ പേനക്കത്തി കൊടുത്താണ് മറുപടി നല്‍കിയത്. ഈ കത്തി കൊണ്ട് ചക്ക മുറിക്കാന്‍ കഴിയില്ല. അതു തന്നെയാണ് മാളു പോവാത്തതിനു കാരണവും എന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ ഇനി പോണ്ടെന്ന് പിതാവും മറുപടി നല്‍കി. ഇതിനു ശേഷമാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം വാരിയന്‍കുന്നത്തിനൊപ്പം പല ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളിലും മാളു ഹജ്ജുമ്മയും പങ്കെടുത്തിരുന്നു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിനു ശേഷം അവര്‍ കരുവാരക്കുണ്ട് കണ്ണത്തിലേക്ക് മടങ്ങിയെത്തി. വാരിയന്‍കുന്നത്ത് അവസാന കാലത്ത് കാട്ടില്‍ താവളമുണ്ടാക്കിയപ്പോഴും അവര്‍ കൂടെയുണ്ടായിരുന്നു.
കണ്ണത്ത് സ്‌കൂളില്‍ നാലുവരെ പഠിച്ച മാളു ഹജ്ജുമ്മ നന്നായി മലയാളം എഴുതിയിരുന്നു. അറബി മലയാളത്തിലും എഴുതുമായിരുന്നു. അവരെഴുതിയ കത്തുകളും പല രേഖകളും വീട്ടിലുണ്ടായിരുന്നെങ്കിലും വാപ്പ മരിച്ചതോടെ കുറെ കത്തുകള്‍ ചുട്ടുകളഞ്ഞുവെന്ന് ഉമര്‍ ഹാജി പറഞ്ഞു. കപ്പലിലും നടന്നും ഹജ്ജിനു പോയിരുന്ന അക്കാലത്ത് ഏഴു തവണയാണ് മാളു ഹജ്ജുമ്മ ഹജ്ജിനു പോയത്. ബന്ധുവായ കുഞ്ഞിമ്മുവിനെയും ഒരിക്കല്‍ ഹജ്ജിന് കൊണ്ടുപോയിരുന്നു. മാളു ഹജ്ജുമ്മയ്ക്ക് ഭൂസ്വത്ത് സംബന്ധമായി മഞ്ചേരി കോടതിയില്‍ കേസുണ്ടായിരുന്നു. ഉപ്പയാണ് ഇതിനെല്ലാം പോയിരുന്നത്. മാളു ഹജ്ജുമ്മയുമായി ബന്ധപ്പെട്ട പല രേഖകളും ഉപ്പ സൂക്ഷിച്ചിരുന്നു. എന്നാല്‍, 15 വര്‍ഷം മുമ്പ് ഉപ്പ മരിച്ചപ്പോള്‍ അവയിലേറെയും ഇനി ഉപയോഗമില്ലെന്നു കരുതി കത്തിച്ചുകളഞ്ഞു. കത്തുകളില്‍ പലതും അതിന്റെ മൂല്യമറിയാതെ നശിപ്പിച്ചുകളഞ്ഞെങ്കിലും അവരുള്‍പ്പെട്ട ചില കേസുകളുടെ കോടതി രേഖകളും സ്വത്ത് സംബന്ധമായ രേഖകളും ഉമര്‍ ഹാജി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അനന്തരാവകാശികളില്ലാത്തതിനാല്‍ സ്വത്തെല്ലാം പള്ളിക്ക് നല്‍കാനായിരുന്നു മാളു ഹജ്ജുമ്മയുടെ തീരുമാനം. കരുവാരക്കുണ്ട് പള്ളിയില്‍ ഉപ്പ കോയാമു ഹാജിയുടെ ഖബറിനോടു ചേര്‍ന്നാണ് മാളു ഹജ്ജുമ്മയെയും ഖബറടക്കിയത്. അക്കാലത്തെ മുസ്‌ലിം സ്ത്രീകളില്‍നിന്നു വിഭിന്നമായി ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിലും പള്ളി ഭരണത്തിലും പങ്കാളിയായ വനിതയാണ് മാളു ഹജ്ജുമ്മ. അന്നത്തെ സാമൂഹിക ഘടനയുടെ ഭൂമികയില്‍ നിന്നു നിരീക്ഷിക്കുമ്പോഴാണ് മാളു ഹജ്ജുമ്മയുടെ മഹത്ത്വം കൂടുതല്‍ തിരിച്ചറിയാനാവുക.
RELATED STORIES
പനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMT