Documentary

നുണകളുടെ ലൗ ജിഹാദ്; കേരളത്തില്‍ പൊളിഞ്ഞത് യുപിയില്‍ നേട്ടമാക്കി കാവിപ്പട; ആദ്യ പരീക്ഷണം മുസഫര്‍ നഗറില്‍

സംഘപരിവാരിന്റെ ലൗ ജിഹാദ് നുണപ്രചാരണം തീവ്രമാക്കുന്നത് 2012ല്‍ പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍ നഗറിലാണ്. ഈ പ്രചരണം മുസഫര്‍ നഗര്‍ കലാപത്തിലാണ് കലാശിച്ചത്.

നുണകളുടെ ലൗ ജിഹാദ്; കേരളത്തില്‍ പൊളിഞ്ഞത് യുപിയില്‍ നേട്ടമാക്കി കാവിപ്പട; ആദ്യ പരീക്ഷണം മുസഫര്‍ നഗറില്‍
X

ജര്‍മനിയില്‍ നാസികളുടെ വംശ ശുദ്ധീകരണം നടക്കുന്ന കാലം. ഈ പ്രചാരണത്തില്‍ വീണ ഒരു സാധാരണ വീട്ടമ്മ. വഴിയില്‍ കണ്ട മക്കളുടെ പ്രായമുള്ള രണ്ട് ജൂത പെണ്‍കുട്ടികളെ ഒപ്പം കൂട്ടി. വീട്ടിലേക്ക് കൊണ്ട് പോയി നല്ല ഭക്ഷണം നല്‍കി. പക്ഷേ, ഭക്ഷണത്തോടൊപ്പം വിഷമായിരുന്നു അവര്‍ നല്‍കിയത്. ആ ബാലികമാര്‍ ഞൊടിയിടയില്‍ മരിച്ചു വീണു.(മെയിന്‍ കാഫ്)

ജര്‍മനിയിലെ നാസി കൂട്ടക്കൊലയുടെ കാലത്ത് ഒരു ശരാശരി നാസി സ്ത്രീയുടെ മനോനിലയാണ് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാഫിന്റെ ആമുഖത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ആ കുട്ടികള്‍ എന്തെങ്കിലും പ്രകോപനം കാട്ടിയിട്ടല്ല അവരെ കൂടെക്കൂട്ടിയത്. തന്റെ മക്കളുടെ സമപ്രായക്കാര്‍. അവരെ കൂടെ കൂട്ടി കൊലപ്പെടുത്തുന്നു. ആ കൊലപാതകത്തില്‍ അവര്‍ക്ക് അഭിമാനമാണ്. നുണപ്രചരണങ്ങള്‍ മനസ്സുകളെ സ്വാധീനിക്കുന്നത് അങ്ങനെയാണ്.

സംഘപരിവാറിന്റെ ലൗ ജിഹാദ് പ്രചാരണവും ഇത്തരത്തിലാണ്. നുണയുടെ മുകളില്‍ കെട്ടി ഉയര്‍ത്തി വലിയ കോട്ട. ഒരു ശരാശരി ഇന്ത്യക്കാരന് നാസി വനിതയ്ക്ക് തോന്നിയ അതേ തോന്നലുണ്ടായി തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംകളെ അപരവല്‍ക്കരിക്കാന്‍ ഇപ്പോള്‍ സംഘപരിവാരം ശക്തമായി ഉയര്‍ത്തുന്ന ആയുധം ലൗ ജിഹാദാണ്. 2009ല്‍ കേരളത്തിലെ കോടതിയും പോലിസും തള്ളിയ ലൗവ് ജിഹാദ് യുപിയില്‍ വേരുറപ്പിച്ച് കഴിഞ്ഞു.

ജാട്ടുകളെ ഇളക്കിവിടുന്നു

ലവ് ജിഹാദ് പ്രചരണശേഷം 62 പേര്‍ കൊല്ലപ്പെടുകയും 50000 പേരും വീട് ഒഴിയേണ്ടിവന്നെന്നും ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. 2013ല്‍ യുപിയിലെ മുസഫര്‍ നഗര്‍ കലാപവും തുടര്‍ന്നുള്ള സംഭവങ്ങളിലുമായിരുന്നു ഈ കൊലപാതകങ്ങള്‍. ജാട്ടുകള്‍ക്കിടയില്‍ ലൗ ജിഹാദ് ഇളക്കിവിട്ടാണ് ബിജെപി ധ്രൂവീകരണത്തിന് തുടക്കം കുറിച്ചത്.

ഗുജറാത്തിയായ അമിത് ഷാ യുപി തിരഞ്ഞെടുപ്പ് ചുമതലയിലെത്തിയതോടെയാണ് പടിഞ്ഞാറന്‍ യുപിയിലെ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ ലൗ ജിഹാദ് നുണ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഹിന്ദുത്വ പരീക്ഷണശാലയായ ദക്ഷിണ കന്നടയായിരുന്നു സംഘപരിവാറിന് മാതൃക. ജാട്ട് സമുദായത്തിലെ ചെറുപ്പക്കാരെ ലൗ ജിഹാദ് പറഞ്ഞ് മുസ്‌ലിംകള്‍ക്കെതിരേ തിരിച്ച് വിടുകയായിരുന്നു.

സാമൂഹ്യമാധ്യമ പ്രചാരണം

സംഘപരിവാറിന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ സംഭവങ്ങള്‍ പ്രചരിപ്പിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ സംവിധാനമുണ്ട്. ഹിന്ദുക്കളെ മതം മാറ്റാന്‍ മദ്‌റസകള്‍ക്ക് മുസ്‌ലിം രാജ്യങ്ങള്‍ പണമൊഴുക്കുന്നു എന്നാണ് പ്രചാരണം. ഹിന്ദുപെണ്‍കുട്ടികളെ വശീകരിക്കാന്‍ സുന്ദരന്മാരായ യുവാക്കളെ പരിശീലിപ്പിക്കുന്നു. തിളങ്ങുന്ന വസ്ത്രം ധരിക്കാനും മദ്‌റസകള്‍ പരിശീലനം നല്‍കുന്നതിനൊപ്പം ബൈക്കും മൊബൈല്‍ ഷോപ്പുകളും ഇവര്‍ക്കും തരപ്പെടുത്തിക്കൊടുക്കുന്നു.

ഈ പ്രചാരണങ്ങള്‍ നിരന്തരമായി വാട്‌സാപ്പ് ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു. ഇതിന്റെ അനന്തരഫലമെന്നോണം 2012 അവസാനം സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മുസ്‌ലിം യുവാക്കളുമായി ഇടപഴകുന്നത് ഒഴിവാക്കാന്‍ അവര്‍ നടത്തുന്ന മൊബൈല്‍ ഷോപ്പുകളില്‍ പോകുന്നതും വിലക്കി. ഈ ഖാപ് പഞ്ചായത്തിന്റെ ഈ തീരുമാനം പടിഞ്ഞാറന്‍ യുപിയിലെയും ഹരിയാനയിലെയും നിരവധി ഇടങ്ങളില്‍ നടപ്പിലാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ മുളച്ച് പൊന്തിയാണ് 2013ലെ മുസഫര്‍ നഗര്‍ കലാപം ആളിക്കത്താന്‍ ഇടയാക്കിയത്.

കവാല്‍ പ്രദേശത്ത് മോട്ടോര്‍ ബൈക്കുകാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരു മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. ഇതില്‍ തുടങ്ങിയ കലാപം ദിവസങ്ങളോളം നീണ്ടുനിന്നു. ഇൗ സംഭവത്തെ തുടര്‍ന്ന് കവാല്‍ വില്ലേജില്‍ രണ്ട് ജാട്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ഉടന്‍ സോഷ്യല്‍ മീഡിയയില്‍ വന്നു സംഘപരിവാറിന്റെ വ്യാജ വീഡിയോകള്‍. കവാല്‍ വില്ലേജില്‍ മുസ്‌ലിംകള്‍ കൊലപ്പെടുത്തുന്ന ചിത്രമെന്ന വ്യാജേന താലിബാന്‍ തലയറുക്കുന്നതെന്ന് പ്രചരിപ്പിച്ച പഴയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സഹോദരിമാരെ മുസ്‌ലിം യുവാക്കള്‍ തട്ടിക്കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് ജാട്ടു യുവാക്കളെ കൊലപെടുത്തി എന്നായിരുന്നു പ്രചാരണം.

കവാലില്‍ യുവാക്കളുടെ മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ടു വലിയ റാലി നടത്തി. റാലിക്കിടെ നൂറുകണക്കിന് മുസ്‌ലിം വീടുകള്‍ ചുട്ടു ചാമ്പലാക്കി. കടകളും വീടുകളും പള്ളികളും അഗ്നിക്കിരയാക്കി. പാക്കിസ്ഥാനില്‍ പോവുക അല്ലെങ്കില്‍ ഇവിടെ കുഴിമാടം.(ജോ പാകിസ്താന്‍, വര്‍ന കബരിസ്താന്‍) ഒരു ഹിന്ദുവിനെ തൊട്ടാല്‍ നൂറ് മുസലിംകളെ ഞങ്ങള്‍ തീര്‍ക്കും തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് മുസ്‌ലിം ഗല്ലികളില്‍ സംഘപരിവാര്‍ കലാപം നടത്തിയത്.




ജാട്ട് സമുദായം മഹാപഞ്ചായത്തില്‍ 'അക്രമികളായ മുസ്്ലിംകള്‍ക്കെതിരേ ജാട്ടുകള്‍ അഭിമാനത്തോടെ പ്രതിരോധിക്കണമെന്ന്' പ്രമേയമാണ് മുന്നോട്ട് വച്ചത്. സംഘപരിപാറിന്റെ നുണ പ്രചാരണങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചു എന്നുപറയാം.

ബിജെപി നേതാക്കളായ ഹുക്കം സിങ്, സംഗീത് സോം, സുറേഷ് റാണ, ഭാരതീയ കിസാന്‍ യൂനിയന്‍ നേതാക്കളായ നരേഷ്, രാകേഷ് ടിക്കായത്ത് എന്നിവര്‍ കവാല്‍ സംഭവത്തിന് ശേഷം നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്തിരുന്നു. 'അവരുടെ സ്ത്രീകളുടെ ചാരിത്ര്യവും' വേട്ടയാടപ്പെടണമെന്ന് ആ യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിങ്ങളുടെ മകളെയും മരുമകളെയും സുരക്ഷിതരാക്കൂ എന്നായിരുന്നു സമ്മേളന മുദ്രാവാക്യം.(ബാഹു, ബേട്ടി ബച്ചാഒോ മഹാസമ്മേളന്‍) മഹാപഞ്ചായത്ത് കഴിഞ്ഞ് മടങ്ങിപ്പോയവര്‍ പരക്കെ അക്രമം അഴിച്ചു വിട്ടു. മുസ്‌ലിം നേതാക്കള്‍ അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ തടയാനും ശ്രമിച്ചു.

മുസ്‌ലിം പലായനം

ഈ അക്രമങ്ങളെ വിശ്വഹിന്ദു പരിഷത് നേതാവ് അശോക് സിംഗാള്‍ ന്യായീകരിച്ചു. 'യുപിയില്‍ നഗര-ഗ്രാമ വ്യാത്യാസമില്ലാതെ, ഹിന്ദു സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അഭിമാനത്തിനെതിരേ നേരെ ഉയരുന്ന ലൗ ജിഹാദിസ്റ്റുകളെ ഇനിയും സഹിക്കാന്‍ കഴിയില്ല. മഹാപഞ്ചായത്ത് പ്രമേയം നടപ്പിലാക്കും'-സിംഗാള്‍ ഭീഷണി മുഴക്കി

ലൗ ജിഹാദ് പ്രചരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ശേഷം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന മുസ്‌ലിംകള്‍ അവരുടെ വീടും സമ്പാദ്യങ്ങളും വിട്ടു മറ്റിടങ്ങളിലേക്ക് പോയി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വളരെ ചെറുവിഭാഗം ഹിന്ദുക്കളും വീട് മാറി പോയിട്ടുണ്ട്. അതേ സമയം, വിട്ടുപോയ പ്രദേശങ്ങളിലെ മുസ്‌ലിംങ്ങളുടെ വീടും കടകളും സംഘപരിവാര്‍ കൈയ്യേറിക്കഴിഞ്ഞു. ജാട്ട്, സെയ്‌നി സമുദായങ്ങളാണ് ഈ കയ്യേറ്റം നടത്തിയത്. നൂറുകണക്കിന് മുസ്‌ലിം കുടുംബങ്ങള്‍ റിലീഫ് കാംപുകളിലേക്ക് മാറി. ഇവരുടെ ഭൂമിയും ഉപജീവനമാര്‍ഗ്ഗങ്ങളും സംഘപരിവാര്‍ അനുകൂലികള്‍ കൈയ്യേറി.

തിരഞ്ഞെടുപ്പ് നേട്ടം

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ ധ്രുവീകരണം ബിജെപിക്ക് വലിയ തോതില്‍ പ്രയോജനപ്പെട്ടു. പടിഞ്ഞാറന്‍ യുപി ബിജെപി തൂത്തൂവാരി.

കര്‍ണാടക മോഡല്‍

2007ല്‍ ദക്ഷിണ കന്നട ജില്ലയിലാണ് ലൗ ജിഹാദ് ഹിന്ദു ജാഗ്രതി സമിതി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഒപ്പം കാസര്‍കോഡ് ഭാഗങ്ങളിലും ഇത് പ്രചരിക്കാന്‍ തുടങ്ങി. ഗോവ ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ നിരവധി അക്രമങ്ങള്‍ക്ക്



നേതൃത്വം നല്‍കിയ സനാതന്‍ സന്‍സ്ഥയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന സംഘപരിവാര്‍ ഗ്രൂപ്പാണ് ഹിന്ദു ജനജാഗ്രതി സമതി.

രാജ്യത്ത് ഹിന്ദുക്കളെ ന്യൂനപക്ഷ മാക്കാനുളള പദ്ധതിയാണ് ലൗ ജിഹാദ് എന്നായിരുന്നു കര്‍ണാടയിലെ പ്രചാരണം. അതൊരു മുസ്‌ലിം ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും പ്രചരിപ്പിച്ചു. ലൈഗീകമായി ഉപയോഗിക്കാന്‍ പതുങ്ങിയിരുന്ന ചെന്നായ്ക്കളാണ് മുസ്‌ലിം യുവാക്കളെന്നാണ് എച്ച്്ജെഎസ് വെബ് സൈറ്റില്‍ പറയുന്നത്. ദക്ഷിണ കന്നഡയില്‍ മാത്രം 30000 ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റി. ദിനേന മൂന്ന് പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ പെടുത്തുന്നുവെന്നും വെബ് സൈറ്റില്‍ പറയുന്നു. ഒരു തെളിവുമില്ലാത്ത നുണകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

2009ല്‍ ഈ ഹരജിയെ തുടര്‍ന്നു ലൗ ജിഹാദം മൂവ് മെന്റിനെ കുറിച്ച് കര്‍ണാടക ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു. ഈ അന്വേഷണപ്രഖ്യാപനത്തെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പസ് ഹരജിവന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും അങ്ങനെ വിവാഹം കഴിച്ചതായും കോടതിയില്‍ പറഞ്ഞു.

എന്നാല്‍, അന്വേഷണ റിപോര്‍ട്ട് വരുന്നത് വരെ ചമ്രാജ് നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പമാണ് അന്ന് വിട്ടത്. പക്ഷേ, കോടതി കര്‍ണാടകയിലെ കാണാതായ മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തിയത് ലൗജിഹാദ് കേസിലാണ്.

അതേ കാലത്ത് തന്നെ കേരളത്തിലും ലൗ ജിഹാദിനെ കുറിച്ച് കേരളാ പോലിസ് അന്വേഷിച്ചു. യാതൊരു വസ്തുതയും കേസിലില്ലെന്ന് അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇതര മതസ്ഥരുമായുള്ള വിവാഹം സാധാരണയാണെന്നും അതൊരു ക്രിമിനല്‍ കുറ്റകൃത്യമായി കാണാനാവില്ലെന്നും കേരള ഹൈക്കോടതിയും നിരീക്ഷിച്ചു. ഇതോടെ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു.

പക്ഷേ, സംഘപരിവാര്‍, പ്രത്യേകിച്ച് യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2012മുതല്‍ ഇത് ഒരു തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ടായി ഉപയോഗിക്കാന്‍ തുടങ്ങി. കശാപ്പുകാരെന്നും കുട്ടികളെ പെറ്റുകൂട്ടുന്നവരെന്നും കുറ്റവാളികളും ബിനാമി ഇടാപാടുകാരെന്നുമുള്ള ക്ലീഷെയ്ക്കപ്പുറം സംഘപരിവാരിന് ഒരു പുതിയ പ്രചരണായുധമായി ലൗ ജിഹാദ് മാറി.

യുപിയില്‍ നിയമ നിര്‍മാണം

യോഗിയുടെ ഉത്തര്‍പ്രദേശ്, നിയമ നിര്‍മാണം നടത്തി ലൗ ജിഹാദ് എന്ന നുണയെ മുസ്‌ലിംകളെ വേട്ടയാടാനുള്ള ആയുധമാക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമാണ് ബജ്‌റംഗ് ദളിന്റെ ആയുധ പരിശീലവും പരസ്യ കൊലവിളികളും. ഹരിയാനയും മധ്യപ്രദേശും കര്‍ണാടകയും അതേ പാതയിലാണ്. ഏത് ക്രൂര കൊലപാതകത്തിനും ശേഷം ലൗ ജിഹാദ് ചാര്‍ത്തി കുറ്റവാളികളെ രക്ഷപെടുത്താം. കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ഭരണ പരാജയം മറക്കാന്‍ ലൗ ജിഹാദ് പോലുള്ള ഗിമ്മിക്കുകള്‍ ധാരാളമാണെന്ന് കാവി ചിന്തകര്‍ക്ക് നിശ്ചയമുണ്ട്.

മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നത് വാര്‍ത്ത അല്ലാതാവുന്ന കാലം വിദൂരമല്ല.

പിന്‍കുറി:

ത്രിപുരയില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ കന്നുകാലികടത്തു ആരോപിച്ചു ക്രൂരമായി കൊല ചെയ്തു. സംഭവത്തെ കുറിച്ച് പോലിസ് മേധാവിയുടെ അറിയിപ്പ് ഇങ്ങനെയായിരുന്നു; 'പോലിസ് അഞ്ച് കന്നു കാലികളെ രക്ഷിച്ചു സുരക്ഷിത കേന്ദ്രത്തിലാക്കി'.


Next Story

RELATED STORIES

Share it