Citizen journalism

കല്ലറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല; ഡ്യൂട്ടിയിലുള്ളത് ഒരു ജൂനിയര്‍ ഡോക്ടര്‍ മാത്രം

കല്ലറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല; ഡ്യൂട്ടിയിലുള്ളത് ഒരു ജൂനിയര്‍ ഡോക്ടര്‍ മാത്രം
X

നിസാമുദ്ദീന്‍ തച്ചോണം

ലയോര മേഖലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല. ഒരു ജൂനിയര്‍ ഡോക്ടര്‍ മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്. രാത്രി കാലങ്ങളില്‍ ഡോക്ടറുണ്ടാവില്ല. അന്വേഷിച്ചാല്‍ മെഡിക്കല്‍ ഓഫിസര്‍ ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പക്ഷേ, അദ്ദേഹം രോഗികളെ അറ്റന്‍ഡ് ചെയ്യാറുപോലുമില്ല. എപ്പോഴും മീറ്റിങ്ങിലെന്നാണ് പറയുക.

നേരത്തെ ഒരേസമയം അഞ്ചു ഡോക്ടര്‍മാര്‍ വരെ ഉണ്ടായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നു ഇത്. പിന്നീടാണ് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. മലയോര മേഖലയിലെ ഒരേ ഒരു സര്‍ക്കാര്‍ ആശുപത്രിയാണ്. കല്ലറ കഴിഞ്ഞാല്‍ പിന്നെ പാലോട്, കിളിമാനൂര്‍, നെടുമങ്ങാട്, വാമനപുരം, കന്യാകുളങ്ങര എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ആശുപത്രിയുള്ളത്. കല്ലറയില്‍ നിന്ന്് ഏറെ അകലെയാണ് ഈ ആശുപത്രികള്‍.അതുകൊണ്ട് പ്രദേശിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടേണ്ട ആശുപത്രിയാണ് ഇത്.

ഈ പ്രദേശത്തുകാരുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്നു കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം. ഗൈനക്ക് വിഭാഗം ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി ഇതെല്ലാം നിലച്ചിരിക്കുകയാണ്. ഒരു ജൂനിയര്‍ ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദലിത് അധസ്ഥിത വിഭാഗങ്ങള്‍ ഏറെയുള്ള മേഖല കൂടിയാണ് ഇത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ച് തുടങ്ങുന്ന ഈ കാലത്ത് കല്ലറക്കാര്‍ക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ.

സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഭരതന്നൂരില്‍ ഒരു ഫാമിലി ഹെല്‍ത്ത് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഭരതന്നൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തേക്കാള്‍ കുറഞ്ഞ സൗകര്യങ്ങളാണ് കല്ലറയിലുള്ളത്. അതേ സമയം, അടിസ്ഥാന സൗകര്യങ്ങളെല്ലാം കല്ലറയിലുണ്ട്. കിടത്തിച്ചികില്‍സിക്കാനുള്‍പ്പെടെ മതിയായ സൗകര്യമുണ്ട്. എന്നാല്‍ ഇതൊന്നും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

അടിയന്തിരമായ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് പ്രദേശിവാസികളുടെ ആവശ്യം. മതിയായ ഡോക്ടര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ വിവിധ സാമൂഹിക രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ്.

Next Story

RELATED STORIES

Share it