Education

ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മുഴുവന്‍ സമയ ക്ലാസ്

ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മുഴുവന്‍ സമയ ക്ലാസ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. നീണ്ട ഇടവേളയ്ക്കുശേഷമാണ് മുഴുവന്‍ കുട്ടികളെയും സ്വീകരിക്കാനായി സ്‌കൂളുകള്‍ ഒരുങ്ങുന്നത്. സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളുകളിലെത്തും. തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ തുറക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 66,000 ഓളം വിദ്യാര്‍ഥികളുമാണുള്ളത്.

സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്. രണ്ടുലക്ഷത്തിലധികം അധ്യാപകരും 22,000 ഓളം അനധ്യാപകരും വിദ്യാര്‍ഥികള്‍ക്കൊപ്പം സ്‌കൂളുകളിലേക്കെത്തും. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, തദ്ദേശ ഭരണം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതിന് മുന്നോടിയായി സ്‌കൂളുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പുതുക്കിയ മാര്‍ഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാവും ക്ലാസുകള്‍. ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായിരിക്കും.

10, 12 ക്ലാസുകളില്‍ അടുത്ത മാസമാവും പൊതുപരീക്ഷ നടത്തുക. പരീക്ഷയ്ക്ക് മുമ്പായി പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂനിഫോമിലും ഹാജറിലും കടുംപിടുത്തം വേണ്ടെന്നാണ് നിര്‍ദേശം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂള്‍ നടത്തിപ്പെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പകുതി കുട്ടികളെ ഉള്‍ക്കൊള്ളിച്ച് പ്രീ പ്രൈമറി ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കും. യൂനിഫോമും ഹാജറും നിര്‍ബന്ധമല്ല. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.

Next Story

RELATED STORIES

Share it