Education

കേന്ദ്രസര്‍വകലാശാല പിജി പ്രവേശന പരീക്ഷ; ജൂണ്‍ 18 വരെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ...

കേന്ദ്രസര്‍വകലാശാല പിജി പ്രവേശന പരീക്ഷ; ജൂണ്‍ 18 വരെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ...
X

കേന്ദ്ര/ഇതര സര്‍വകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടിപിജി) 2022ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അപേക്ഷ ക്ഷണിച്ചു. നിലവില്‍ 42 സര്‍വകലാശാലകളിലായി 1,325 പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ പരീക്ഷ വഴി നടത്തുന്നത്.

പങ്കെടുക്കുന്ന കേന്ദ്ര സര്‍വകലാശാലകളുടെയും മറ്റ് സര്‍വകലാശാലകളുടെയും വെബ്‌സൈറ്റുകളില്‍ പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ ലഭ്യമാവും. 44 കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പൊതു സര്‍വകലാശാല പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നടപടികളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

എങ്ങനെ അപേക്ഷിക്കാം ?

പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.cuet.nta.nic.in വഴി ജൂണ്‍ 18 വരെ അപേക്ഷ നല്‍കാം. കേരളത്തില്‍ എല്ലാ ജില്ലകളിലും ഒരു പരീക്ഷാകേന്ദ്രമെങ്കിലുമുണ്ട്. ചില ജില്ലകളില്‍ കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട് (ആലപ്പുഴ- രണ്ട്, എറണാകുളം- മൂന്ന്, കണ്ണൂര്‍- രണ്ട്). അപേക്ഷ നല്‍കുമ്പോള്‍ മുന്‍ഗണന നിശ്ചയിച്ച് സ്ഥിരം/ഇപ്പോഴത്തെ മേല്‍വിലാസമുള്ള സംസ്ഥാനത്തുനിന്ന് നാലുപരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കണം.

CUET NTA യുടെ ഔദ്യോഗിക സൈറ്റ് cuet.nta.nic.in ല്‍ സന്ദര്‍ശിക്കുക.

ഹോം പേജില്‍ ലഭ്യമായ CUET PG 2022 ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി സമര്‍പ്പിക്കുക

അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.

ചെയ്തുകഴിഞ്ഞാല്‍, സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചു.

കണ്‍ഫേം പേജ് ഡൗണ്‍ലോഡ് ചെയ്ത് കൂടുതല്‍ ആവശ്യത്തിനായി ഹാര്‍ഡ് കോപ്പി സൂക്ഷിക്കുക.

യോഗ്യത

ബിരുദം/തത്തുല്യപരീക്ഷ ജയിച്ചവര്‍, 2022ല്‍ യോഗ്യതാകോഴ്‌സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എന്നാല്‍, ഇത് സര്‍വകലാശാലാവ്യവസ്ഥകള്‍ക്കു വിധേയമാണ്.

ഓരോ സര്‍വകലാശാലയിലെയും കോഴ്‌സുകള്‍, പ്രവേശനയോഗ്യത, അഭിമുഖീകരിക്കേണ്ട ടെസ്റ്റ് പേപ്പര്‍, പരീക്ഷാഘടന തുടങ്ങിയവ മനസ്സിലാക്കി അപേക്ഷ നല്‍കാന്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കണം. ഇതുസംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സിയും യുജിസിയും ഉടന്‍തന്നെ വിശദമായ വിവര ബുള്ളറ്റിന്‍ പുറത്തിറക്കും. അതില്‍ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച എല്ലാ വിശദാംശങ്ങളുമുഉണ്ടാവും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രവേശനം നടക്കുന്നതിനാല്‍ അപേക്ഷകര്‍ CUETPG 2022ന് അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ബാച്ചിലേഴ്‌സ് ബിരുദം നേടിയിരിക്കണം.

അപേക്ഷാഫീസ്

മൂന്ന് ടെസ്റ്റ് പേപ്പറുകള്‍ക്കുവരെ ഇന്ത്യയില്‍ ഒരു സെന്റര്‍, പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത് അപേക്ഷിക്കാന്‍: ജനറല്‍- 800 രൂപ, ഒബിസി/ഇഡബ്ല്യുഎസ്- 600 രൂപ, പട്ടിക/ട്രാന്‍സ്‌ജെന്‍ഡര്‍- 550 രൂപ, ഭിന്നശേഷിക്കാര്‍- 500 രൂപ.

അധിക അപേക്ഷാഫീസായി ഓരോ ടെസ്റ്റ് പേപ്പറിനും ജനറല്‍ വിഭാഗക്കാര്‍ 200 രൂപ വീതവും മറ്റുള്ളവര്‍ 150 രൂപ വീതവും അടച്ച് കൂടുതല്‍ പേപ്പറുകള്‍ക്ക് അപേക്ഷിക്കാം. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്തുന്നവര്‍ക്ക് 4,000 രൂപയാണ് ഫീസ് (മൂന്ന് ടെസ്റ്റ് പേപ്പര്‍ വരെ, എല്ലാ വിഭാഗക്കാര്‍ക്കും). ഓരോ അധിക ടെസ്റ്റിനും അധികമായി 1000 രൂപ വീതം അടയ്ക്കണം. ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ 2022 ജൂണ്‍ 19 വരെ സൗകര്യമുണ്ടാവും.

പ്രവേശന പരീക്ഷ

കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് പ്രവേശനപരീക്ഷ. ദിവസേന രണ്ടുമണിക്കൂര്‍ വീതമുള്ള രണ്ടു ഷിഫ്റ്റുകളുണ്ടാവും. തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും. ജൂലൈ അവസാനവാരം നടത്താനാണ് താല്‍ക്കാലികമായി തീരുമാനിച്ചിരിക്കുന്നത്. കോഴ്‌സുകള്‍ക്കനുസരിച്ച്, നടത്തുന്ന പരീക്ഷയ്ക്ക് 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും.

പൊതുസ്വഭാവമുള്ള ചോദ്യങ്ങള്‍ മാത്രമുള്ള ടെസ്റ്റുകളും അവയ്‌ക്കൊപ്പം വിഷയാധിഷ്ഠിത ചോദ്യങ്ങളുള്ള ടെസ്റ്റുകളുമുണ്ടാവും. പൊതുസ്വഭാവമുള്ള ചോദ്യങ്ങള്‍, ലാംഗ്വേജ് കോംപ്രിഹെന്‍ഷന്‍/വെര്‍ബല്‍ എബിലിറ്റി, ജനറല്‍ അവയര്‍നസ്, മാത്തമാറ്റിക്കല്‍/ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി ആന്റ് അനലറ്റിക്കല്‍ സ്‌കില്‍സ്, ജനറല്‍നോളജ്, ഡേറ്റാ ഇന്റര്‍പ്രട്ടേഷന്‍ ആന്റ് ലോജിക്കല്‍ റീസണിങ്, കംപ്യൂട്ടര്‍ ബേസിക്‌സ് തുടങ്ങിയവയില്‍ നിന്നുമായിരിക്കും. ശരിയുത്തരം നാലുമാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം നഷ്ടമാവും. ഓരോ ഷിഫ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുള്ള ടെസ്റ്റ് പേപ്പറുകള്‍/ബാധകമായ കോഴ്‌സുകള്‍ എന്നിവ www.cuet.nta.nic.in ല്‍ ഉള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.

പ്രവേശന സ്ഥാപനങ്ങള്‍

ബാബാസാഹേബ് ഭീം റാവു അംബേദ്കര്‍, ബനാറസ് ഹിന്ദു, സെന്‍ട്രല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി ഓഫ് ആന്ധ്രാപ്രദേശ്, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാര്‍, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കശ്മീര്‍, കേരള, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട് കേന്ദ്രസര്‍വകലാശാലകള്‍, ഇന്ദിരാഗാന്ധി നാഷനല്‍ െ്രെടബല്‍, ഡോ. ഹരി സിങ് ഗൗര്‍, ഗുരു ഗാസി ദാസ്, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാഗാന്ധി അന്തര്‍രാഷ്ട്രീയ ഹിന്ദി, മണിപ്പുര്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, അപ്പക്‌സ് (രാജസ്ഥാന്‍), സിക്കിം, തേസ്പൂര്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്, ത്രിപുര, ഹൈദരാബാദ്, മഹാത്മാഗാന്ധി സെന്‍ട്രല്‍, സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ്, നാഷനല്‍ സാന്‍സ്‌ക്രിറ്റ്, ബിആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, മദന്‍ മോഹന്‍ മാളവ്യ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, നാഷനല്‍ റെയില്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, ഡോ. എ.പി.ജെ. അബ്ദുല്‍കലാം ടെക്‌നിക്കല്‍, ദേവി അഹില്യ, സര്‍ദാര്‍ പട്ടേല്‍ യൂനിവേഴ്‌സിറ്റി ഓഫ് പോലിസ് സെക്യൂരിറ്റി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ്, രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ്.

കേരള, കേന്ദ്ര സര്‍വകലാശാലയിലെ പിജി കോഴ്‌സുകള്‍

എംഎ. ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്.

എംബിഎ ജനറല്‍ മാനേജ്‌മെന്റ്, ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ്

എംകോം

എംഎഡ്

എംഎസ്‌സി. സുവോളജി, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജീനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, ബോട്ടണി, ഫിസിക്‌സ്, യോഗ തെറാപ്പി

എല്‍എല്‍എം (തിരുവല്ല നിയമപഠന കാംപസ്)

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്

എംഎസ്ഡബ്ല്യു

പിജി ഡിപ്ലോമ ഇന്‍ യോഗ

പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യുക്കേഷന്‍

പിജി ഡിപ്ലോമ ഇന്‍ എന്‍ആര്‍ഐ ലോസ്

പിജി ഡിപ്ലോമ ഇന്‍ ഹിന്ദി ട്രാന്‍സ്‌ലേഷന്‍ ആന്റ് ഓഫിസ് പ്രൊസീജ്യര്‍

പിജി ഡിപ്ലോമ ഇന്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് മീഡിയ റൈറ്റിങ് ഇന്‍ ഹിന്ദി

ജെഎന്‍യുവിലും സിയുഇടി

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ (ജെഎന്‍യു) ബിരുദാനന്തരബിരുദ, അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഈവര്‍ഷം മുതല്‍ പ്രവേശനം സിയുഇടി അടിസ്ഥാനമാക്കിയാണെന്ന് സര്‍വകലാശാല അറിയിച്ചു.

ഡല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ സര്‍വകലാശാല തുടങ്ങിയവ സ്വന്തം പ്രവേശനപരീക്ഷ വഴിയാണ് ബിരുദാനന്തര, ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. ജാമിഅ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ ജൂണ്‍ 11ന് ആരംഭിക്കും.

Next Story

RELATED STORIES

Share it