Breaking News

ഉന്നാവോ കൂട്ടബലാല്‍സംഗം; അഞ്ചംഗസംഘം തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ബലാല്‍സംഗക്കേസില്‍ മൊഴിനല്‍കാന്‍ കോടതിയില്‍ ഹാജരാവാനുള്ള യാത്രക്കിടെയാണു കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്

ഉന്നാവോ കൂട്ടബലാല്‍സംഗം; അഞ്ചംഗസംഘം തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തിനിരയായതിനു പിന്നാലെ അഞ്ചംഗസംഘം തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ 23 കാരി അതീവഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജങ്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. 11.40ഓടെ ഹൃദയാഘാതമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് അതീവഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ ലക്‌നോവില്‍ നിന്ന് ആകാശമാര്‍ഗമാണ് ഡല്‍ഹിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ചികില്‍സയ്ക്കുവേണ്ടി മാത്രം പ്രത്യേക ഐസിയുവും മെഡിക്കല്‍ ടീമും സജ്ജമാക്കിയിരുന്നു.

രാത്രി 11:10നാണ് അവള്‍ക്ക് ഹൃദയാഘാതം സംഭവിച്ചത്, ഞങ്ങള്‍ അവളെ പരമാവധി രക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ അവള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ല, രാത്രി 11:40ന് അവള്‍ മരണത്തിനു കീഴടങ്ങിയെന്നു സഫ്ദര്‍ജങ് ആശുപത്രിയിലെ പൊള്ളലേറ്റവരെ ചികില്‍സിക്കുന്ന വിഭാഗം മേധാവി ശലഭ് കുമാറിനെ ഉദ്ധരിച്ച് എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു.



2018 മാര്‍ച്ചില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 23 കാരിയെ പ്രതികളുള്‍പ്പെട്ട അഞ്ചംഗസംഘമാണ് കഴിഞ്ഞ ദിവസം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബലാല്‍സംഗക്കേസില്‍ മൊഴിനല്‍കാന്‍ കോടതിയില്‍ ഹാജരാവാനുള്ള യാത്രക്കിടെയാണു കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ബെയ്‌സ്വാര ബിഹാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറാന്‍ പോവുന്നതിനിടയിലാണ് പെണ്‍കുട്ടിയെ അഞ്ചംഗസംഘം ആക്രമിച്ചത്. അക്രമിക്കപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ശരീരം കത്തിക്കൊണ്ടുതന്നെ പെണ്‍കുട്ടി ഓടിയതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. അക്രമികളില്‍ രണ്ട് പേര്‍ പേണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളാണ്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിയോട് വിശദമായ റിപോര്‍ട്ട് തേടിയിരുന്നു.




Next Story

RELATED STORIES

Share it