Breaking News

എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
X

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും തദ്ദേശ വകുപ്പ് മന്ത്രിയുമായ എംവി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചു. അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് എംവി ഗോവിന്ദനെ സെക്രട്ടറിയായി തീരുമാനിച്ചത്.

അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, എംഎ ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇപി ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേര്‍ന്നത്. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പും ഇറക്കി.

എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ 1953 ഏപ്രില്‍ 23ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി ജനിച്ചു. ബാലസംഘത്തിന്റെയും ലൈബ്രറി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കെഎസ്എഫ് അംഗവും കണ്ണൂര്‍ ജില്ലാ യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. ഡിവൈഎഫ് ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷന്‍, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍, സിപിഎം കണ്ണൂര്‍, എറണാകുളം ജില്ല സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയില്‍വാസമനുഭവിച്ചു. തളിപ്പറമ്പില്‍ നിന്ന് 1996, 2001 കാലങ്ങളില്‍ നിയമസഭയിലെത്തി. മികച്ച നിയമസഭാ സാമാജികനാണ്.

ഇന്ത്യന്‍ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍, കാര്‍ഷിക തൊഴിലാളി യൂണിയന്‍ അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം, മാര്‍ക്‌സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍, എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും സംഘാടകനും സൈദ്ധാന്തികനുമാണ്. നിലവില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയാണ്.

Next Story

RELATED STORIES

Share it