റഫേല്‍: റിലയന്‍സിനെ സഹായിച്ചതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ റിലയന്‍സിനെ ഫ്രഞ്ച് കമ്പനിയായ ദെസോള്‍ട്ട് ഏവിയേഷന്‍ പങ്കാളിയാക്കിയത് സര്‍ക്കാരിന്റെ നിര്‍ബന്ധപ്രകാരമായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. ഇതുസംബന്ധിച്ച 2017 മെയ് 11ലെ യോഗത്തിന്റെ മിനുട്‌സാണ് പോര്‍ട്ടെയ്ല്‍ ഏവിയേഷന്‍ എന്ന ഫ്രഞ്ച് ബ്ലോഗ് പുറത്തുവിട്ടിരിക്കുന്നത്. പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിനെ മാറ്റി തങ്ങള്‍ സ്വമേധയാ റിലയന്‍സിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന ദെസോള്‍ട്ടിന്റെ വിശദീകരണം ശരിയല്ലെന്നു തെളിയിക്കുന്നതാണ് രണ്ടു പേജ് വരുന്ന രേഖകള്‍. കരാറിലെ ഇന്ത്യയിലെ പങ്കാളിയെ സംബന്ധിച്ചാണ് മിനുട്‌സിന്റെ ഈ ഭാഗത്തെ ചര്‍ച്ച.
ദെസോള്‍ട്ട്-റിലയന്‍സ് എയ്‌റോസ്‌പേസ് എന്ന സംയുക്ത സംരംഭത്തിന് രൂപം നല്‍കിയത് കരാറിലെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് രേഖ പറയുന്നു. മെയ്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി പങ്കാളിയെ ഉള്‍പ്പെടുത്തേണ്ടിവരുന്നത് കരാറിലെ നിര്‍ബന്ധിത ഭാഗമായിരുന്നു. ഈ നിര്‍ദേശം ദെസോള്‍ട്ട് അംഗീകരിക്കുകയായിരുന്നു. കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ ഒരു പങ്കാളിയുണ്ടാവുമെന്നത് മാത്രമല്ല, അത് റിലയന്‍സ് ആയിരിക്കുമെന്നും കരാറിലെ ധാരണയില്‍ ഉണ്ടായിരുന്നുവെന്നാണ് ഈ രേഖകളില്‍ നിന്നു വ്യക്തമാകുന്നത്.
റിലയന്‍സിനെ കരാറില്‍ പങ്കാളിയായി തിരഞ്ഞെടുത്തത് ഇന്ത്യയുടെ നിര്‍ബന്ധപ്രകാരമാണെന്ന് കരാര്‍ ഒപ്പിടുന്ന കാലത്ത് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വാ ഹൊളാന്‍ദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദെസോള്‍ട്ട് ഏവിയേഷന്‍ അക്കാര്യം നിഷേധിക്കുകയും തങ്ങള്‍ക്കു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രസ്താവനയിറക്കുകയും ചെയ്തു. എന്നാല്‍, അത്തരത്തില്‍ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് കമ്പനിയുടെ ചര്‍ച്ചയിലെ മിനുട്‌സ് തന്നെയാണ് പറയുന്നത്. റഫേല്‍ കരാറില്‍ വ്യാപക അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എച്ച്എഎല്ലിനെ ഒഴിവാക്കി റിലയന്‍സിന് 30,000 കോടിയുടെ കരാര്‍ നല്‍കിയത് ഉള്‍െപ്പടെയുള്ള കാര്യങ്ങളില്‍ ക്രമക്കേട് നടന്നതായാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

RELATED STORIES

Share it
Top