Big stories

പ്രധാനമന്ത്രിയുടെ വിലക്കിന് പുല്ലുവില; രാമക്ഷേത്ര നിര്‍മാണച്ചടങ്ങില്‍ പങ്കെടുത്ത് യോഗി ആദിത്യനാഥ്(വീഡിയോ)

മുഖ്യമന്ത്രിക്കൊപ്പം അയോധ്യ ജില്ലാ മജിസ്‌ട്രേറ്റും പോലിസ് മേധാവിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

പ്രധാനമന്ത്രിയുടെ വിലക്കിന് പുല്ലുവില; രാമക്ഷേത്ര നിര്‍മാണച്ചടങ്ങില്‍ പങ്കെടുത്ത് യോഗി ആദിത്യനാഥ്(വീഡിയോ)
X

ലക്‌നോ: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യമാകെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ഒരാള്‍പോലും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി കൈകൂപ്പി അഭ്യര്‍ഥിക്കുകയും ചെയ്‌തെങ്കിലും വിലക്ക് ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദി 21 ദിവസത്തെ ദേശീയ ലോക്ക്ഡൗ ണ്‍ പ്രഖ്യാപിച്ച് 12 മണിക്കൂര്‍ പിന്നിടും മുമ്പാണ് ബിജെപി നേതാവ് കൂടിയായ യോഗി ആദിത്യനാഥ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണച്ചടങ്ങില്‍ പങ്കെടുത്തത്. രാമവിഗ്രഹം ക്ഷേത്രത്തിലെ ടിന്‍ ഷെഡില്‍ നിന്ന് മാറ്റുന്ന ചടങ്ങിലാണ് അതിരാവിലെ തന്നെ യോഗി പങ്കെടുത്തത്. രാമജന്‍മഭൂമി എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഫൈബര്‍ കൊണ്ട് നിര്‍മിച്ച ഒരു താല്‍ക്കാലിക കെട്ടിടത്തിലേക്കാണ് രാമവിഗ്രഹം മാറ്റിയത്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാവുന്നതു വരെ താല്‍ക്കാലിക ഘടനയില്‍ തുടരനാണു തീരുമാനം.



ചൊവ്വാഴ്ച രാത്രി അയോധ്യയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നവരാത്രി ആഘോഷത്തിന്റെ ആദ്യദിവസം തന്നെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിടുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ യഥാര്‍ഥ നിര്‍മാണ തിയ്യതി തീരുമാനിക്കാനുള്ള ഒരു യോഗം ഏപ്രില്‍ ആദ്യ വാരം നടക്കേണ്ടതായിരുന്നു. എന്നാല്‍, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചടങ്ങ് മാറ്റിവച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആചാരവുമായി മുന്നോട്ടുപോവാന്‍ മുഖ്യമന്ത്രി യോഗി തീരുമാനിക്കുകയായിരുന്നു. കുറഞ്ഞത് 20 പേരെങ്കിലും ചടങ്ങില്‍ പങ്കെടുത്തതായാണു ദൃശ്യങ്ങളില്‍നിന്നു വ്യക്തമാവുന്നത്. മുഖ്യമന്ത്രിക്കൊപ്പം അയോധ്യ ജില്ലാ മജിസ്‌ട്രേറ്റും പോലിസ് മേധാവിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. യാതൊരുവിധ മുന്‍കരുതലുകളും ഇവര്‍ സ്വീകരിച്ചിട്ടുമില്ല. പ്രാര്‍ഥനകള്‍ക്ക് സന്ന്യാസിമാരാണ് നേതൃത്വം നല്‍കിയത്. കൊറോണ വ്യാപനം തടയാന്‍ യാതൊരു വിധ ഒത്തുചേരലുകളും പാടില്ലെന്നും ഇത് പ്രധാനമന്ത്രിക്കു വരെ ബാധകമാണെന്നും നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോളാണ് കടുത്ത ലംഘനം അരങ്ങേറിയത്. ലോക്ക്ഡൗണ്‍ സമയത്തെ നിയന്ത്രണങ്ങളുടെ പട്ടികയില്‍ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.



അയോധ്യയില്‍ ബാബരി മസ്ജിദ് 1992ല്‍ സംഘപരിവാര്‍ കര്‍സേവകര്‍ തകര്‍ത്ത സ്ഥലത്ത്, പതിറ്റാണ്ടുകളായുള്ള ഭൂമിതര്‍ക്കത്തില്‍ ഈയിടെയാണ് സുപ്രിംകോടതി രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയത്. തെളിവുകളെല്ലാം മുസ് ലിംകള്‍ക്ക് അനുകൂലമായിട്ടും സുപ്രിംകോടതി രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചത് രാജ്യത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാത്രമല്ല, രാമക്ഷേത്ര നിര്‍മാണത്തിന് ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു നേതൃപരമായ പങ്ക് വഹിച്ച ഹിന്ദുത്വ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉള്‍പ്പെടെ രാമക്ഷേത്ര നിര്‍മാണത്തിനു നല്‍കിയ സുപ്രിംകോടതി അയോധ്യയില്‍ തന്നെ മറ്റൊരു സ്ഥലത്ത് മുസ് ലിംകള്‍ക്ക് പള്ളി പണിയാന്‍ അഞ്ചേക്കര്‍ അനുവദിക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടെന്ന നിലപാടാണ് ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ മുസ് ലിം സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, യുപി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യുപി സുന്നി വഖ്ഫ് ബോര്‍ഡ് ഭൂമി സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്.




Next Story

RELATED STORIES

Share it