Big stories

ഇസ്രായേലി സമ്പദ് വ്യവസ്ഥക്ക് ലോക്കിട്ട് യെമനി ഡ്രോണുകള്‍

ഇസ്രായേലി സമ്പദ് വ്യവസ്ഥക്ക് ലോക്കിട്ട് യെമനി ഡ്രോണുകള്‍
X

റോബര്‍ട്ട് ഇന്‍ലകേഷ്

അധിനിവേശ ഫലസ്തീനിലെ എയ്‌ലാത്ത് എന്നറിയപ്പെടുന്ന ഉമ്മുല്‍ റഷ്റാഷില്‍ യെമനിലെ അന്‍സാറുല്ല നടത്തിയ ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. സയണിസ്റ്റ് ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതിന് ഫലപ്രദമായ തന്ത്രം അന്‍സാറുല്ല വികസിപ്പിച്ചെടുത്തെന്ന് ഇത് തെളിയിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇസ്രായേലിന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

ഗസയിലെ വംശഹത്യയില്‍ നിന്നും ഇസ്രായേലിനെ തടയാന്‍ യെമനില്‍ നിന്നും സ്ഥിരമായി മിസൈലുകളും ഡ്രോണുകളും എത്തുമായിരുന്നു. അതില്‍ പലതിനെയും ഇസ്രായേലി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. ഇപ്പോള്‍ അതില്‍ മാറ്റം വന്നതായി തോന്നുന്നു. യെമന്‍ പ്രധാനമന്ത്രി അഹ്മദ് ഗലേബ് അല്‍ റഹ്വിയേയും നിരവധി മന്ത്രിസഭാംഗങ്ങളും സന്‍ആയിലെ സിവിലിയന്‍ പ്രദേശങ്ങളിലെ ആക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യെമന്റെ ആക്രമണങ്ങളുടെ തീവ്രത വര്‍ധിച്ചു.

ഇസ്രായേലിനെതിരേ വ്യോമ ഉപരോധം ഏര്‍പ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മിക്ക ഓപറേഷനുകളിലും ഒരു ഡ്രോണോ മിസൈലോ ആണ് യെമന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ നിരവധി പോര്‍മുനകള്‍ അടങ്ങിയ ക്ലസ്റ്റര്‍ മിസൈലുകളും ഏറ്റവും ചുരുങ്ങിയത് മൂന്നു ഡ്രോണുകളും വിക്ഷേപിക്കുന്നു. രണ്ടാഴ്ച്ച മുമ്പ് റാമണ്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഒരു ഡ്രോണ്‍ സ്‌ഫോടനം നടത്തി. അതോടെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച, എയ്‌ലാത്തിലെ 'ജേക്കബ് ഹോട്ടലിന്' മുന്നില്‍ ഒരു യെമന്‍ ഡ്രോണ്‍ ഇടിച്ചുകയറി സ്‌ഫോടനം നടത്തി. ഇസ്രായേലി ടൂറിസത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യെമന്‍ നേടുന്നത്.

1948ല്‍ ഫലസ്തീനികളെ ബലമായി പുറത്താക്കിയ മഹാദുരന്തത്തിന് ശേഷം ഇപ്പോള്‍ എയ്‌ലാത്ത് എന്നറിയപ്പെടുന്ന ഉമ്മുല്‍ റഷ്റാഷ് യെമന്റെ നാവിക ഉപരോധത്തെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എയ്‌ലാത്ത് തുറമുഖം പൂട്ടിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് യുഎസ് ഭരണകൂടം യെമനെതിരേ ആക്രമണങ്ങള്‍ നടത്തിയിട്ടും ഉപരോധം തകര്‍ക്കാനായില്ല. അവസാനം, ഒമാന്റെ മധ്യസ്ഥതയില്‍ യെമനുമായി ഒരു കരാറുണ്ടാക്കി യുഎസ് പിന്‍മാറി.

യെമന്‍ നടത്തുന്ന നാവിക ഉപരോധം മൂലം 2024ല്‍ മാത്രം ഇസ്രായേലിന് 1,773 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ടൂറിസവും എയ്‌ലാത്തിന്റെ വരുമാന മാര്‍ഗങ്ങളില്‍ പ്രധാനമാണ്. ഗസയിലെ വംശഹത്യ മൂലം വിദേശികള്‍ ഇസ്രായേലിലേക്ക് എത്തുന്നത് കുറഞ്ഞുവെന്നതും വസ്തുതയാണ്. പല അന്താരാഷ്ട്ര വിമാനക്കമ്പനികളും അല്ലിദ്ദിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താന്‍ പോലും ആഗ്രഹിക്കുന്നില്ല. യെമന്റെ മിസൈലുകളെയും ഡ്രോണുകളെയും തടയാന്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ആഭ്യന്തര ടൂറിസവും തകരും.

കഴിഞ്ഞ യുദ്ധകാലത്ത് ലബ്‌നാനിലെ ഹിസ്ബുല്ലയും സമാനമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. കിര്യത്ത് ഷ്‌മോണ പോലുള്ള കുടിയേറ്റ പ്രദേശങ്ങളെ അവര്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നിരന്തരമായി ആക്രമിച്ചു. അന്ന് ആ പ്രദേശത്ത് ആയിരത്തില്‍ അധികം കെട്ടിടങ്ങള്‍ തകര്‍ന്നു. അവയുടെ പുനര്‍നിര്‍മാണം ഇന്നും പൂര്‍ത്തിയായിട്ടില്ല. നാടുവിട്ട പോയ ജൂതകുടിയേറ്റക്കാരില്‍ ഭൂരിഭാഗവും തിരിച്ചെത്തിയുമില്ല. ഇത്തരം ആക്രമണങ്ങള്‍ ജൂത കുടിയേറ്റക്കാരിലുണ്ടാക്കുന്ന മാനസിക ആഘാതവും ശക്തമാണ്. എയ്‌ലാത്ത്, അധിനിവേശ ഗോലാന്‍ കുന്നുകള്‍, ലബ്‌നാന്‍ അതിര്‍ത്തിയിലെ ബെക്കാ താഴ്‌വര എന്നിവയാണ് ജൂതന്‍മാരുടെ പ്രധാന വിനോദസഞ്ചാര സ്ഥലങ്ങള്‍. അവിടെയൊന്നും ഇനി സുരക്ഷിതമല്ല.

അതിനാല്‍, സൈപ്രസ് പോലുള്ള സ്ഥലങ്ങളിലേക്ക് ഇസ്രായേലികള്‍ ഒഴുകാം. രണ്ടാം ഇസ്രായേല്‍ ആയാണ് ജൂതന്‍മാര്‍ സൈപ്രസിനെ കണക്കാക്കുന്നത്. എന്നാല്‍, ജൂതക്കുടിയേറ്റത്തില്‍ സൈപ്രസുകാര്‍ ആശങ്കയിലാണ്. ജൂതന്‍മാര്‍ സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

യെമന്റെ ബാലിസ്റ്റിക് മിസൈലുകളുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് നുണ പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഇസ്രായേല്‍ എത്തിചേര്‍ന്നിരിക്കുകയാണ്. സൈനിക കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഈ മിസൈലുകള്‍ നിരവധി ലക്ഷ്യങ്ങള്‍ നിറവേറ്റുന്നു. വിമാനത്താവളങ്ങള്‍ പൂട്ടുക, കുടിയേറ്റക്കാരെ ബങ്കറുകളിലേക്ക് ഓടിക്കുക, ഭയം ജനിപ്പിക്കുക, സ്‌ഫോടനങ്ങള്‍ നടത്തുക, ഇസ്രായേലി വ്യോമപ്രതിരോധ സംവിധാന ശേഷി പരിശോധിക്കുക എന്നിവയാണ് അവ. യെമന്റെ ഓരോ ആക്രമണവും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനത്തിലെ ബലഹീനതകള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എവിടെയൊക്കെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് മനസിലാക്കാനും സാധിക്കും. ഈ ആക്രമണങ്ങള്‍ക്ക് ഇസ്രായേലിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ, ഇസ്രായേലും ഇറാനും തമ്മില്‍ പുതിയ യുദ്ധമുണ്ടാവുമ്പോള്‍ അത് ഇറാന് ഗുണം ചെയ്യും.


Next Story

RELATED STORIES

Share it