Big stories

തബ്‌ലീഗ് ജമാഅത്തിനെതിരേ കര്‍ശന നടപടിയുമായി കേന്ദ്രം; വിദേശികളായ 960 പ്രവര്‍ത്തകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമെതിരേ കേസെടുക്കാന്‍ നിര്‍ദേശം

കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് ആരോപിച്ചാണ് നടപടി.

തബ്‌ലീഗ് ജമാഅത്തിനെതിരേ കര്‍ശന നടപടിയുമായി കേന്ദ്രം; വിദേശികളായ 960 പ്രവര്‍ത്തകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമെതിരേ കേസെടുക്കാന്‍ നിര്‍ദേശം
X

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിലെ വിദേശികളായ 960 പ്രവര്‍ത്തകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കും സംസ്ഥാന ഡിജിപിമാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു. കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് ആരോപിച്ചാണ് നടപടി. വിദേശ പ്രവര്‍ത്തകരുടെ വിസ റദ്ദാക്കുകയും ഇവരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വന്നത്

സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയ സംഘം നിസാമുദ്ധീന്‍ ആസ്ഥാനത്ത് തബ്‌ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഇവ കര്‍ശന ലോക്ക് ഡൗണ്‍ നടപ്പാക്കിയിട്ടും രോഗ വ്യാപനത്തിന് ഇടയാക്കിയെന്ന് ഭയപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു. മാര്‍ച്ചിലെ തബ്‌ലീഗ് ജമാഅത്ത് സംഗമം രാജ്യത്തുടനീളം നൂറു കണക്കിന് പേര്‍ക്ക് വൈറസ് ബാധിക്കാന്‍ ഇടയാക്കിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച വൈകീട്ട് വരെ സ്ഥിരീകരിച്ച 293 കോവിഡ് കേസുകളില്‍ 60 ശതമാനവും നിസാമുദ്ധീനുമായി ബന്ധപ്പെട്ടതാണെന്നും അവര്‍ പറയുന്നു.

അവരുടെ പ്രവര്‍ത്തനങ്ങള്‍, നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കിയെന്ന മാത്രമല്ല ഇന്ത്യന്‍ വിസ നിയമങ്ങളും വിദേശ നിയമവും ലംഘിച്ചെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും എതിരേ 1946ലെ വിദേശി നിയമത്തിലെ വകുപ്പുകളും 2005ലെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ പ്രതാപ് സിങ് റാവത്ത് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

അതേസമയം, നിയമ പ്രകാരം നിസാമുദ്ധീന്‍ ആസ്ഥാനത്ത് തങ്ങിയ സാധാരണ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിദേശ പൗരന്മാരുടെ വിസയ്ക്കും താമസത്തിനും സൗകര്യമൊരുക്കിയ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

അതേസമയം, തബ് ലീഗ് ജമാഅത്തിലെ നേതൃത്വത്തിലുള്ളവര്‍ക്കെതിരേയാവും നടപടി സ്വീകരിക്കുകയെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മര്‍ക്കസില്‍ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയതിനു പിന്നാലെ തബ്‌ലീഗ് നേതൃത്വത്തിനെതിരേ ഡല്‍ഹി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, ഇതിനകം രാജ്യംവിട്ട 360 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് ചുമത്തില്ല. എന്നാല്‍, എന്നാല്‍ അവരെ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് കരിമ്പട്ടികയില്‍ പെടുത്തും. അപകടകരമായ രോഗം പടരാന്‍ സാധ്യതയുള്ള അശ്രദ്ധയ്ക്ക് ആറുമാസം വരെ തടവും അപകടകരമായ രോഗം പടരുന്ന മാരകമായ പ്രവര്‍ത്തനത്തിന് രണ്ട് വര്‍ഷം തടവും ശിക്ഷിക്കുന്ന ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 269, 270 എന്നിവ പോലീസിന് ചുമത്താമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.വിദേശകാര്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം വിദേശ പൗരന്മാര്‍ക്കും നടപടികള്‍ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.

അതേസമയം, കൊവിഡ് 19 വ്യാപനം തടയുന്നില്‍ സംഭവിച്ച വീഴ്ച മറച്ചുവയ്ക്കാനാണ് ഇത്തരം നടപടികളിലൂടെ ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.

Next Story

RELATED STORIES

Share it