Top

ഉന്നാവോ, തെലങ്കാന ബലാല്‍സംഗക്കൊലയില്‍ വ്യാപകപ്രതിഷേധം; സംഘര്‍ഷാവസ്ഥ

-ഉന്നാവോയില്‍ ബിജെപി മന്ത്രിമാരെയും എംപിയെയും തടഞ്ഞു -ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റില്‍ പ്രതിഷേധാഗ്നി -തെലങ്കാന ഏറ്റുമുട്ടല്‍: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

ഉന്നാവോ, തെലങ്കാന ബലാല്‍സംഗക്കൊലയില്‍ വ്യാപകപ്രതിഷേധം; സംഘര്‍ഷാവസ്ഥ
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ തീക്കൊളുത്തികൊന്നതിലും ഹൈദരാബാദിലെ തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് ചുട്ടുകൊന്നതിലും വ്യാപക പ്രതിഷേധം. ഉന്നാവോയില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ തീയിട്ടു കൊന്ന പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ എംപിമാരും മന്ത്രിമാരുമടങ്ങുന്ന ബിജെപി സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചവരാണ് സ്ഥലം എംപി സാക്ഷി മഹാരാജ്, മന്ത്രിമാരായ കമല്‍ റാണി വരുണ്‍, സ്വാമി പ്രസാദ് മൗര്യ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞത്.

സാക്ഷി മഹാരാജ് എംപി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ തടയുന്നു


കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചു നിമിഷങ്ങള്‍ക്കു ശേഷമാണ് ഇവരെ തടഞ്ഞത്. എന്നാല്‍, നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍(ഐ) പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. നേരത്തേ ഉന്നാവോയില്‍ നടന്ന മറ്റൊരു ബലാല്‍സംഗക്കേസില്‍ പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജന്മദിനാശംസ നേരുന്ന സാക്ഷി മഹാരാജിന്റെ ചിത്രം പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെ, ഉന്നാവോ പെണ്‍കുട്ടിക്കൊപ്പം സര്‍ക്കാരുണ്ടാവുമെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതായും മന്ത്രി കമല്‍ റാണി വരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നാവോ പെണ്‍കുട്ടിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നു

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രിയങ്കാ ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ പൊള്ളയായ ക്രമസമാധാന സംവിധാനമാണുള്ളതെന്നുംലൈംഗികാതിക്രമണങ്ങളെ അതിജീവിക്കുന്നവര്‍ക്കു നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. 'കുറ്റവാളികളുടെ മനസ്സില്‍ ഇപ്പോള്‍ ഭയമില്ല. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ക്ക് ഇടമില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, ഇവിടെ അരാജകത്വം പ്രചരിക്കുകയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയുമാണ്. അവരുണ്ടാക്കിയ ഉത്തര്‍പ്രദേശ് ഇതാണെങ്കില്‍, ഇവിടെ സ്ത്രീകള്‍ക്ക് ഒരിടവും ഇല്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും പ്രിയങ്കാ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉന്നാവോ പെണ്‍കുട്ടിക്ക് നീതിതേടി ഡല്‍ഹിയില്‍ നടത്തിയ കാന്‍ഡില്‍ മാര്‍ച്ച്


അതിനിടെ, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പ്രതിഷേധമുണ്ടായി. ഉന്നാവോ പെണ്‍കുട്ടിക്ക് നീതി നല്‍കണമെന്നും കൊലയാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധി വനിതകളാണ് രാജ്ഘട്ടില്‍ നിന്നു ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധ റാലി നടത്തിയത്. പോലിസ് ബാരിക്കേഡ് തകര്‍ക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം വിഫലമാക്കാന്‍ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം പലയിടത്തേക്കും വ്യാപിക്കുകയാണ്.


ഏറ്റുമുട്ടല്‍ കൊലപാതകം നടന്ന സ്ഥലം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിക്കുന്നു


അതേസമയം, തെലങ്കാനയില്‍ ബലാല്‍സംഗക്കേസിലെ പ്രതികളെ പോലിസ് വെടിവച്ചുകൊന്ന സ്ഥലം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) അംഗങ്ങള്‍ സന്ദര്‍ശിച്ചു. സംഭവം നടന്ന സ്ഥലവും മൃതദേഹങ്ങള്‍ സൂക്ഷിച്ച മഹ്ബൂബ് നഗര്‍ ഗവ. ആശുപത്രിയിലുമെത്തി സംഘം തെളിവെടുത്തു. സമാജ് വാദി പാര്‍ട്ടി യുപി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തംപട്ടേലും നേതാക്കളും ഉന്നാവോ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ബിഎസ്പി അധ്യക്ഷ മായാവതി രാജ്ഭവനിലെത്തി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കാണുകയും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


Next Story

RELATED STORIES

Share it