Big stories

യെമനിലെ അന്‍സാറുല്ല വിരുദ്ധ സഖ്യം പ്രതിസന്ധിയില്‍

യെമനിലെ അന്‍സാറുല്ല വിരുദ്ധ സഖ്യം പ്രതിസന്ധിയില്‍
X

യെമനിലെ ഏഥന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ (പിഎല്‍സി) ഭരണകൂടത്തിന്റെ ചെയര്‍മാന്‍ റഷാദ് അല്‍-അലിമി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) സൈന്യത്തോട് രാജ്യത്ത് നിന്ന് പിന്മാറാന്‍ ഉത്തരവിട്ടു. ഇത് യെമനിലെ സങ്കീര്‍ണമായ സംഘര്‍ഷത്തെ പുതിയ കാലഘട്ടത്തിലേക്ക് തള്ളിവിട്ടു. യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി) ഉള്‍പ്പെടെയുള്ള മറ്റ് സേനകള്‍ ഈ നിര്‍ദേശം നിരസിച്ചു. പിന്നാലെ യെമനിലെ മുകല്ല തുറമുഖത്ത് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണം സൗദിയും യുഎഇയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറംലോകത്ത് എത്തിച്ചു. തെക്ക്, കിഴക്കന്‍ യെമനില്‍ അന്‍സാറുല്ലക്കെതിരേ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം നടത്തുന്ന സൈനിക നടപടികളുടെ ഭാവിയെ കുറിച്ചും ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തി.

എന്താണ് സംഭവിച്ചത്?

യുഎഇയുമായുള്ള സംയുക്ത പ്രതിരോധ ക്രമീകരണം റദ്ദാക്കിയതായി അല്‍-അലിമി ചൊവ്വാഴ്ച പ്രഖ്യാപിക്കുകയും എല്ലാ എമിറാത്തി സേനകളോടും 24 മണിക്കൂറിനുള്ളില്‍ യെമനില്‍ നിന്ന് പിന്മാറാന്‍ ഉത്തരവിടുകയും ചെയ്തു. സൗദി പിന്തുണയുള്ള സേനകള്‍ ഹദ്രാമൗത്തിലെയും അല്‍-മഹ്റയിലെയും സൈനിക ക്യാമ്പുകള്‍ ഏറ്റെടുക്കണമെന്നും രാജ്യവ്യാപകമായി 90 ദിവസം അടിയന്തരാവസ്ഥ വേണമെന്നും അല്‍ അലിമി ഉത്തരവിട്ടു. തന്റെ സര്‍ക്കാരിന്റെ ദേശീയ സുരക്ഷയും പൊതു ക്രമവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ അല്‍ അലിമി അവതരിപ്പിച്ചെങ്കിലും യുഎഇയുമായുള്ള ഭാവി സുരക്ഷാ സഹകരണം എങ്ങനെ കൈകാര്യം ചെയ്യുമെന്നോ വ്യക്തമായ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ഈ തീരുമാനത്തെ ഉടന്‍ തന്നെ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിലെ(പിഎല്‍സി) ചില അംഗങ്ങള്‍ ചോദ്യം ചെയ്തു. പിഎല്‍സിയില്‍ എസ്ടിസി അംഗമായിരുന്നു. അല്‍ അലിമിയുടെ തീരുമാനത്തെ എതിര്‍ത്ത് എസ്ടിസി നേതാവ് ഐദരൂസ് അല്‍-സുബൈദി ഉള്‍പ്പെടെ നാല് പിഎല്‍സി അംഗങ്ങള്‍ തന്നെ രംഗത്തെത്തി. പിഎല്‍സി എന്നത് കൂട്ടായ അധികാര കേന്ദ്രമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അന്‍സാറുല്ലയെ നേരിടുന്നതില്‍ യുഎഇക്ക് നിര്‍ണായക പങ്കുണ്ടെന്നും സമുദ്ര സുരക്ഷ സംരക്ഷിക്കുന്നതില്‍ യുഎഇക്ക് പ്രധാന പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.

സൗദി-യുഎഇ സംഘര്‍ഷം വര്‍ധിക്കാന്‍ കാരണം

തെക്കുകിഴക്കന്‍ യെമനില്‍ ഉണ്ടായ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ വിള്ളല്‍ ഉണ്ടായത്. ഈ മാസം ആദ്യം, പിഎല്‍സി അനുകൂല സൈനിക യൂണിറ്റുകളുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് ശേഷം എസ്ടിസി സേന ഹദ്റമൗത്തിലെ നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തു, പിന്നീട് അയല്‍പ്രദേശമായ അല്‍-മഹ്റയിലേക്കും അവര്‍ വ്യാപിച്ചു. യെമനിലെ പ്രധാന തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹദ്റമൗത്തും അല്‍-മഹ്റയും എണ്ണ സമ്പന്നമാണ്. കൂടാതെ സൗദി അറേബ്യയുടെയും ഒമാന്റെയും അതിര്‍ത്തികളോട് ചേര്‍ന്നുള്ളതുമാണ്. ഈ പ്രദേശങ്ങളുടെ നിയന്ത്രണം യെമന്റെ ആഭ്യന്തര സന്തുലിതാവസ്ഥയ്ക്കും സൗദി അറേബ്യയുടെ അതിര്‍ത്തി സുരക്ഷയ്ക്കും നിര്‍ണായകമാണെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു.

സംഘര്‍ഷം രൂക്ഷമായപ്പോള്‍, സൗദി നേതൃത്വത്തിലുള്ള സഖ്യം മുകല്ല തുറമുഖത്ത് വ്യോമാക്രമണങ്ങള്‍ നടത്തി. സഖ്യസേനയുടെ അനുമതിയില്ലാതെ വിഘടനവാദി സേനകള്‍ക്ക് ആയുധങ്ങളും യുദ്ധ വാഹനങ്ങളും യുഎഇ വിതരണം ചെയ്തതായി സൗദി അറേബ്യ പരസ്യമായി ആരോപിച്ചു. ഇത്തരം നടപടികള്‍ സൗദിയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.

യെമനില്‍ പ്രവര്‍ത്തിക്കുന്ന എമിറാത്തി സേനകള്‍ക്കായാണ് തുറമുഖം വഴി വാഹനങ്ങള്‍ നല്‍കിയതെന്നും സൗദി നേതൃത്വത്തിലുള്ള സഖ്യവുമായി ഏകോപനം നടന്നിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് യുഎഇ ആരോപണങ്ങള്‍ നിരസിച്ചു. സൗദി നടത്തിയ വ്യോമാക്രമണങ്ങളില്‍ യുഎഇ ആശ്ചര്യം പ്രകടിപ്പിച്ചു. അന്‍സാറുല്ലക്കെതിരേ ദീര്‍ഘകാലമായി സഹകരിക്കുന്ന രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള പിരിമുറുക്കമാണ് ഇത് വ്യക്തമാക്കിയത്. യെമനിലെ എസ്ടിസി നേതാക്കള്‍ സൗദി നടത്തിയ വ്യോമാക്രമണങ്ങളെ അപലപിച്ചു.

എന്താണ് യെമനിലെ പ്രതിസന്ധി ?

വൈദേശിക സൈന്യങ്ങളെ യെമനില്‍ വിന്യസിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ പുതിയസംഘര്‍ഷങ്ങള്‍ കാണിക്കുന്നതായി രാഷ്ട്രീയ വിദഗ്ദര്‍ പറയുന്നു. അന്‍സാറുല്ല നേതൃത്വത്തിലുള്ള സൈന്യം 2014ല്‍ സന്‍ആയും വടക്കന്‍ പ്രദേശത്തിന്റെ വലിയൊരു ഭാഗവും പിടിച്ചെടുത്തതിനുശേഷം യെമന്‍ സംഘര്‍ഷത്തില്‍ മുങ്ങിത്താഴുകയാണ്. അതിന് പിന്നാലെയാണ് 2015ല്‍ സൗദി നേതൃത്വത്തിലുള്ള സൈനികസഖ്യം യെമനില്‍ ആക്രമണങ്ങള്‍ തുടങ്ങിയത്.

യുഎഇയുടെ സഹായത്തോടെ 2017ല്‍ രൂപീകരിച്ച എസ്ടിസി, തെക്കന്‍ യെമന്‍ സ്വതന്ത്രരാജ്യമാവണമെന്ന് ആവശ്യപ്പെടുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേരുകയും 2022ല്‍ പിഎല്‍സിയില്‍ സംയോജിപ്പിക്കുകയും ചെയ്തിട്ടും, എസ്ടിസി തെക്കന്‍ യെമന്റെ പരമാധികാരത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുന്നു, ഇത് അധികാര പങ്കിടലും വിഭവങ്ങളുടെ നിയന്ത്രണവും സംബന്ധിച്ച ആവര്‍ത്തിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു.

അതേസമയം, സൗദി അറേബ്യ യെമന്‍ അതിര്‍ത്തിയിലെ സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കുകയും കിഴക്കന്‍ യെമനെ തന്ത്രപരമായ ബഫര്‍ സോണായി കാണുകയും ചെയ്യുന്നു. വളരെക്കാലമായി നിശബ്ദമായി കൈകാര്യം ചെയ്ത ഈ വ്യത്യസ്ത മുന്‍ഗണനകള്‍ ഇപ്പോള്‍ പരസ്യമായി പുറത്തുവന്നിട്ടുണ്ട്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോള്‍, ഇരുവശത്തുമുള്ള സൈനിക തയ്യാറെടുപ്പുകള്‍ സൂചിപ്പിക്കുന്നത് തര്‍ക്കം കിഴക്കന്‍ യെമനില്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നാണ്. യെമന്റെ ദശാബ്ദക്കാലത്തെ യുദ്ധത്തില്‍ മുന്‍നിര പോരാട്ടം ഒഴിവാക്കിയ പ്രദേശങ്ങളായ ഹദ്രമൗത്തിലെയും അല്‍-മഹ്റയിലെയും നിവാസികള്‍ക്കിടയില്‍ സൈനിക വിന്യാസങ്ങളുടെയും സമാഹരണത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. യുഎഇ സേനയെ പിന്‍വലിക്കാനുള്ള ഉത്തരവ് നടപ്പിലാക്കാന്‍ കഴിയുമോ, സൗദി പിന്തുണയുള്ള സേന പ്രധാന സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രണം വിജയകരമായി ഏറ്റെടുക്കുമോ, കൂട്ടായ തീരുമാനമെടുക്കല്‍ പിഎല്‍സിയില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമോ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ചോദ്യങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നു.

യെമനെ സംബന്ധിച്ചിടത്തോളം, ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അന്‍സാറുല്ല വിരുദ്ധ ക്യാമ്പിനെ കൂടുതല്‍ വിഘടിപ്പിക്കുന്നു. സൗദിയും യുഎഇയും തങ്ങളുടെ തര്‍ക്കം എങ്ങനെ കൈകാര്യം ചെയ്യും എന്നത് യെമന്റെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ അടുത്ത ഘട്ടം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. സൗദിയേയും യുഎഇയേയും യെമന്റെ ശത്രുക്കളായാണ് അന്‍സാറുല്ല കാണുന്നത് വലിയ സൈനിക നടപടികള്‍ക്കാണ് അന്‍സാറുല്ല തയ്യാറെടുക്കുന്നത്. അവരുടെ സ്വാധീന പ്രദേശങ്ങളിലെ ഗോത്രങ്ങളെല്ലാം നീണ്ടുനില്‍കുന്ന യുദ്ധത്തിനുള്ള പരിശീലനത്തിലാണ്.

Next Story

RELATED STORIES

Share it