Big stories

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന വാദങ്ങളുടെ പൂര്‍ണരൂപം- 20-05-2025

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന വാദങ്ങളുടെ പൂര്‍ണരൂപം-   20-05-2025
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ ഹരജികളില്‍ സുപ്രിംകോടതി വാദം കേട്ടു. ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അടക്കമുള്ളവര്‍ ഹാജരായി.

കപില്‍ സിബല്‍: ഇത് മുഴുവന്‍ വഖ്ഫ് സ്വത്തും പിടിച്ചെടുക്കുന്ന കേസാണ്. അതിനാല്‍ മൂന്നു വിഷയങ്ങളില്‍ വാദം കേന്ദ്രീകരിക്കണമെന്ന് പറയാന്‍ സോളിസിറ്റര്‍ ജനറലിന് കഴിയില്ല. അത് നിര്‍ദിഷ്ട ഇടക്കാല ഉത്തരവിന് വേണ്ടി മാത്രമുള്ള പോയിന്റുകളാണ്.

തുഷാര്‍ മേത്ത: വാദം മൂന്നു വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണം. ഇവയാണ് വിഷയങ്ങള്‍

1. കോടതികള്‍ വഖ്ഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍, അവ വഖ്ഫ് ചെയ്തതോ ഉപയോഗം വഴി വഖ്ഫ് ആയതോ ആയാലും സുപ്രിംകോടതി ഹരജികള്‍ പരിഗണിക്കുമ്പോള്‍ ഡീനോട്ടിഫൈ ചെയ്യരുത്.

2. വഖ്ഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് കലക്ടര്‍ അന്വേഷണം നടത്തുമ്പോള്‍ അതിനെ വഖ്ഫ് ആയി കാണരുതെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തില്‍ വരില്ല.

3. വഖഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെയും എക്‌സ്ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ എല്ലാ അംഗങ്ങളും മുസ്‌ലിംകളായിരിക്കണം.

കപില്‍ സിബലും ഹരജി പക്ഷത്തെ അഭിഭാഷകരും ഇതിനെ എതിര്‍ക്കുന്നു.

തുഷാര്‍ മേത്ത: ഏപ്രില്‍ 17ന് സുപ്രിംകോടതി ഇറക്കിയ ഉത്തരവ് വായിക്കുന്നു. അന്ന് കോടതി മൂന്നു വിഷയങ്ങളാണ് വാദത്തിനായി വെച്ചത്. ഈ മൂന്നു വിഷയങ്ങള്‍ക്കും ഞങ്ങള്‍ സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കി. പക്ഷേ, ഇപ്പോള്‍ ഹരജിക്കാര്‍ കൂടുതല്‍ വിഷയങ്ങളില്‍ വാദിക്കാന്‍ പോവുകയാണ്. നേരത്തെ പറഞ്ഞ മൂന്നു വിഷയങ്ങളില്‍ മാത്രം വാദം ഒതുങ്ങണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അന്ന് ഞങ്ങളെല്ലാവരും ഇവിടെയുണ്ടായിരുന്നു.

കപില്‍ സിബല്‍: ഞാനും കോടതിയിലുണ്ടായിരുന്നു. സോളിസിറ്റര്‍ ജനറലിന്റെ ആ പ്രസ്താവന ദൗര്‍ഭാഗ്യകരമായി പോയി.

ചീഫ്ജസ്റ്റിസ്: രേഖയിലുള്ളത് പ്രകാരം നമുക്ക് മുന്നോട്ടുപോവേണ്ടി വരും.

കപില്‍ സിബല്‍: കോടതി മൂന്നു വിഷയങ്ങളില്‍ നിലപാട് തേടുകയാണ് ചെയ്തത് എന്ന് സോളിസിറ്റര്‍ ജനറലിന് മനസിലാവും.

മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി: മൂന്നു വിഷയത്തില്‍ നിലപാട് തേടിയത് ഹരജി തീര്‍പ്പാക്കാനായിരുന്നില്ല.

ചീഫ്ജസ്റ്റിസ്: ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സാധാരണ ഞങ്ങള്‍ മുന്നോട്ടു പോവുക... ആറ് മാസം മാത്രം ഇവിടെ ഇരിക്കുന്നതില്‍ സന്തോഷമുണ്ട്. ഹൈക്കോടതിയിലെ ആറു വര്‍ഷത്തെ അനുഭവം ഇവിടെ ആറു മാസം ഇരിക്കുന്നതിനേക്കാള്‍ മികച്ചതാണ്.

കപില്‍ സിബല്‍: വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ 2025ല്‍ നിയമം രൂപപ്പെടുത്തിയിട്ടുണ്ട്, വാസ്തവത്തില്‍ അത് ജുഡീഷ്യറി വഴിയല്ലാതെ, എക്‌സിക്യൂട്ടീവ് വഴി വഖ്ഫ് സ്വത്ത് പിടിച്ചെടുക്കാനുള്ളതാണ്. തര്‍ക്കമുണ്ടെന്ന് പറഞ്ഞ് വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാം. എന്താണ് തര്‍ക്കത്തിന്റെ സ്വഭാവമെന്ന് നമുക്ക് അറിയില്ല. കലക്ടറുടെ മുകളിലുള്ള ഒരു ഉദ്യോഗസ്ഥനെ ഈ തര്‍ക്കം പരിശോധിക്കാന്‍ നിയമിക്കും. അതേസമയം, സ്വത്ത് പിടിച്ചെടുക്കുകയും ചെയ്യും.

ചീഫ്ജസ്റ്റിസ്: നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയോ ?

കപില്‍ സിബല്‍: സര്‍ക്കാര്‍ സ്വന്തം നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നു, തര്‍ക്കങ്ങളുണ്ടാക്കാന്‍ ആര്‍ക്കും കഴിയും. ഇത് പ്രശ്‌നത്തിലെ ഒരു വശമാണ്. എന്താണ് വഖ്ഫ്? എന്നതാണ് രണ്ടാമത്തെ വശം. വഖ്ഫ് അല്ലാഹുവിനുള്ള വസ്തുദാനമാണ്. അതനുസരിച്ച് ആ സ്വത്ത് കൈമാറ്റം ചെയ്യാന്‍ കഴിയില്ല. ഒരിക്കല്‍ വഖ്ഫ് ആയാല്‍ എപ്പോഴും വഖ്ഫാണ്....നമ്മുടെ ഭരണഘടന പ്രകാരം, മതസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. ഒരു പള്ളിക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല.ഖബര്‍സ്ഥാന്‍ സ്വകാര്യമായി(സര്‍ക്കാര്‍ ഇതരം) നിര്‍മിക്കണം. അവിടെ നിന്ന് വരുമാനമില്ല. ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ മറവ് ചെയ്യാന്‍ പോവുന്നത് അവിടെയാണ്.

കപില്‍ സിബല്‍: പിന്നെ എങ്ങിനെയാണ് ഇവ പരിപാലിക്കപ്പെടുന്നത് ? ദാനധര്‍മ്മത്തിലൂടെ

ചീഫ്ജസ്റ്റിസ്: ഇത് മറ്റു ക്ഷേത്രങ്ങളിലും സംഭവിക്കുന്നു, ഞാന്‍ ദര്‍ഗ സന്ദര്‍ശിക്കുന്നു, അവിടെയും അത് തന്നെയാണ് നടക്കുന്നത്.

കപില്‍ സിബല്‍: ദര്‍ഗയും പള്ളിയും വ്യത്യസ്തമാണ്, സമുദായമാണ് പള്ളിയെ സംരക്ഷിക്കുന്നത്. കൈയ്യേറ്റമുണ്ടെങ്കില്‍ വഖ്ഫിന്റെ സ്വഭാവം മാറുമെന്നാണ് അവര്‍ പറയുന്നത്.

കപില്‍ സിബല്‍: ദയവായി 1913, 1923, 1954, 1984, 1995, 2013, 2025 നിയമങ്ങള്‍ നോക്കുക. അതിന്റെ ചരിത്രം കാണാം.

തുഷാര്‍ മേത്ത: 2025ലെ നിയമം യഥാര്‍ത്ഥത്തില്‍ അവയുടെ ഭേദഗതിയാണ്

കപില്‍ സിബല്‍: 2025ലെ നിയമം മുന്‍കാലത്തില്‍ നിന്നുള്ള പൂര്‍ണമായ വേര്‍പിരിയലാണ്. ബാബരി മസ്ജിദ് കേസില്‍ സ്ഥിരീകരിക്കപ്പെട്ട ഉപയോഗം വഴി വഖ്ഫ്, വഖ്ഫ് ചെയ്യല്‍ വഴി വഖ്ഫ് എന്നീ രണ്ട് ആശയങ്ങള്‍ ഇല്ലാതാക്കുന്നു.

കപില്‍ സിബല്‍: വഖ്ഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് മുന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നുവെന്നും നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വഖ്ഫായി കണക്കാക്കില്ലെന്നും അവര്‍ പറയുന്നു. 100,200, 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വഖ്ഫ ചെയ്തതാണ് പല സ്വത്തുക്കളും.

ചീഫ്ജസ്റ്റിസ്: രജിസ്‌ട്രേഷന്‍ വേണമെന്ന് പറയുന്നുണ്ടോ ?

കപില്‍ സിബല്‍: പറയുന്നുണ്ട്, പക്ഷേ, രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് കുഴപ്പമില്ലായിരുന്നു.

ചീഫ്ജസ്റ്റിസ്: നിങ്ങള്‍ എ, ബി, സി, ഡി എന്നിവയില്‍ നിന്ന് ആരംഭിക്കണം. ഞാന്‍ വായിക്കില്ല. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരുന്നോ?

സിബല്‍: 'വേണം' എന്നു പറഞ്ഞിരുന്നു

ചീഫ്ജസ്റ്റിസ്: വേണം എന്നെഴുതിയിട്ടുണ്ടെങ്കില്‍, അനന്തര ഫലങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ലെങ്കില്‍ നിര്‍ബന്ധമല്ല എന്നാണ് അര്‍ത്ഥം.

കപില്‍ സിബല്‍: അത് വഖ്ഫിന്റെ സ്വഭാവം മാറ്റില്ല

ചീഫ്ജസ്റ്റിസ്: രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അനന്തരഫലങ്ങളുണ്ടാവുമെന്ന് മുന്‍ നിയമത്തില്‍ പറയുന്നില്ലെന്ന നിങ്ങളുടെ പ്രസ്താവന കോടതി രേഖപ്പെടുത്തും.

കപില്‍ സിബല്‍: മുതവല്ലികള്‍ ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പറയുന്നത്. പക്ഷെ, വഖ്ഫ് സ്വത്തിനെ വഖ്ഫായി കണക്കാക്കാത്ത അനന്തര ഫലം ഉണ്ടാക്കുമായിരുന്നില്ല.

ചീഫ്ജസ്റ്റിസ്: രേഖപ്പെടുത്തട്ടെ ?

കപില്‍ സിബല്‍: തീര്‍ച്ചയായും.

ചീഫ്ജസ്റ്റിസ്: 2013ലെ നിയമത്തില്‍ വഖ്ഫ് രജിസ്‌ട്രേഷന്‍ വ്യവസ്ഥയുണ്ടായിരുന്നു. അത് ചെയ്തില്ലെങ്കില്‍ മുതവല്ലിയെ നീക്കം ചെയ്യുക എന്നതല്ലാതെ മറ്റൊരു നടപടിയും ഇല്ലെന്ന് കോടതി രേഖപ്പെടുത്തുന്നു.

കപില്‍ സിബല്‍: വഖ്ഫ് രജിസ്‌ട്രേഷന്റെ ഉത്തരവാദിത്തം മുതവല്ലിക്കായതിനാലാണ് നടപടി, വഖ്ഫിന്റെ സ്വഭാവം മാറില്ല. 2025ലെ നിയമം ഇത് മാറ്റുന്നു.

കപില്‍ സിബല്‍: ഉപയോഗം വഴി വഖ്ഫായ സ്വത്തുണ്ടെങ്കില്‍ ആരാണ് അത് രൂപീകരിച്ചതെന്ന് പറയേണ്ടി വരും.

ചീഫ്ജസ്റ്റിസ്: 2013ല്‍ ഉപയോഗം വഴി വഖ്ഫായ സ്വത്തിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലായിരുന്നുവോ ? അത് അനുവദനീയമായിരുന്നോ ?

കപില്‍ സിബല്‍: അത് അംഗീകരിക്കപ്പെട്ട രീതിയായിരുന്നു, ഉപയോഗം വഴി വഖ്ഫായ സ്വത്തുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല.

ചീഫ്ജസ്റ്റിസ്: 2013ന് മുമ്പ് ഉപയോഗം വഴി വഖ്ഫായ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് കോടതി രേഖപ്പെടുത്തുന്നു.

ചീഫ്ജസ്റ്റിസ്: ഉപയോഗം വഴി വഖ്ഫായ സ്വത്ത് രജിസ്റ്റര്‍ ചെയ്യുന്നത് 1954ന് മുമ്പ് നിര്‍ബന്ധമായിരുന്നോ ?

ജസ്റ്റിസ് എ ജി മസീഹ്: ചോദ്യം മനസിലായില്ലേ ?

കപില്‍ സിബല്‍: 1954ന് ശേഷം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരുന്നു

ചീഫ്ജസ്റ്റിസ്: ഉപയോഗം വഴി വഖ്ഫായ സ്വത്തിനും ?

കപില്‍ സിബല്‍: അതേ, മുതവല്ലി രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു.

ചീഫ്ജസ്റ്റിസ്: 1954ന് ശേഷമാണ് അത് ആവശ്യമായി വന്നത്.

കപില്‍ സിബല്‍: ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. ദയവായി, 1923ന് ശേഷം രജിസ്‌ട്രേഷന്‍ ആവശ്യമായിരുന്നു എന്ന് പറയൂ.

ചീഫ്ജസ്റ്റിസ്: സമ്മര്‍ദ്ദം വളരെ ഏറെയാണ്.

കപില്‍ സിബല്‍: ഞാന്‍ എത്രയോ വിയോജിപ്പുകള്‍ കേള്‍ക്കുന്നു

ചീഫ്ജസ്റ്റിസ്: ഞങ്ങള്‍ ആദ്യം നിങ്ങളുടെ വാദങ്ങള്‍ രേഖപ്പെടുത്തും

തുഷാര്‍ മേത്ത: മിസ്റ്റര്‍ സിബല്‍ തുടര്‍ച്ചയായി അസ്വസ്ഥനാകുന്നു

ചീഫ്ജസ്റ്റിസ്: അപ്പോള്‍, 1923ന് ശേഷം, അത് ആവശ്യമായിരുന്നു?

കപില്‍ സിബല്‍: 1904ലെ പുരാതന സ്മാരക സംരക്ഷണ നിയമവും 1958ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമം വഖ്ഫില്‍ ഇടപെട്ടില്ല. ഉദാഹരണത്തിന് ജമാ മസ്ജിദ്, ഇതിനെ സംരക്ഷിക്കാമെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയും, അതിനാല്‍ അതിനെ പുരാതന സ്മാരകമായി പ്രഖ്യാപിക്കാമെന്ന് അറിയിക്കാം. പക്ഷേ, ഉടമസ്ഥാവകാശം കൈമാറ്റപ്പെടില്ല.

കപില്‍ സിബല്‍: പുതിയ നിയമപ്രകാരമാണെങ്കില്‍, പുരാതന സ്മാരകം സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

ചീഫ്ജസ്റ്റിസ്: നിങ്ങള്‍ അവിടെ പോയി പ്രാര്‍ത്ഥിക്കുന്നത് തടയുമോ ?

1904, 1958 നിയമങ്ങള്‍ പ്രകാരം പുരാതന/സംരക്ഷിത സ്മാരകം/പ്രദേശം ആയി പ്രഖ്യാപിച്ചാല്‍.... അത് പ്രാക്ടീസ് ചെയ്യാനുള്ള നിങ്ങളുടെ അവകാശവും ഇല്ലാതാക്കുന്നുണ്ടോ?

ഞാന്‍ അടുത്തിടെ ഖജുരാഹോ സന്ദര്‍ശിച്ചു. അത് പുരാവസ്തു വകുപ്പിന്റെ കസ്റ്റഡിയിലാണ്, ഇപ്പോഴും അവിടെ ഒരു ക്ഷേത്രമുണ്ട്. എല്ലാ ഭക്തര്‍ക്കും പോയി പ്രാര്‍ത്ഥിക്കാം.

കപില്‍ സിബല്‍: ഇത് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25ാം അനുഛേദത്തിന്റെ ലംഘനമാണെന്നാണ് എന്റെ കേസ്.

ചീഫ് ജസ്റ്റിസ്: മതപരമായ ആചാരങ്ങള്‍ തുടരാനുള്ള പൗരന്മാരുടെ അവകാശം എടുത്തുകളയും, അതിനാല്‍, ആര്‍ട്ടിക്കിള്‍ 25 ഉം 26 ഉം ലംഘിക്കുന്നതാണ് ... മിസ്റ്റര്‍ മേത്ത അത് രേഖപ്പെടുത്തുക..

തുഷാര്‍ മേത്ത: ഞങ്ങള്‍ രേഖപ്പെടുത്തുകയാണ്, വസ്തുതാപരമായി തെറ്റാണ്

ചീഫ്ജസ്റ്റിസ്: ഞങ്ങള്‍ അത് ചോദിക്കുന്നില്ല

കപില്‍ സിബല്‍: 1904, 1958 നിയമപ്രകാരം മതപരമായ ആരാധനയ്ക്കുള്ള എന്റെ അവകാശം സംരക്ഷിക്കപ്പെട്ടു

ചീഫ്ജസ്റ്റിസ്: പ്രസ്തുത നിയമങ്ങള്‍ പ്രകാരം, മതപരമായ ആചാരത്തിനുള്ള അവകാശം സംരക്ഷിക്കപ്പെട്ടു

കപില്‍ സിബല്‍: നിയമഭേദഗതിയിലെ 3(ഡി) പ്രശ്‌നമാണ്. അഞ്ച് വര്‍ഷം മുസ് ലിമായിരുന്ന ആള്‍ക്ക് മാത്രമേ വഖ്ഫ് ചെയ്യാനാവൂ എന്നാണ് പറയുന്നത്. ആരാണ് അത് ഉറപ്പാക്കുക? അവര്‍ വീട്ടിലേക്ക് വരുമെന്നാണ് ഞാന്‍ കരുതുന്നത്. മരണക്കിടക്കയില്‍ ആണെങ്കില്‍ പോലും ഞാന്‍ അത് തെളിയിക്കേണ്ടി വരും. ഭരണഘടനയുടെ 25, 26 അനുഛേദപ്രകാരം വഖ്ഫ് ചെയ്യല്‍ എന്റെ അവകാശമാണ്. അതാണ് എടുത്തുമാറ്റുന്നത്.

എസ്.സി, എസ്.ടി പ്രദേശങ്ങളില്‍ 3(ഇ) വകുപ്പ് വഖ്ഫ് സ്വത്തുക്കള്‍ ഇല്ലാതാക്കും.

കപില്‍ സിബല്‍: സ്വത്ത് പിടിച്ചെടുക്കുന്ന കാര്യവും മുസ്‌ലിംകളുടെയും ഗോത്രങ്ങളുടെയും പട്ടികയും അതിലുണ്ട്.

ചീഫ്ജസ്റ്റിസ്: മുന്‍ വഖ്ഫ് സ്വത്തുക്കളും പോവുമോ ?

കപില്‍ സിബല്‍: ഭേദഗതി നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം വഖ്ഫ് സ്വത്തിന്റെ നടത്തിപ്പിനുള്ള വഖ്ഫ് കൗണ്‍സിലില്‍ അമുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷം നല്‍കുന്നു. അത് സ്വത്ത് നടത്തിപ്പിനുള്ള അവകാശം എടുത്തുകളയുന്നതാണ്.

ചീഫ്ജസ്റ്റിസ്: അങ്ങനെ ആകാമോ അല്ലെങ്കില്‍ ആവുമോ ?

കപില്‍ സിബല്‍: മുന്‍ കാലങ്ങളില്‍ വഖ്ഫ് ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ നാമനിര്‍ദേശം ചെയ്യും. 12 അമുസ്‌ലിംകളും പത്ത് മുസ്‌ലിംകളും വഖ്ഫ് ബോര്‍ഡുകളിലുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

ജസ്റ്റിസ് എ ജി മസീഹ്: കേന്ദ്ര കൗണ്‍സിലിലും ?

കപില്‍ സിബല്‍: ഏഴ് അമുസ്‌ലിംകള്‍, എല്ലാവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍. ഒരുവിധത്തില്‍ അവര്‍ വഖ്ഫിനെ ആശയപരമായി പിടിച്ചെടുക്കുകയാണ്.

കപില്‍ സിബല്‍: സിഇഒയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കും. അത് അമുസ്‌ലിം ആവാം.

ജസ്റ്റിസ് എ ജി മസീഹ്: അത് അമുസ്‌ലിം ആയിരിക്കണമെന്ന് പരാമര്‍ശിച്ചിട്ടില്ല

കപില്‍ സിബല്‍: സിഇഒ മുസ്‌ലിം ആവണമെന്ന് നേരത്തെ പ്രത്യേകം പറഞ്ഞിരുന്നു.

കപില്‍ സിബല്‍: ആരോപണങ്ങളിലൂടെ അധികാരം ഏറ്റെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കപില്‍ സിബല്‍: വിശാലമായി പറഞ്ഞാല്‍, ഇവയാണ് പ്രശ്‌നങ്ങള്‍.

ചീഫ്ജസ്റ്റിസ്: ഇടക്കാല ആശ്വാസം അത്യാവശ്യമാണെന്ന് വരുത്തുന്ന വാദം നിങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഈ വാദങ്ങളെയെല്ലാം നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്നതിലേക്ക് കണക്കുകൂട്ടും.

കപില്‍ സിബല്‍: ഈ വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ പരിഹരിക്കാനാകാത്ത നാശനഷ്ടം സംഭവിക്കും.

കപില്‍ സിബല്‍: സര്‍ക്കാരും വഖ്ഫും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നത് കലക്ടര്‍ക്കും മുകളിലുള്ള സര്‍ക്കാരാണെങ്കില്‍ പരിക്ക് പരിഹരിക്കാന്‍ കഴിയില്ല.

ചീഫ്ജസ്റ്റിസ്: കലക്ടറുടെ തീരുമാനം അന്തിമമാണോ ?

കപില്‍ സിബല്‍: കലക്ടര്‍ക്ക് മുകളിലുള്ള ഒരു ഓഫിസര്‍ റിപോര്‍ട്ട് നല്‍കും. അദ്ദേഹം വഖ്ഫിന്റെ സ്വഭാവം പരിശോധിക്കുമ്പോള്‍ തന്നെ ഈ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയപരിധിയില്ല.

കപില്‍ സിബല്‍: തര്‍ക്കമുള്ള സ്വത്തിനെ സര്‍ക്കാര്‍ സ്വത്തായി കണ്ട്, വഖ്ഫായി കണക്കാക്കാതെ, അദ്ദേഹം അന്വേഷണം നടത്തുമെന്നാണ് വകുപ്പ് പറയുന്നത്.

ചീഫ്ജസ്റ്റിസ്: ഈ നടപടികള്‍ നടക്കുമ്പോള്‍ വഖ്ഫ് പദവി എടുത്തു കളയാന്‍ പറ്റുമോ ?

ജസ്റ്റിസ് എജി മസീഹ്: ഒരു ഉത്തരവുമില്ലാതെ ?

കപില്‍ സിബല്‍: അവിടെ ഒരു വിധിന്യായ പ്രക്രിയയും ഇല്ല.

ചീഫ്ജസ്റ്റിസ്: നടപടികള്‍ നടക്കുന്ന സമയത്ത് സ്വത്ത് കൈവശപ്പെടുത്താന്‍ അവര്‍ക്ക് അവകാശമുണ്ടോ?

കപില്‍ സിബല്‍: അന്വേഷണം എങ്ങനെയായിരിക്കുമെന്ന് നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ല, റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, റവന്യൂ രേഖകള്‍ ഭേദഗതി ചെയ്യും, സ്വത്ത് ഇനി വഖ്ഫ് സ്വത്തല്ലെന്ന് രേഖപ്പെടുത്താന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കും

ചീഫ്ജസ്റ്റിസ്: റവന്യൂ രേഖകളും ബോര്‍ഡ് രേഖകളും ഭേദഗതി ചെയ്യേണ്ടിവരും?

കപില്‍ സിബല്‍: ജുഡീഷ്യല്‍ നടപടിക്രമങ്ങളില്ലാതെ ചെയ്യേണ്ടി വരും; ട്രൈബ്യൂണലുകള്‍ ഉണ്ടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ അന്വേഷണത്തില്‍ അത് വഖ്ഫ് അല്ലെന്നു കണ്ടെത്തിയാല്‍ ഞാന്‍ െ്രെടബ്യൂണലില്‍ പോകേണ്ടിവരും. സര്‍ക്കാരിന് അത് ചെയ്യേണ്ടതില്ല.

കപില്‍ സിബല്‍: ഇത് അഞ്ചോ പത്തോ വര്‍ഷം എടുക്കുന്ന കാര്യമാണ്. ഭാവിയില്‍ വിധി എനിക്ക് അനുകൂലമായി വന്നാലും വഖ്ഫ് സ്വത്തിന്റെ വഖ്ഫ് സ്വഭാവം നഷ്ടപ്പെടും.

ചീഫ്ജസ്റ്റിസ്: രേഖപ്പെടുത്തൂ.

ചീഫ്ജസ്റ്റിസ്: സെക്ഷന്‍ 83 പ്രകാരം സ്വത്തിന്റെ നില മാറുമോ? സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്വത്തിന്റെ ?

കപില്‍ സിബല്‍: അതെ, ഞാന്‍ െ്രെടബ്യൂണലില്‍ പോകണം

ചീഫ്ജസ്റ്റിസ്: രേഖപ്പെടുത്തൂ.

ചീഫ്ജസ്റ്റിസ്: മിസ്റ്റര്‍ മേത്ത നേരത്തെ മൂന്നു കാര്യങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ അത് പത്തായി മാറിയിരിക്കുന്നു.

കപില്‍ സിബല്‍: അദ്ദേഹത്തിന് 11 പരിഹാരങ്ങള്‍ ഉണ്ടാകും

കപില്‍ സിബല്‍: മറ്റു ചില വ്യവസ്ഥകള്‍ പരാമര്‍ശിക്കുന്നു. വഖ്ഫ് സ്വത്തുക്കളെ പതിയെ പതിയെ ഏറ്റെടുക്കാനാണ് ശ്രമം.

കപില്‍ സിബല്‍: രജിസ്റ്റര്‍ ചെയ്ത ഉപയോഗം വഴിയുള്ള വഖ്ഫ് സ്വത്ത് മാത്രം ബാക്കി നില്‍ക്കും.

കപില്‍ സിബല്‍: ഏതെങ്കിലും മൂന്നാം കക്ഷി തര്‍ക്കം ഉന്നയിച്ചാല്‍ അത് വഖ്ഫ് സ്വത്താവില്ല. സര്‍ക്കാര്‍ സ്വത്താവും.

കപില്‍ സിബല്‍: എല്ലാതരം സംഘടനകള്‍ക്കും തര്‍ക്കം ഉന്നയിക്കാം, പഞ്ചായത്ത് തര്‍ക്കം ഉന്നയിച്ചാല്‍ വഖ്ഫ് അവസാനിക്കും.

കപില്‍ സിബല്‍: ദയവായി 3(സി) വകുപ്പ് വായിക്കുക.

ചീഫ് ജസ്റ്റിസ്: 3(ആര്‍) വ്യവസ്ഥ പ്രകാരം, വഖ്ഫ് സ്വത്ത് വഖ്ഫ് അല്ലാതാവുമെന്നാണോ പറയുന്നത് ?

കപില്‍ സിബല്‍: തര്‍ക്കമോ സര്‍ക്കാര്‍ സ്വത്തോ എന്നാണ് പറയുന്നത്. തര്‍ക്കം സര്‍ക്കാരുമായി ബന്ധപ്പെട്ടിരിക്കണമെന്നില്ല. പക്ഷേ അത് വഖ്ഫ് സ്വത്ത് വഖ്ഫ് അല്ലാതായി മാറും.

കപില്‍ സിബല്‍: സര്‍ക്കാരോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനോ തീരുമാനിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുമ്പോള്‍ സ്വത്തിന്റെ വഖ്ഫ് സ്വഭാവം മാറുന്നു. സ്വകാര്യ കക്ഷികളുമായാണ് തര്‍ക്കമെങ്കിലും അത് പോവും. സര്‍ക്കാര്‍ അതിനെ നിയന്ത്രിക്കുകയാണ്.

ജസ്റ്റിസ് എജി മസീഹ്: ഇത്... യുമായി (വ്യക്തമല്ല) ബന്ധപ്പെട്ടതാണോ?

കപില്‍ സിബല്‍:വ്യക്തമാക്കിയിട്ടില്ല

കപില്‍ സിബല്‍: സര്‍ക്കാരിന്റെയും വകുപ്പുകളുടെയും എല്ലാ സ്വത്തുക്കളും കാണുക.

കപില്‍ സിബല്‍: ഏത് നിയമപ്രകാരമായിരിക്കും അന്വേഷണം നടക്കുക? ഒരു നടപടിക്രമവും സജ്ജീകരിച്ചിട്ടില്ല. പരാതിപ്പെട്ട വ്യക്തിക്ക് മാത്രമേ ട്രൈബ്യൂണലില്‍ പോകാന്‍ കഴിയൂ.

കപില്‍ സിബല്‍: ആരാണ് പരാതിപ്പെട്ട കക്ഷി? ഞാന്‍

സെക്ഷന്‍ 83 പ്രകാരം ഞാന്‍ ട്രൈബ്യൂണലില്‍ പോവുന്നു. അവിടെ ഇരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവരുടെ തന്നെ സ്വത്ത് കേസ് കേള്‍ക്കുന്നു. വഖ്ഫ് സ്വത്ത് എടുത്തുകളയുന്നു. അത് വ്യക്തമായും അന്യായവും ഏകപക്ഷീയവുമാണ്.

കപില്‍ സിബല്‍: സെക്ഷന്‍ 3(ബി) കൂടുതല്‍ പ്രശ്‌നമാണ്. 200 വര്‍ഷം മുമ്പ് രൂപീകരിച്ച വഖ്ഫ് ആരാണ് രൂപീകരിച്ചത്, വിലാസം, തീയ്യതി തുടങ്ങി എല്ലാം അറിയണം. അത് എവിടെ നിന്ന് ലഭിക്കും.

തുഷാര്‍ മേത്ത: ഉപയോഗം വഴി വഖ്ഫായ സ്വത്തിന് ഒരു നിര്‍മാതാവ് ഇല്ലായിരിക്കാം.

കപില്‍ സിബല്‍: അതാണ് പ്രശ്‌നം. ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ മുതവല്ലിയെ ആറുമാസം ജയിലില്‍ ഇടും. അയാള്‍ വഖ്ഫ് ഡീഡും ഹാജരാക്കണം.

കപില്‍ സിബല്‍: 3(ഡി) നോക്കൂ.

കപില്‍ സിബല്‍: താജ്മഹല്‍ ഒരു സംരക്ഷിത സ്മാരകമാണ്, പ്രഖ്യാപന സമയത്ത് ഈ വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ പ്രവര്‍ത്തിച്ചാല്‍ അതിന്റെ എല്ലാ സ്വഭാവ സവിശേഷതകളും നഷ്ടമാവും.

കപില്‍ സിബല്‍: ഒരു സമൂഹത്തിന് ഇത്രയും 'ഉദാരമായിരിക്കുന്ന' ഒരു നിയമവും ഞാന്‍ മുമ്പ് കണ്ടിട്ടില്ല.

കപില്‍ സിബല്‍: 1904ലെ പുരാതന സ്മാരക സംരക്ഷണ നിയമത്തിന് മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല.

കപില്‍ സിബല്‍: 1904 നിയമത്തിന് മതപരമായ ടോണുണ്ടായിരുന്നില്ല. ഒരു മതസ്ഥാപനം പുരാതന സ്മാരകമാണെങ്കില്‍ സംരക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ, 2025ലെ നിയമത്തിലെ 3(ഡി) വകുപ്പ് ഒരു മതസ്ഥാപനത്തെ പുരാവസ്തുവായി പ്രഖ്യാപിച്ചാല്‍ ഉടന്‍ വഖ്ഫ് പദവി പോവുമെന്ന് പറയുന്നു. ഇതുപോലുള്ള ഒരു നിയമത്തെ നിങ്ങള്‍ എങ്ങനെ പ്രതിരോധിക്കും?

കപില്‍ സിബല്‍: വഖ്ഫിന്റെ മൗലികമായ വിഷയം ഇതാണ്. എന്റെ സ്വത്ത് വഖ്ഫ് ചെയ്യാനുള്ള എന്റെ അവകാശത്തെ നിയമം മൂലം എടുത്തുകളയുന്നു. 1904ലെ നിയമത്തിലെ നാലാം വകുപ്പ് നോക്കൂ. നിയമപരമായ വ്യവസ്ഥയിലൂടെ വഖ്ഫ് എടുത്തു കളയുന്നു. 2025ലെ നിയമത്തിലെ പത്താം വകുപ്പ് അതിനെ നശിപ്പിക്കുന്നു.

കപില്‍ സിബല്‍: 1958 ലെ നിയമത്തിലെ ആറാം വകുപ്പില്‍ പറയുന്ന ഒരു കാര്യവും ഒരു സംരക്ഷിത സ്മാരകത്തിന്റെ ആചാരപരമോ മതപരമോ ആയ ഉപയോഗത്തെ ബാധിക്കില്ല. 2025ല്‍ ഇത് എടുത്തുകളഞ്ഞിരിക്കുന്നു.

കപില്‍ സിബല്‍: വഖ്ഫ് സ്വത്ത് എടുത്തുകളയുക എന്നതായിരുന്നില്ല മുന്‍കാല നിയമങ്ങളുടെ ലക്ഷ്യം.

കപില്‍ സിബല്‍: പുതിയ നിയമം ഭരണഘടനയുടെ 14, 25 ,26 300എ അനുഛേദങ്ങളുടെ ലംഘനമാണ്.

കപില്‍ സിബല്‍: 1958ലെ നിയമത്തിലെ 16ാം വകുപ്പ് സ്വത്തിന്റെ സ്വഭാവം നിലനിര്‍ത്തുന്നു, അങ്ങനെയൊരു നിയമം നിര്‍മിക്കാന്‍ കാരണമുണ്ടായിരുന്നിരിക്കണം.

ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് വാദം പുനരാരംഭിച്ചു

കപില്‍ സിബല്‍: ഒരു കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്. 1923ല്‍ രജിസ്‌ട്രേഷന്‍ ആവശ്യമായിരുന്നു എന്നു ഞാന്‍ പറഞ്ഞതിനെ 1954 എന്നാക്കണം.

കപില്‍ സിബല്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സൈറ്റില്‍ നിന്ന് എനിക്ക് കിട്ടിയ ഒരു പട്ടിക കോടതി പരിശോധിക്കണം. ഇത് വളരെ ശ്രദ്ധേയമാണ്. സംരക്ഷിത സ്മാരകമായാല്‍ മതപരമായ സ്വഭാവം നഷ്ടപ്പെടുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അതില്‍ സംഭലിലെ ജമാ മസ്ജിദും ഉള്‍പ്പെടുന്നു.

കപില്‍ സിബല്‍: പുതിയ ഭേദഗതിയുടെ വ്യാപ്തിയും ആഘാതവും നോക്കൂ. പട്ടിക മുഴുവനും ലഭിച്ചിട്ടില്ല. ഇത് വളരെ അസ്വസ്ഥതയുളവാക്കുന്ന സംഭവ വികാസമാണ്.

കപില്‍ സിബല്‍: ഒറിജിനല്‍ ബില്ലിലോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മുന്നിലോ വരാത്ത വ്യവസ്ഥകളാണ് പാര്‍ലമെന്റില്‍ പാസാക്കിയ ഭേദഗതി നിയമത്തിലെ 3ഇയും 3ഡിയും വകുപ്പുകള്‍. അതിലൊന്നും ചര്‍ച്ചകളുണ്ടായിട്ടില്ല.

കപില്‍ സിബല്‍: ഇവ വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.

ചീഫ്ജസ്റ്റിസ്: പാര്‍ലമെന്റ് പോലും ചര്‍ച്ച ചെയ്തില്ലേ ?

കപില്‍ സിബല്‍: ഇല്ല, ചട്ടങ്ങള്‍ മരവിപ്പിച്ച് നിര്‍ത്തിവച്ച് വോട്ടിംഗിലൂടെ അവതരിപ്പിച്ചു

ജസ്റ്റിസ് എ ജി മസീഹ്: വോട്ടിംഗ് സമയത്ത്?

കപില്‍ സിബല്‍: വോട്ടുചെയ്യുന്നതിന് തൊട്ടുമുമ്പ് ചര്‍ച്ച ചെയ്തു. ചര്‍ച്ചയിലുള്ള നിയമനിര്‍മാണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. പക്ഷേ, ഇവ ശ്രദ്ധിക്കേണ്ട കാര്യമാണ്. നിയമം കൊണ്ടുവരാന്‍ സഭയിലെ മറ്റു നടപടികള്‍ മരവിപ്പിക്കുന്ന ചട്ടം വായിക്കുന്നു.

തുഷാര്‍ മേത്ത: കപില്‍ സിബലിന്റെ പ്രസ്താവന രേഖപ്പെടുത്തണം

ചീഫ്ജസ്റ്റിസ്: ജെപിസിയില്‍ അവതരിപ്പിക്കാത്ത വകുപ്പുകള്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ടു എന്ന കാര്യം രേഖപ്പെടുത്തി.

കപില്‍ സിബല്‍: വഖ്ഫായി തിരിച്ചറിഞ്ഞ ഒരു സ്വത്തിനെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍വേ വേണമെന്ന് 1995ലെ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക പ്രകാരമുള്ള വിപുലമായ സര്‍വേയായിരുന്നു അത്. ഈ പ്രക്രിയ പുതിയ നിയമത്തില്‍ ഒഴിവാക്കി. ഇപ്പോള്‍ കലക്ടറാണ് തീരുമാനിക്കുക.

കപില്‍ സിബല്‍: 1995ലെ നിയമപ്രകാരം രജിസ്‌ട്രേഷന്‍ പ്രക്രിയ...

ചീഫ്ജസ്റ്റിസ്: ഈ നിയമത്തില്‍ അല്ല ആദ്യമായി രജിസ്‌ട്രേഷന്‍ അവതരിപ്പിച്ചത്.

കപില്‍ സിബല്‍: 1954ലെ ആക്ടിലായിരുന്നു അത് എന്ന് ഞാന്‍ പറഞ്ഞു. 1964ല്‍ സര്‍വേ നിലവില്‍ വന്നു, അത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഈ വകുപ്പ് റദ്ദാക്കി, ഇപ്പോള്‍ രജിസ്‌ട്രേഷന്‍ മാത്രം മതി സര്‍വേ വേണ്ട. സ്വത്ത് വഖ്ഫ് ആണോ അല്ലയോ എന്ന് 1995ല്‍ വഖ്ഫ് ബോര്‍ഡിന് തീരുമാനിക്കാമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് നീക്കം ചെയ്തിരിക്കുന്നു

കപില്‍ സിബല്‍: ഇതിനെ നിയമഭേദഗതിയിലെ 36(7) വകുപ്പുമായി ചേര്‍ത്ത് വായിക്കുക. എല്ലാം തീരുമാനമായി. ഇതിനര്‍ത്ഥം വഖ്ഫ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ബോര്‍ഡ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. അത് പരിശോധിച്ച് സര്‍വേക്ക് അനുമതി ലഭിക്കാം.

കപില്‍ സിബല്‍: ഇതിനെ പുതിയ ഭേദഗതിയിലെ 3ആര്‍, 3 സി വ്യവസ്ഥകളുമായി ചേര്‍ത്തുവായിക്കുക. ആരെങ്കിലും തര്‍ക്കം ഉന്നയിച്ചാല്‍ എനിക്ക് ആ സ്വത്തിനെ വഖ്ഫായി രജിസ്റ്റര്‍ ചെയ്യാനാവില്ല. ഇത് സമുദായത്തിന്റെ അവകാശങ്ങള്‍ മൊത്തത്തില്‍ എടുക്കുന്നതിന് തുല്യമാണ്.

കപില്‍ സിബല്‍: പുതിയ ഭേദഗതിയിലെ പത്താം വ്യവസ്ഥ പ്രകാരം എനിക്ക് വഖ്ഫ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. എവിടെയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. എനിക്ക് സ്യൂട്ട് ഫയല്‍ ചെയ്യാനോ മറ്റു നിയമനടപടികള്‍ സ്വീകരിക്കാനോ കഴിയില്ല. അതിനുള്ള മൗലികാവകാശം നഷ്ടപ്പെട്ടു. ഏകപക്ഷീയമായി എന്റെ സ്വത്ത് ഏറ്റെടുക്കപ്പെട്ടു, അതില്‍ നിയമനടപടി സ്വീകരിക്കാനും കഴിയില്ല.

കപില്‍ സിബല്‍: ഇനി ട്രൈബ്യൂണലുമായി ബന്ധപ്പെട്ട 83ാം വകുപ്പുമായി കൂട്ടിവായിക്കൂ. രജിസ്റ്റര്‍ ചെയ്യാത്ത വഖ്ഫ് സ്വത്തിനെ കുറിച്ചുള്ള തര്‍ക്കത്തില്‍ ട്രൈബ്യൂണലില്‍ പോവാന്‍ കഴിയില്ല. സമുദായത്തിന്റെ സ്വത്ത് ഏറ്റെടുക്കുമ്പോള്‍ തന്നെ നിയമപരമായ പരിഹാരത്തിന് സമ്മതിക്കുകയും ചെയ്യുന്നില്ല. ഇനി രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്വത്താണെങ്കില്‍ തന്നെ അതില്‍ തീര്‍പ്പാവാന്‍ പത്തുവര്‍ഷം എടുക്കും. വഖ്ഫിന്റെ മതപരമായ സ്വഭാവം മാറുകയും ചെയ്യും.

ചീഫ്ജസ്റ്റിസ്: നിയമഭേദഗതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ സ്വത്തിനും ഇത് ബാധകമല്ലല്ലോ....

കപില്‍ സിബല്‍: ആരെങ്കിലും തര്‍ക്കം പറഞ്ഞാലോ? എന്ത് സംഭവിക്കും ? 3(ആര്‍), 3(സി) വകുപ്പുകള്‍ നോക്കൂ.

കപില്‍ സിബല്‍: എന്റെ അവകാശങ്ങള്‍ നശിപ്പിക്കുന്ന ഒരു നടപടിക്രമങ്ങളും നടപ്പാക്കാന്‍ അവരെ അനുവദിക്കരുത്. ലോകാവസാനം വരെ ഈ വിഷയം തീരില്ല.

പട്ടികവര്‍ഗ സ്വത്വവുമുള്ള മുസ്‌ലിംകളുടെ പട്ടികയാണ് മൂന്ന്(ഇ)വകുപ്പിലുള്ളത്.

കപില്‍ സിബല്‍: അവകാശ ലംഘനമാവുന്ന വ്യവസ്ഥകള്‍ മാത്രമാണ് ഞാന്‍ പരിശോധിക്കുന്നത്. മൂന്ന്(ഇ)വകുപ്പിലുള്ളവര്‍ക്ക് സ്വത്ത് വഖ്ഫ് ചെയ്യാനുള്ള അവകാശം ഇല്ലാതാവുന്നു.

കപില്‍ സിബല്‍: 2013ലെ നിയമത്തിലെ 108ാം വകുപ്പ് നോക്കൂ..അതിനെ 2025ല്‍ ഭേദഗതിയിലൂടെ ഒഴിവാക്കി. വിഭജന കാലത്തെ കുടിയൊഴിഞ്ഞ എല്ലാ സ്വത്തുക്കളും സര്‍ക്കാരിന് ഏറ്റെടുക്കാം.

ചീഫ് ജസ്റ്റിസ്: എനിക്ക് നിങ്ങളുടെ സ്വത്ത് ലഭിച്ചില്ല

കപില്‍ സിബല്‍: ഒരിക്കല്‍ വഖ്ഫായാല്‍ എന്നും വഖ്ഫാണ്. അതിനാല്‍, ഇട്ടുപോയ വഖ്ഫ് സ്വത്തുക്കളും അതുതന്നെയാണ്.

ജസ്റ്റിസ് എജി മസീഹ്: രജിസ്റ്റര്‍ ചെയ്ത സ്വത്ത് എങ്ങനെ തിരിച്ചുപോവും. ഓരോ വഖ്ഫും രജിസ്റ്റര്‍ ചെയ്യണമായിരുന്നു... സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാത്ത ബോര്‍ഡുകള്‍ ഇപ്പോള്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും.

കപില്‍ സിബല്‍: നിയമഭേദഗതിയിലെ 3(സി) പരിശോധിക്കണം. നിയമനിര്‍മ്മാണം വഴി വഖ്ഫ് സ്വത്ത് ഏറ്റെടുക്കുന്നതിനെ എതിര്‍ക്കണം.

കപില്‍ സിബല്‍: 2013മായി താരതമ്യം ചെയ്യുമ്പോള്‍ 2025ലെ ഭേദഗതിയിലൂടെ സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലില്‍ അമുസ്‌ലിംകള്‍ കൂടുതലുണ്ടാവാം.

കപില്‍ സിബല്‍: പാര്‍ലമെന്റ് അംഗങ്ങളും ജഡ്ജിമാരും പോലും മുസ്‌ലിംകളായിരിക്കണം. ഇപ്പോള്‍ മുസ് ലിംകളെ കുറിച്ച് പറയുന്നില്ല. ഏഴു മുസ്‌ലിംകളും 12 അമുസ്‌ലിംകളുമാണ് സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിനെ നിയന്ത്രിക്കുക.

ചീഫ് ജസ്റ്റിസ്: ഭൂരിപക്ഷം ഉണ്ടാവുമെന്ന് എങ്ങനെയാണ് നിങ്ങള്‍ പറയുക? കേന്ദ്രമന്ത്രി മുസ്‌ലിം ആവുമോ ഇല്ലയോ ?

കപില്‍ സിബല്‍: മന്ത്രി എക്‌സ് ഒഫിഷ്യോ അംഗമാണ്.

ചീഫ് ജസ്റ്റിസ്: നമുക്ക് ഓരോ വകുപ്പും വായിക്കാം... കേന്ദ്രമന്ത്രി അമുസ്‌ലിം ആയിരിക്കുമെന്ന് എവിടെയാണ് പറയുന്നത്; മന്ത്രിസഭ അതേപടി തുടരില്ല

കപില്‍ സിബല്‍: ഇത് എല്ലാ എന്‍ഡോവ്‌മെന്റുകള്‍ക്കും ബാധകമല്ല.

ചീഫ് ജസ്റ്റിസ്: എക്‌സ് ഒഫീഷ്യോയും നോണ്‍ എക്‌സ് ഒഫീഷ്യോയും നോക്കാം. രണ്ട് എക്‌സ് ഒഫിഷ്യോയെ കുറിച്ച് പറയുന്നു. അവര്‍ അമുസ്‌ലിംകള്‍ ആയിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം. അപ്പോള്‍ എക്‌സ് ഒഫിഷ്യോ ഒഴികെ രണ്ട് അമുസ്‌ലിംകളുണ്ടാവും. എക്‌സ്ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ ഈ ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന രണ്ട് അംഗങ്ങള്‍ അമുസ്‌ലിംകളായിരിക്കണമെന്ന് പറയുന്നതിന്റെ വ്യാഖ്യാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം.

ചീഫ് ജസ്റ്റിസ്: കുറഞ്ഞത് 8 മുസ്‌ലിംകള്‍

കപില്‍ സിബല്‍: അവര്‍ക്ക് അമുസ്‌ലിംകളെ നിയമിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു

കപില്‍ സിബല്‍: 12 അമുസ്‌ലിംകളെ

ചീഫ് ജസ്റ്റിസ്: പരമാവധി അമുസ്‌ലിംകള്‍ രണ്ട് ആണെന്നല്ലേ വ്യവസ്ഥ പറയുന്നത്.

കപില്‍ സിബല്‍: അത് ശരിയായ വായനയല്ലെന്ന് തോന്നുന്നു

ജസ്റ്റിസ് എ ജി മസീഹ്: നാല് അമുസ്‌ലിംകളാവാം

കപില്‍ സിബല്‍: ശരി, അങ്ങനെയാണെങ്കില്‍ തന്നെ അത് അംഗങ്ങള്‍ മുസ്‌ലിംകള്‍ ആയിരിക്കണമെന്ന മുന്‍ നിയമത്തിലെ വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.

ചീഫ് ജസ്റ്റിസ്: രണ്ട് അംഗങ്ങള്‍ എന്ന വാക്കിന് മുമ്പ് 'കുറഞ്ഞത്' എന്നെങ്കിലും ചേര്‍ക്കാമായിരുന്നു. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ വാദപ്രകാരമുള്ള രണ്ടില്‍ കൂടുതല്‍ അനുവദനീയമാവുമായിരുന്നു.

കപില്‍ സിബല്‍: എല്ലാ മതപരമായ എന്‍ഡോവ്‌മെന്റുകളിലും, ഹിന്ദുക്കളുടേതില്‍ ഹിന്ദുക്കളും സിഖുകാരുടേതില്‍ സിഖുകാരും മാത്രമേയുള്ളൂ. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി നോക്കൂ.

ജസ്റ്റിസ് എ ജി മസീഹ്: അത് വ്യത്യസ്തമായ ഒരു വാദമാണ്

കപില്‍ സിബല്‍: കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കോടതി ഒന്നും ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ബോധ്ഗയ ആക്ട് നോക്കൂ. അവിടെ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും പോവാം.

ചീഫ് ജസ്റ്റിസ്: കൗണ്‍സില്‍ മതഭരണത്തില്‍ ഇടപെടാന്‍ അവര്‍ക്ക് റോള്‍ നല്‍കിയിട്ടുണ്ടോ?... അവര്‍ക്ക് ഉപദേശം നല്‍കാന്‍ മാത്രമേ കഴിയൂ

കപില്‍ സിബല്‍: നിര്‍ദ്ദേശങ്ങളും

കപില്‍ സിബല്‍: വഖ്ഫ് ബോര്‍ഡില്‍ എല്ലാവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായിരിക്കും. തിരഞ്ഞെടുപ്പുകളില്ല. അവരായിരിക്കും ഭരിക്കുക.

കപില്‍ സിബല്‍: 1995ലെ നിയമത്തിലെ പതിനാലാം വകുപ്പ് നോക്കുക.

കപില്‍ സിബല്‍: നിങ്ങള്‍ നിങ്ങളുടെ സ്വന്തം ആളുകളെ നിയമിക്കുന്നു

കപില്‍ സിബല്‍: അധികാരം സംസ്ഥാന സര്‍ക്കാരിനാണ്

കപില്‍ സിബല്‍: എല്ലാ വശങ്ങളില്‍ നിന്നും ഞങ്ങളെ ഒഴിവാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പദ്ധതി സൂചിപ്പിക്കുന്നു... ഞാന്‍ മതപരമായ എന്‍ഡോവ്‌മെന്റ് ആക്ടുകളുടെ പകര്‍പ്പ് സമര്‍പ്പിച്ചിട്ടുണ്ട്. എക്‌സ്ഒഫീഷ്യോ അംഗങ്ങള്‍ പോലും ഹിന്ദുക്കളായിരിക്കണം

കപില്‍ സിബല്‍: ആന്ധ്രപ്രദേശ് നിയമം, തമിഴ്‌നാട് നിയമം, കാശിവിശ്വനാഥ ക്ഷേത്ര നിയമം എന്നിവയില്‍ എല്ലാം എക്‌സ്ഒഫീഷ്യോ അംഗങ്ങള്‍ ഹിന്ദുക്കളാണ്. പൊതുജനാരോഗ്യം, പൊതുധാര്‍മ്മികത, പൊതു ക്രമം എന്നിവയ്ക്ക് വിധേയമായി ഞാന്‍ എന്റെ മതകാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലെ തന്നെ ന്യൂനപക്ഷങ്ങള്‍ അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് മതേതരമല്ല, വഖ്ഫ് രൂപീകരണം മതേതരമല്ല.

കപില്‍ സിബല്‍: 2013 ലെ ഭേദഗതിക്ക് ശേഷം വഖ്ഫ് സ്വത്തുക്കളില്‍ 1600% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. അതിനുള്ള ഉത്തരം ഞങ്ങളുടെ പക്കലുണ്ട്. സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി അക്കാര്യം കൈകാര്യം ചെയ്യും.

മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍: ഞങ്ങള്‍ വക്കീല്‍ വൃത്തി തുടങ്ങിയപ്പോള്‍ മൈക്കില്ലാതെയാണ് സംസാരിച്ചിരുന്നത്.

ചീഫ്ജസ്റ്റിസ്: സീനിയര്‍ വാദിക്കുകയാണെങ്കില്‍ മൈക്കില്ലാതെ പോലും ഞങ്ങള്‍ കേള്‍ക്കും.

രാജീവ് ധവാന്‍: 1995ലെ നിയമത്തിലെ 104ാം വകുപ്പ് ഒഴിവാക്കി. സിഇഒയുടെ അധികാരങ്ങള്‍, കടമകള്‍, ഉത്തരവാദിത്തം, എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഇത്. സിഇഎ മുസ്‌ലിം ആയിരിക്കണമെന്നില്ല. വഖ്ഫ് ട്രസ്റ്റ് രൂപത്തിലും ആവാമെന്ന് വിധികള്‍ക്ക് പുറമെ വിധികളുണ്ട്. ഉദ്ദേശ്യം വഖ്ഫിന് സമാനമാണെങ്കില്‍ വഖ്ഫ് ആയി കാണണമെന്നാണ് വിധികള്‍ പറയുന്നത്. ട്രസ്റ്റ് വഖ്ഫിന് സമമാണെങ്കില്‍ ചാരിറ്റി കമ്മീഷണറായിരിക്കില്ല വഖ്ഫ് ബോര്‍ഡായിരിക്കും അതിനെ നിയന്ത്രിക്കുകയെന്നാണ് രതിലാല്‍ കേസിലെ വിധി പറയുന്നത്. ഇത് പുതിയ ഭേദഗതിയില്‍ നീക്കം ചെയ്തു.

ജസ്റ്റിസ് എജി മസീഹ്: ഏതെങ്കിലും ട്രസ്റ്റ് വഖ്ഫായിരിക്കില്ലെന്നാണോ പറയാന്‍ ശ്രമിക്കുന്നത്?

രാജീവ് ധവാന്‍: വഖ്ഫിന് സമാനമായത് വഖ്ഫായി കണക്കാക്കും. നേരത്തെ സിബല്‍ പറഞ്ഞത് പോലെ ഇതുവരെ ഒരിക്കലും സംഭവിച്ചിട്ടില്ല. ബ്രിട്ടീഷ് ഇന്ത്യയും മുന്‍കാലങ്ങളും നോക്കൂ. വഖ്ഫിന്റെ സ്വഭാവം മാറ്റിയിരുന്നില്ല. വിശ്വാസമില്ലാതെ ഒരു മതത്തിനും നിലനില്‍ക്കാന്‍ കഴിയില്ല.. നമ്മുടേത് മതേതര രാഷ്ട്രമാണ്. എന്റെ കക്ഷികളില്‍ ഒരാള്‍ സിഖുകാരനാണ്. അദ്ദേഹം വഖ്ഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നു.

രാജീവ് ധവാന്‍: ഭരണഘടനയിലെ 26ാം വകുപ്പും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സംസ്‌കാരവും സ്വത്തും സംരക്ഷിക്കാനുള്ള 29ാം വകുപ്പും അസാധുവാക്കുന്ന രീതിയിലുള്ള നിയമം മതേതരത്തെ സംശയാസ്പദമാക്കുന്നു.

ഈ മാറ്റങ്ങളെ ന്യായീകരിക്കാന്‍ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് ? ഫലപ്രദമായ ഭരണം ഉണ്ടാവുമെന്ന് പറയുന്നു, ചില വ്യക്തികള്‍ ഉപയോഗം വഴിയുള്ള വഖ്ഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പറയുന്നു, നിങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ അവിശുദ്ധ ബന്ധം വേണം. ബാബറി മസ്ജിദ് ഉള്‍പ്പെടെയുള്ള നിരവധി ഭരണഘടനാ ബെഞ്ച് തീരുമാനങ്ങള്‍ക്കെതിരാണ് പുതിയ ഭേദഗതി. ഒരു നിയമഭേദഗതിക്കും എടുത്തുകളയാന്‍ കഴിയാത്ത അവകാശങ്ങളുണ്ടെന്ന് ടി എം പൈ കേസില്‍ വിധിയുണ്ട്.

അഭിഷേക് മനു സിങ്‌വി : അഞ്ചു വര്‍ഷം ഇസ്‌ലാം പ്രാക്ടീസ് ചെയ്തതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥ അവ്യക്തമാണ്. സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി ഇറങ്ങാനേ നേരമുണ്ടാവൂ. എല്ലാ മതക്കാരും ദാനം ചെയ്യുന്നുണ്ട്. പക്ഷേ, ഒരു വിഭാഗത്തോട് വിശ്വാസത്തിന്റെ തെളിവ് ചോദിക്കുന്നു. ഇത് ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്റെ ലംഘനമാണ്. ഒരു സ്വത്ത് വഖ്ഫ് അല്ലെന്ന് പറഞ്ഞാല്‍ പിന്നെ നിയമപരമായ പരിഹാര മാര്‍ഗങ്ങളില്ല.

അഭിഷേക് മനു സിങ്‌വി: പുരാതന സ്മാരക നിയമവും പുതിയ വഖ്ഫ് ഭേദഗതിയും കൂടിചേരുന്നത് രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തെ മറികടക്കാന്‍ കാരണമാവും. ഈ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ആരാധനാലയങ്ങള്‍ ഭീഷണി നേരിടും.

അഭിഷേക് മനു സിങ്‌വി: ആരാധനാലയ സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട ഒരു സ്മാരകം 3(ഡി) പ്രകാരം ഏറ്റെടുക്കാം.

അഭിഷേക് മനു സിങ്‌വി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത രാകേഷ് വിഷ്ണവ് കേസിലെ വിധിയിലെ 10, 11, 14 ഖണ്ഡികകള്‍ പരിശോധിക്കണം.

അഭിഷേക് മനു സിങ്‌വി: സ്വത്തവകാശവുമായി ബന്ധപ്പെട്ട് അടുത്തിടെ ചീഫ്ജസ്റ്റിസ് ഇറക്കിയ വിധിയിലെ സ്റ്റേയുടെ ഭാഗങ്ങളും നിര്‍ണായകമാണ്.

അഭിഷേക് മനു സിങ്‌വി: 2013ല്‍ നിയമം വന്നതിന് ശേഷം വഖ്ഫ് സ്വത്തുക്കളില്‍ 1600 ശതമാനം വര്‍ധനയുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. വഖ്ഫ് സ്വത്തുക്കള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് ആരംഭിച്ചത് അപ്പോഴാണ്. അപ്‌ഡേറ്റ് ചെയ്തതിനെയാണ് അവര്‍ വര്‍ധനയായി ആരോപിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങ്: ഒരു കാര്യത്തിന് ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നു. 1923ലെ നിയമം രജിസ്‌ട്രേഷന്‍ വേണമെന്ന് പറഞ്ഞു. അക്കൗണ്ടുകള്‍ സൂക്ഷിക്കാനും നിര്‍ദേശിച്ചു. മുതവല്ലി അത് ചെയ്തില്ലെങ്കില്‍ 500 രൂപ പിഴയടക്കണമായിരുന്നു. പിന്നീടും അതുതന്നെ ചെയ്താല്‍ 2000 രൂപ പിഴയടക്കണമായിരുന്നു. 1954ലെ നിയമത്തില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മുതവല്ലിയെ നീക്കാന്‍ വ്യവസ്ഥ ചെയ്തു. 1995ലെ നിയമം മുതവല്ലിക്ക് 10000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്തു. ഇപ്പോഴും രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 25000 പിഴ മാത്രമേയുള്ളൂ. മറ്റു നടപടികളൊന്നുമില്ല.

ചന്ദര്‍ ഉദയ് സിങ്: പക്ഷേ, പുതിയ ഭേദഗതിയിലെ വ്യവസ്ഥകള്‍ മുഴുവന്‍ വഖ്ഫും ഇല്ലാതാക്കുന്നു. ഇത് വളരെ അരോചകമാണ്.

മുതിര്‍ന്ന അഭിഭാഷകന്‍ ഹമാദി: വിഭജന കാലത്തെ വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസ് നടത്താന്‍ സാധിക്കില്ല. കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധി കഴിഞ്ഞു.

ഹമാദി: 1904ലെയും 1954ലെയും നിയമം പുരാതനമായ പള്ളികള്‍ ഉള്‍പ്പെടെ വിവിധ സ്വത്തുക്കളെ വഖ്ഫ് പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. അവയെല്ലാം ഇല്ലാതാക്കപ്പെടും.

ഹമാദി: ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുമ്പോള്‍ ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന് പ്രാധാന്യമുണ്ട്.

ഹമാദി: നേരത്തെ ഒരു ഇടക്കാല ഉത്തരവിലൂടെ ആരാധനാലയ സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍(സംഭല്‍ സംഘര്‍ഷത്തിന് ശേഷം സര്‍വേകള്‍ തടഞ്ഞ വിധി) സ്റ്റേ ചെയ്തു. പക്ഷേ, ആ കേസുകള്‍ ഭാവിയില്‍ വീണ്ടും സജീവമാവും.

ഹമാദി: ഒരു വ്യക്തി ഇസ്‌ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിങ്ങള്‍ എങ്ങനെ നിര്‍ണ്ണയിക്കും? ഞാന്‍ ഒരു ദിവസം 5 തവണ പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്ന് ആരെങ്കിലും എന്നോട് ചോദിക്കുമോ?

ഹമാദി: നിയമഭേദഗതിയിലെ സെക്ഷന്‍ 3(ഡി) സമ്പൂര്‍ണ്ണമായും സ്റ്റേ ചെയ്യണം.

ചീഫ്ജസ്റ്റിസ്: നാളെ വാദം തുടരും

Next Story

RELATED STORIES

Share it