Big stories

വാഗമണില്‍ തൂക്കുപാലം പൊട്ടി അപകടം; 13 പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം

സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത കയറുകൊണ്ടുള്ള തൂക്കുപാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെയും കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഗമണില്‍ തൂക്കുപാലം പൊട്ടി അപകടം;  13 പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം
X

കോട്ടയം: വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കയറുകൊണ്ടുള്ള തൂക്കുപാലം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്. സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് യാത്രയ്ക്കിടെ തകര്‍ന്നുവീണത്. അങ്കമാലി മഞ്ഞപ്ര സെന്റ് ജോര്‍ജ് പള്ളിയിലെ വികാരി ഫാ.വക്കച്ചന്‍ കമ്പനാലിനും വേദപാഠം വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെയും കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ പേരെ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തുപേര്‍ക്ക് കയറാവുന്ന തൂക്കുപാലത്തില്‍ ഇരുപതിലധികം പേര്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

17 ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത വാഗമണ്‍ ടൂറിസം പാര്‍ക്കിലെ ബര്‍മാ ബ്രിഡ്ജ് ആണ് പൊട്ടിവീണത്. അങ്കമാലി മഞ്ഞപ്ര സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠം വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം നാല്‍പതോളം പേരാണ് രണ്ട് ടെമ്പോട്രാവലറിലായി വാഗമണില്‍ എത്തിയത്.

ബര്‍മാ ബ്രിഡ്ജ് അടക്കമുള്ളവ പ്രവര്‍ത്തന സജ്ജമല്ലെന്നും ഇവയില്‍ കയറരുതെന്നുമുള്ള സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദ്ദേശം അവഗണിച്ചാണ് സംഘം കയറിയത്. അഡ്വഞ്ചര്‍ ഐറ്റം, പാര്‍ക്കിങ് എന്നിവയെല്ലാം സ്വകാര്യ വ്യക്തികള്‍ക്ക് ലേലത്തില്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, നിയമപരമായി പേപ്പര്‍ വര്‍ക്കുകള്‍ ശരിയാകാത്തതിനാല്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടില്ല.

Next Story

RELATED STORIES

Share it