- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരിക്കല്‍ അവര്‍ ഗ്രാമങ്ങളില്‍ ബോംബിട്ടു, ഇന്ന് അവ നീക്കം ചെയ്യുന്നു; മുന്‍ യുഎസ് സൈനികരുടെ കഥ

നോഹ ഡാലി
വടക്കന്‍ ലാവോസിലെ മലനിരകളിലെ ജാര്‍സ് സമതലത്തിലാണ് ലാഹ്ത് സെയ്ന്‍ എന്ന ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. റബ്ബര്‍, കുരുമുളക്, പന്നി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, ചെറിയ അളവിലെ നെല്‍ കൃഷി എന്നിവയാണ് ഗ്രാമീണരുടെ ജീവിതമാര്‍ഗം. ലാവോസിലെ മറ്റുഗ്രാമങ്ങളിലെ ഗ്രാമീണരെ പോലെ, ലാഹ്ത് സെയ്‌നിലെ ജനങ്ങളും നിരന്തരമായ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്. ഏത് നിമിഷവും അവരുടെ കാലിനടിയില്‍ സ്‌ഫോടനം നടന്നേക്കാം.
സിഐഎയുടെ 'രഹസ്യ യുദ്ധം' 1973ല്‍ അവസാനിച്ചതിനുശേഷം യുഎസ് സൈന്യം ലാവോസ് വിട്ടുപോയെങ്കിലും, അവര്‍ വര്‍ഷിച്ച 270 ദശലക്ഷം ബോംബുകള്‍ അവിടെ തന്നെ കിടന്നു. ഇന്ന്, 79 ദശലക്ഷത്തിലധികം പൊട്ടാത്ത സ്‌ഫോടകവസ്തുക്കള്‍ മണ്ണില്‍ പതിയിരിക്കുന്നു. അവയില്‍ തൊടുകയോ ചവിട്ടുകയോ ചെയ്യുന്നവര്‍ കൊല്ലപ്പെടാം, കൈകാലുകള്‍ നഷ്ടപ്പെടാം.
ലാവോസ് നിവാസികള്‍ അനുഭവിക്കുന്ന ഈ ദുരിതം മനസിലാക്കിയ പഴയ യുഎസ് സൈനികനായ ഡോണ്‍ സൂപര്‍ 2023ല്‍ വാഷിങ്ടണില്‍ നിന്നും ലാഹ്ത് സെയ്‌നിലേക്ക് എത്തി. തന്റെ രണ്ടാം ലാവോസ് വിന്യാസത്തില്‍ യുഎസ് സൈന്യം സ്ഥാപിച്ചുപോയ ബോംബുകളോടാണ് അദ്ദേഹം പോരാടുന്നത്. ഈ പോരാട്ടത്തില്‍ ഡോണ്‍ സൂപര്‍ തനിച്ചല്ല, പല മുന്‍ യുഎസ് സൈനികരും ബോംബുകള്‍ നീക്കാന്‍ ലാവോസില്‍ തന്നെ ക്യാംപ് ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം യുവത്വത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ചെയ്ത അതിക്രമങ്ങളുടെ കടമാണ് ഇവര്‍ ജീവിതം കൊണ്ടുവീട്ടുന്നത്. എന്നാല്‍, ഈ വസന്തകാലത്ത്, വിയറ്റ്‌നാം യുദ്ധം അവസാനിച്ചതിന്റെ വാര്‍ഷികം യുഎസ് ആഘോഷിക്കുമ്പോള്‍, ബന്ധം സാധാരണ നിലയിലാക്കാനും യുദ്ധത്തില്‍ തകര്‍ന്ന ലാവോസ്, കംബോഡിയ, വിയറ്റ്‌നാം എന്നീ പ്രദേശങ്ങള്‍ വൃത്തിയാക്കാനും സഹായിക്കുന്ന നിരവധി പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്ന അന്താരാഷ്ട്ര സഹായ ഫണ്ട് ട്രംപ് ഭരണകൂടം വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇതിനെതിരേ സൂപറിനെ പോലുള്ളവര്‍ പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ 30 വര്‍ഷമായി യുഎസ് ഗവണ്‍മെന്റ് നല്‍കിയ ഫണ്ടുകള്‍ ബോംബ് നിര്‍മാര്‍ജനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായതിനേക്കാള്‍ എത്രയോ മടങ്ങ് കുറവാണ് എന്ന് സൂപര്‍ പറഞ്ഞു. '' ഈ അപകടകരമായ മാലിന്യം നീക്കം ചെയ്യാനെങ്കിലും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സമ്മതിക്കണം.''- സൂപര്‍ പറയുന്നു.
2023ല്‍ യുഎസ് ആസ്ഥാനമായുള്ള പരിസ്ഥിതി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അക്വാ സര്‍വേയിലെ എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും അടങ്ങുന്ന ഒരു ചെറിയ സംഘത്തോടൊപ്പം സൂപര്‍, ഗ്രാമത്തിലെ ഒരു പാടത്തുനിന്ന് കുഴിബോംബുകള്‍ നീക്കം ചെയ്തു. യുദ്ധ മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് നാല് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ പണിയാന്‍ സൂപറും മുന്‍ സൈനികരും പദ്ധതിയിട്ടിരുന്നു.
സ്‌കൂള്‍ പണി പൂര്‍ത്തിയായപ്പോള്‍ അതിന് സൂപര്‍ എന്നു പേരിടണമെന്നായിരുന്നു ഗ്രാമീണരുടെ ആവശ്യം. പക്ഷേ, പശ്ചാത്താപത്താല്‍ വലഞ്ഞ സൂപര്‍ അതിന് തയ്യാറായില്ല. കാരണം ഗ്രാമീണരോട് പറഞ്ഞതുമില്ല.

ലാവോസിലെ ഒരു സ്‌കൂള്‍ നിര്‍മാണ പദ്ധതി പ്രദേശത്ത് മൈനുകള്‍ കണ്ടെത്തുന്നതിനായി, യുഎസ് ആസ്ഥാനമായുള്ള അക്വാ സര്‍വേയിലെ തൊഴിലാളികളോടൊപ്പം ഡോണ്‍ സൂപര്‍(ഇടത്തുനിന്ന് രണ്ടാമത്), ജോണ്‍ ജോണ്‍സ് (ഇടത്തേ അറ്റത്ത്) എന്നിവര്‍ എത്തുന്നു
1973 വരെയുള്ള ഒമ്പതുവര്‍ഷം ലാവോസില്‍ വ്യോമാക്രമണം നടത്താന്‍ പ്രതിദിനം 17 ദശലക്ഷം ഡോളറാണ് യുഎസ് ചെലവഴിച്ചത്. തായ്‌ലാന്‍ഡിലെ റാമസുന്‍ മിലിറ്ററി സ്റ്റേഷനില്‍ ഇരുന്ന് ലാവോസിലെ ബോംബാക്രമണങ്ങള്‍ ആസൂത്രണം ചെയ്യലായിരുന്നു 1969-70 കാലത്ത് സൂപറിന്റെ ദൗത്യം. 1969 ഡിസംബറില്‍ നടത്തിയ ഒരു ആക്രമണത്തില്‍ സാധാരണക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് സൂപര്‍ പറയുന്നു. അതൊരു സ്‌കൂളിന് നേരെയുള്ള ആക്രമണമായിരുന്നു.
യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നയിച്ച ഈ യുദ്ധത്തില്‍ നടന്ന മാരകമായ വ്യോമാക്രമണങ്ങളെ കുറിച്ച് ഔദ്യോഗികരേഖകള്‍ കുറവാണ്. പക്ഷേ, ലാവോസില്‍ പതിനായിരക്കണക്കിന് പേര്‍ മരിച്ചതിന് തെളിവുകളുണ്ട്. അതില്‍ ഒരു ആക്രമണം സൂപറുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍, അദ്ദേഹം 'താം പിയു ദുരന്തം' എന്നറിയപ്പെടുന്ന സ്ഥലം ഇടക്കിടെ സന്ദര്‍ശിക്കുന്നു. അവിടെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ച 374 പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് ഒരൊറ്റ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
'' ഒരു പുതിയ സ്‌കൂള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ എനിക്ക് സ്വയം മാപ്പുനല്‍കുന്നതില്‍ എന്നെ സഹായിച്ചു. പക്ഷേ, ആ ചരിത്രം അവിടെ പഠിക്കാന്‍ പോവുന്നവരുമായി ഞാന്‍ ഒരിക്കലും പങ്കുവയ്ക്കാന്‍ പോകുന്നില്ല; അത് വളരെ ലജ്ജാകരമാണ്.''-സൂപര്‍ പറഞ്ഞു.
യുഎസിന് വേണ്ടി നടത്തിയ സൈനികസേവനത്തിന് ആരെങ്കിലും നന്ദി പറയുന്നത് കേള്‍ക്കാന്‍ സൂപറിന് ഇഷ്ടമല്ല. ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ആരെങ്കിലും നന്ദി പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമാണ്.
യുഎസ് സര്‍ക്കാരിന് ഇപ്പോഴും ബാധ്യതയുണ്ട്
''ഈ പ്രദേശങ്ങളില്‍ യുഎസ് സൈന്യമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് യുഎസ് സര്‍ക്കാരിന്റെ ഉത്തരവാദിത്തവും ധാര്‍മിക ബാധ്യതയുമാണ്.''- രഹസ്യ യുദ്ധകാലത്ത് ലാവോസില്‍ സേവനമനുഷ്ഠിച്ച മുന്‍ യുഎസ് വ്യോമസേന ഉദ്യോഗസ്ഥനും പൈലറ്റുമായ മൈക്ക് ബര്‍ട്ടണ്‍ പറയുന്നു.
യുഎസിന്റെ അന്താരാഷ്ട്ര സഹായ സംഘടനയായ യുഎസ് എയ്ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ട്രംപ് വെട്ടിക്കുറിച്ചു. ട്രംപിന്റെ നടപടിക്ക് മുമ്പ് യുഎസ് എയ്ഡ് 130 രാജ്യങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. 2024ല്‍ യുഎസ് എയ്ഡ് നല്‍കിയ സഹായത്തില്‍ വെറും 0.02 ശതമാനം മാത്രമാണ് വിയറ്റ്‌നാം, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങള്‍ക്ക് നല്‍കിയത്.
യുദ്ധസമയത്ത്, തായ്‌ലന്‍ഡിലെ 56ാമത് എയര്‍ കമാന്‍ഡോ വിങില്‍ ഒരു 'ഏരിയ റീജിയണല്‍ സ്‌പെഷ്യലിസ്റ്റ്' ആയി അദ്ദേഹത്തെ നിയമിച്ചിരുന്നു. ലാവോസിലൂടെ കടന്നുപോകുന്ന എതിരാളികളുടെ ഗറില്ലാ കാനനപാത തടസപ്പെടുത്തുന്ന സൈനിക നടപടിയില്‍ 56ാമത് വ്യോമസേന വിങ് വലിയ തോതില്‍ ഉള്‍പ്പെട്ടിരുന്നു. ലാവോസിലെ പര്‍വതങ്ങളിലും കാടുകളിലും ചിതറിക്കിടക്കുന്ന ചെറിയ എയര്‍സ്ട്രിപ്പുകളും രഹസ്യമായി സ്ഥാപിക്കപ്പെട്ട യന്ത്രോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. അമേരിക്കന്‍ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം തായ് വ്യോമസേന പൈലറ്റുമാരെ പരിശീലിപ്പിക്കുകയും ലാവോസിന് മുകളില്‍ ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്യുമ്പോഴും ലാവോസിലെ നാട്ടുകാരുടെ 'ഹൃദയങ്ങളും മനസ്സുകളും കീഴടക്കുക' എന്നതായിരുന്നു മൈക്ക് ബര്‍ട്ടന്റെ ഔദ്യോഗിക ജോലി.
''ഞാന്‍ ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ പോയി. ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു ആ ഗ്രാമത്തിന്റെ തലവന്‍....നിങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യണം എന്ന് ഞാന്‍ അവരോട് ചോദിച്ചു. 'നിങ്ങള്‍ പോവൂ, ഇത് നമ്മുടെ യുദ്ധമല്ല. നിങ്ങള്‍ ഞങ്ങളെയെല്ലാം കൊല്ലും.'-എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്.''
ഏതാനും ആഴ്ചകള്‍ക്കുശേഷം, തായ്‌ലന്‍ഡിലെ വ്യോമസേനാ താവളങ്ങള്‍ക്കിടയില്‍ ഒരു ഒ-1 ബേര്‍ഡ് ഡോഗ് വിമാനത്തില്‍ ബര്‍ട്ടണ്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു റേഡിയോ സന്ദേശം അവരുടെ യൂണിറ്റിന് ലഭിച്ചു.
''ലാവോസിലെ ഒരു ഗ്രാമം ആക്രമിക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന യുഎസ് സൈന്യത്തിന്റെ പ്രത്യേക യൂണിറ്റുകള്‍ ഗറില്ലകളുടെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ പരാജയപ്പെട്ടു.'' എന്നായിരുന്നു സന്ദേശം. ഇതോടെ വിമാനം അവിടേക്ക് വിട്ടു. സ്ഥലം കണ്ടപ്പോള്‍ പരിചയമുള്ള സ്ഥലമാണെന്ന് ബര്‍ട്ടന് മനസിലായി. തന്നോട് സ്ഥലം വിടാന്‍ നിര്‍ദേശിച്ച ഗ്രാമത്തലവന്‍ അവിടെ മരിച്ചു കിടപ്പുണ്ടായിരുന്നുവെന്ന് ബര്‍ട്ടന്‍ ഓര്‍ക്കുന്നു.
'' അധിനിവേശ യുഎസ് സൈന്യവുമായി ബന്ധം സംശയിച്ച് ഗറില്ലകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. ഞങ്ങളുടെ പ്രവര്‍ത്തനമാണ് അതിന് കാരണം. ഞങ്ങള്‍ ഇവിടെ എന്തു കുന്തമാണ് ചെയ്യുന്നത്. എന്ന് ഞാന്‍ ആലോചിച്ചു.''-ബര്‍ട്ടന്‍ പറയുന്നു. ഇതിന് ശേഷം ബര്‍ട്ടന്‍ നാട്ടിലേക്ക് പോയി. പൊട്ടാത്ത ബോംബുകളെ കുറിച്ച് അവബോധം വളര്‍ത്തുന്ന ലെഗസീസ് ഓഫ് വാര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി അദ്ദേഹം നിലവില്‍ സേവനമനുഷ്ഠിക്കുന്നു. ലാവോസ് സൈന്യവുമായും യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായുള്ള മൈന്‍ ഉപദേശക ഗ്രൂപ്പ് പോലുള്ള സംഘടനകളുമായും സഹകരിച്ച് ലെഗസീസ് ഓഫ് വാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ വസന്തകാലത്ത് താല്‍ക്കാലികമായി തുടര്‍ന്നു. പക്ഷേ, നിരവധി തടസ്സങ്ങള്‍ നേരിട്ടു.
'ലാവോസ് സൈനികരും കുഴിബോംബ് നീക്കം ചെയ്യുന്ന മാഗ് (MAG) ജീവനക്കാരും ബോംബുകള്‍ നീക്കം ചെയ്യുന്നതിനായി അനുമതി ലഭിച്ച സ്ഥലത്ത് തുടര്‍ന്നും പോകാന്‍ തയ്യാറാണ്. പക്ഷേ, അവര്‍ക്ക് ഉപകരണങ്ങള്‍ അവിടെ എത്തിക്കാന്‍ കഴിയില്ല. വണ്ടിയില്‍ ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ല.''-മാര്‍ച്ച് അവസാനം ബര്‍ട്ടണ്‍ പറഞ്ഞു.

സ്‌കൂള്‍ സമര്‍പ്പണത്തില്‍, വലതുവശത്ത് നിന്ന് മൂന്നാമനായ ഡോണ്‍ സൂപര്‍, ഈ പ്രോജക്റ്റിന് പ്രചോദനം നല്‍കിയതിന് ആദരിക്കപ്പെടുന്നു.
അങ്ങനെ സ്‌കൂള്‍ തുറന്നു
2024 ഏപ്രിലില്‍, ലാഹ്ത് സെയ്‌നിലെ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു. നാട്ടുകാരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. സൂപര്‍ എതിര്‍ത്തെങ്കിലും നാട്ടുകാര്‍ വിളിച്ചു പറഞ്ഞു. 'ലാവോ ജനതയെ സഹായിക്കാന്‍ സമര്‍പ്പിതനായ ഡോണ്‍ സൂപറില്‍നിന്നാണ് ഈ സ്‌കൂള്‍ രൂപം കൊണ്ടത്....'ഭാര്യ ലോറയ്ക്കും മകള്‍ ലിലിയനുമൊപ്പമാണ് സ്‌കൂളിന്റെ ഉദ്ഘാടന പരിപാടിയില്‍ സൂപര്‍ പങ്കെടുത്തത്.
ആത്മാവിന്റെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനുള്ള ഒരു ചടങ്ങ്-അത് ബാസി (Baci) എന്നറിയപ്പെടുന്നു-നടത്താന്‍ അദ്ദേഹത്തെയും അക്വാ സര്‍വേയിലെ അംഗങ്ങളെയും ഗ്രാമത്തിലെ മുതിര്‍ന്ന സന്ന്യാസിയുടെ മുമ്പാകെ ആനയിച്ചു. മരിച്ചവരുടെ ആത്മാക്കളെ തിരികെ വിളിക്കാനും ഐക്യം പുനസ്ഥാപിക്കാനും വെളുത്ത കോട്ടണ്‍ ചരടുകള്‍ അവരുടെ കൈത്തണ്ടയില്‍ ബന്ധിച്ചു. ഗ്രാമത്തിന്റെ ജീവിതത്തിലും ഡോണ്‍ സൂപറിലും ഇത് ഒരു പുതിയ കാലഘട്ടം അടയാളപ്പെടുത്തി.
'' ഉദ്ഘാടന ദിവസം അവിടെ ഒരു ആളുടെ അഭാവമുണ്ടായിരുന്നു. അയാളില്ലെങ്കില്‍ സ്‌കൂള്‍ രൂപപ്പെടുമായിരുന്നില്ല.'' -സൂപര്‍ പറഞ്ഞു. മറ്റൊരു മുന്‍ യുഎസ് സൈനികനായ ജോണ്‍ ജോണ്‍സിനെ കുറിച്ചാണ് സൂപര്‍ പറയുന്നത്. 1980കളില്‍ വാഷിങ്ടണിലെ വനങ്ങളില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്.

യുഎസിന്റെ വിയറ്റ്‌നാം അധിനിവേശകാലത്ത് യുഎസ് സൈന്യത്തിലെ ഒന്നാം കാലാള്‍ ഡിവിഷന്റെ രണ്ടാം റെജിമെന്റിലെ രണ്ടാം ബറ്റാലിയന്റെ ഭാഗമായിരുന്നു ജോണ്‍സ്. കംബോഡിയന്‍ അതിര്‍ത്തി വഴി വിയറ്റ്‌നാമിലുള്ളവര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കലായിരുന്നു ജോണ്‍സിന്റെ ചുമതല.

''ഞാന്‍ നിരവധി സൈനിക നടപടികളില്‍ പങ്കെടുത്തു. നിരന്തരമായ ബോംബാക്രമണങ്ങളും നാപാം വര്‍ഷവും കണ്ടു. അത്തരം കാര്യങ്ങള്‍ കണ്ടാല്‍ എത്രകാലം കഴിഞ്ഞാലും നിങ്ങളുടെ മനസ് അവിടെ തന്നെയായിരിക്കും.''-ഇപ്പോള്‍ 74 വയസുള്ള ജോണ്‍സ് പറയുന്നു. വിയറ്റാനാമിലെ സ്‌ഫോടനങ്ങളുടെ ശബ്ദം ഇപ്പോഴും അദ്ദേഹത്തിന്റെ കാതുകളിലുണ്ട്. 1969ലെ വസന്തകാലത്ത് ആര്‍പിജി ആക്രമണത്തില്‍ ഇടതുകണ്ണ് നഷ്ടപ്പെട്ടു. നാട്ടില്‍ പോയ ജോണ്‍സ് 2016ല്‍ വിയറ്റ്‌നാമില്‍ എത്തി. ഒരു ചെറിയ ഗ്രാമത്തിലെ ഒരു ബുദ്ധ സന്ന്യാസിയുമായി അദ്ദേഹം ബന്ധപ്പെട്ടു.
'' ആ സന്യാസി എന്നെ ഒരു മുന്‍ വിയറ്റ്‌നാം ഗറില്ലാ ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തി. എനിക്ക് പരിക്കേറ്റ അതേ സമയത്ത് തന്നെ അയാള്‍ക്കും പരിക്കേറ്റിരുന്നു.'' അവിടെ, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്ത്, ഒരു പാപമോചന പരിപാടിയില്‍ ജോണ്‍സും മുന്‍ ശത്രുവും ഒരുമിച്ച് പങ്കെടുത്തു.
'' യുദ്ധമുണ്ടാക്കുന്ന പോസ്റ്റ് ട്രമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) മയക്കുമരുന്ന്, മദ്യം, മറ്റു ലഹരി ദുരുപയോഗങ്ങളിലേക്ക് നയിക്കും. പക്ഷേ, ഈ പാപമോചന പരിപാടി എന്നെ വിമോചിപ്പിച്ചു. യുദ്ധസമയത്ത് സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തയാള്‍ മാത്രമായിരുന്നല്ലോ ഞാന്‍.''-അദ്ദേഹം പറഞ്ഞു. ജോണ്‍സ് പറഞ്ഞതു കൊണ്ടാണ് താന്‍ ലാവോസില്‍ എത്തിയതെന്ന് സൂപര്‍ പറയുന്നു. രണ്ട് വര്‍ഷത്തിനു ശേഷം, അവര്‍ ലാവോസിലേക്ക് ആദ്യമായി ഒരുമിച്ച് യാത്ര നടത്തി. ബോബുകള്‍ പൊട്ടിത്തെറിച്ച് അംഗവൈകല്യം സംഭവിച്ച നിരവധി പേരെ അവര്‍ കണ്ടുമുട്ടി. അവരുമായി സംസാരിക്കാന്‍ വേണ്ടി മാത്രം സൂപര്‍ ലാവോസിലെ ഭാഷ പഠിച്ചു.

കുഴിബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേരില്‍ ഒരാളായ ഫോങ്‌സാവത് 'പോങ്' മണിതോങ്ങുമായി ഡോണ്‍ സൂപര്‍ സംസാരിക്കുന്നു.
ലാവോ പരമാധികാരത്തിന്റെ പ്രതീകമായ ഫ്രാ ബാങ് ബുദ്ധന്റെ വാസസ്ഥലമായ ലുവാങ് പ്രബാങ് നഗരത്തില്‍ ഇരിക്കുമ്പോള്‍ ഇഴഞ്ഞുവരുന്ന ഒരാളെ അവര്‍ കണ്ടു. '' അയാളുടെ ഇടുപ്പെല്ലുകള്‍ പൊട്ടിയിരുന്നു. ഒരു കൈയില്‍ റബര്‍ ചെരിപ്പ് ഉപയോഗിച്ച് അയാള്‍ സ്വയം തള്ളിനീക്കുകയായിരുന്നു. ഒരു വിദേശി ലാവോ ഭാഷ സംസാരിച്ചതില്‍ അയാള്‍ അദ്ഭുതപ്പെട്ടു. ഒരു ദിവസം പോത്തിനെ ഉപയോഗിച്ച് പാടത്ത് പണിയെടുക്കുമ്പോള്‍ മണ്‍വെട്ടി കുഴിംബോംബില്‍ തട്ടി സ്‌ഫോടനമുണ്ടായി. എരുമ ചത്തു എന്ന് അയാള്‍ വിശദീകരിച്ചു. അന്നാണ് അയാളുടെ ഇടുപ്പെല്ല് പൊട്ടിയത്.''- സൂപര്‍ പറയുന്നു. ഓരോ തിരിച്ചുപോക്കും പാപമോചനവും രോഗശാന്തിയുമാണെന്നും സൂപര്‍ പറയുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















