Big stories

അമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ വിവരശേഖരണം നടത്തിയതായി റിപോര്‍ട്ട്

അമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍;  ആണവ കേന്ദ്രങ്ങളുടെ വിവരശേഖരണം നടത്തിയതായി റിപോര്‍ട്ട്
X

വാഷിങ്ടണ്‍: അമേരിക്കന്‍ നയതന്ത്രജ്ഞന്റെ ചൈനയിലേക്കുള്ള അപൂര്‍വ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി അമേരിക്ക. ഒരു ചൈനീസ് ചാര ബലൂണ്‍ അമേരിക്കയ്ക്ക് മുകളിലൂടെ പറന്ന് ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിച്ചതായി പെന്റഗണ്‍ ആരോപിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യര്‍ത്ഥനപ്രകാരം പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഉന്നത സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് ബലൂണ്‍ വെടിവച്ചിടാന്‍ ആലോചിച്ചെങ്കിലും നിലത്ത് വീണാല്‍ നിരവധി പേരെ അപകടത്തിലാക്കുമെന്ന അഭിപ്രായത്തെ തുടര്‍ന്ന് ഒഴിവാക്കിയെന്നാണ് റിപോര്‍ട്ട്.

ഭൂഗര്‍ഭ അറകളും സെന്‍സിറ്റീവ് എയര്‍ബേസുകളും തന്ത്രപ്രധാനമായ ന്യൂക്ലിയര്‍ മിസൈലുകളുമുള്ള വടക്കുപടിഞ്ഞാറന്‍ മേഖലയ്ക്കു മുകളിലൂടെയാണ് ബലൂണ്‍ പറന്നതെന്നാണ് റിപോര്‍ട്ട്. വ്യക്തമായും ഈ ബലൂണിന്റെ ഉദ്ദേശ്യം നിരീക്ഷണമാണെന്ന് ഒരു മുതിര്‍ന്ന പ്രതിരോധ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇത് പ്രത്യേകിച്ച് അപകടകരമായ രഹസ്യാന്വേഷണ ഭീഷണിയാണെന്ന് പെന്റഗണ്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ചൈന സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബലൂണ്‍ പറന്നതെന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് കൂടുതല്‍ ശക്തി പകരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ജി 20 ഉച്ചകോടിക്കിടെ ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ കഴിഞ്ഞ നവംബറില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ബ്ലിങ്കന്റെ ബീജിങ് സന്ദര്‍ശനം. 2018നു ശേഷം അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞന്‍ ആദ്യമായാണ് ചൈന സന്ദര്‍ശിക്കുന്നത്. വ്യാപാരം, ബൗദ്ധിക സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പുറമേ തായ്‌വാനുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നുണ്ട്. ആവശ്യമെങ്കില്‍ തായ് വാനെ ബലപ്രയോഗത്തിലൂടെ പ്രധാന ഭൂപ്രദേശവുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് അമേരിക്ക തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കുന്നതെന്നും ചൈന ആക്രമിച്ചാല്‍ തായ്‌വാനെ സംരക്ഷിക്കാന്‍ വാഷിംഗ്ടണ്‍ സഹായിക്കുമെന്നും ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചാര ബലൂണ്‍ യുഎസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചെന്നും എന്നാല്‍ അമേരിക്കന്‍ ഇന്റലിജന്‍സ് അതിനുമുമ്പ് ട്രാക്ക് ചെയ്തിരുന്നതായും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജോ ബൈഡന്റെ നിര്‍ദേശപ്രകാരം ബലൂണ്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഫിലിപ്പീന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുമായി യുസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തന്നെ മൊണ്ടാനയ്ക്ക് മുകളിലുണ്ടായിരുന്ന ബലൂണ്‍ പരിശോധിക്കാന്‍ യുദ്ധവിമാനങ്ങള്‍ അയച്ചതായും റിപോര്‍ട്ടുണ്ട്. ഫിലിപ്പൈന്‍ സൈനിക താവളങ്ങളില്‍ യുഎസ് സേനയ്ക്ക് വിശാലമായ പ്രവേശനം നേടുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഓസ്റ്റിന്‍ ഈ ആഴ്ച ഫിലിപ്പീന്‍സില്‍ ഉണ്ടായിരുന്നു. എന്നാല്‍ വെടിവച്ചിട്ടാല്‍ അവശിഷ്ടങ്ങള്‍ വീഴുന്നിടത്തുള്ളവരുടെ സുരക്ഷയ്ക്കും അപകടസാധ്യതയുണ്ടാക്കുമെന്നതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നായിരുന്നു പെന്റഗണിന്റെ തീരുമാനം. യുഎസ് വ്യോമാതിര്‍ത്തിയില്‍ ബലൂണ്‍ ഇപ്പോഴും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ സ്ഥിരീകരിച്ചു. 'ബലൂണ്‍ നിലവില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള എയര്‍ ട്രാഫിക്കിന് മുകളിലാണ് സഞ്ചരിക്കുന്നത്. ഭൂമിയിലുള്ള ആളുകള്‍ക്ക് ഇത് സൈനികമോ ശാരീരികമോ ആയ ഒരു ഭീഷണിയും ഉണ്ടാക്കുന്നില്ലെന്നും റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെയും ചൈന അമേരിക്കയ്ക്ക് മുകളിലൂടെ ചാര ബലൂണുകള്‍ അയച്ചിരുന്നു. എന്നാല്‍, എന്നിരുന്നാലും, ഇത് യുഎസ് വ്യോമാതിര്‍ത്തിയില്‍ കൂടുതല്‍ സമയം നീണ്ടുനിന്നതായി മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍ തന്നെ വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തന്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബലൂണുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ ഗൗരവം ചൈനീസ് ഉദ്യോഗസ്ഥരുമായി ഉന്നയിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞങ്ങളുടെ സ്വന്തം മണ്ണില്‍ ഞങ്ങളുടെ ആളുകളെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായിരുന്ന നാന്‍സി പെലോസി തായ് വാന്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. നിലവിലെ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും സമാനമായ രീതിയില്‍ യാത്ര നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പരമാധികാരത്തോടുള്ള ചൈനയുടെ ധിക്കാരപരമായ നടപടിയാണ് ഇതെന്നും അതിനെ അഭിസംബോധന ചെയ്യണമെന്നും പ്രസിഡന്റ് ബൈഡന് നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it