Big stories

ദ്വിരാഷ്ട്ര പരിഹാരം: മിഥ്യാധാരണയും മിഥ്യാബോധവും ശ്രദ്ധ തിരിക്കലും

ദ്വിരാഷ്ട്ര പരിഹാരം: മിഥ്യാധാരണയും മിഥ്യാബോധവും ശ്രദ്ധ തിരിക്കലും
X

ജെറിമി സോള്‍ട്ട്

2023 മുതല്‍ ഗസയില്‍ നടക്കുന്ന വംശഹത്യ തടയാനുള്ള ഇടപെടുകള്‍ നടത്താതെയും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്വീകരിച്ച നടപടികളെ പിന്തുണക്കാതെയും യുകെ പ്രധാനമന്ത്രി കീത്ത് സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അതുപോലുള്ളവരും ഇപ്പോള്‍ ഫലസ്തീന്‍ രാഷ്ട്രത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനും പിന്തുണ പ്രഖ്യാപിക്കുന്നു.

എന്താണ് ഇതിന് കാരണം? തങ്ങള്‍ തെറ്റുകള്‍ ചെയ്‌തെന്ന് മനസ്സിലാക്കാന്‍, ഉയര്‍ന്നുവരുന്ന പൊതുജന രോഷം അവരെ നിര്‍ബന്ധിതരാക്കിയിട്ടുണ്ടോ? ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ ശരിക്കും തീരുമാനിച്ചിട്ടുണ്ടോ ?. അതോ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ അഭിനയിക്കുകയാണോ ?. നിലവിലെ സംഘര്‍ഷം തണുത്താല്‍ അവര്‍ പതിവ് അടിമത്തത്തിലേക്ക് മടങ്ങുമോ?

മേയ് 19 മുതലാണ് യുകെയും കാനഡയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ പ്രസ്താവനകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ ഇതായിരുന്നു പ്രസ്താവനകളിലെ ഭീഷണി. ''ഗസയില്‍ ഇസ്രായേല്‍ സൈനിക നടപടികള്‍ പുതുക്കുകയാണെങ്കില്‍, മാനുഷിക സഹായങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍, അവയ്ക്ക് പ്രതികരണമായി ഞങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിക്കും.''

ഇസ്രായേല്‍ എന്തിന് അപ്പുറം ചെയ്താല്‍ എന്നതാണ് ഇവിടെ ഉന്നയിക്കേണ്ട ചോദ്യം. കാരണം, ഈ മൂന്നു സര്‍ക്കാരുകളും ഇസ്രായേലിനെതിരേ മൂര്‍ത്തമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. മറുവശത്ത്, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന മൂര്‍ത്തമായ നിരവധി നടപടികള്‍ സ്വീകരിച്ചു. ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കി, ഗസയിലെ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന തടവുകാരുടെ സ്ഥാനം അറിയാന്‍ വേണ്ട രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തി, ഗസയ്ക്ക് മുകളിലൂടെ ഇസ്രായേലിന് വേണ്ടി ചാരവിമാനങ്ങള്‍ പറത്തി, ഗസയിലെ വംശഹത്യക്കെതിരേ സ്വന്തം നാടുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി, യുകെയില്‍ ഫലസ്തീന്‍ ആക്ഷന്‍ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. അങ്ങനെ അവര്‍ വംശഹത്യാ വിരുദ്ധ നീക്കങ്ങളെയാണ് ശിക്ഷിച്ചത്, വംശഹത്യയെ അല്ല.

2025 ജൂലൈ 21ന്, യുകെയും 31 സഖ്യരാജ്യങ്ങളും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളെക്കുറിച്ചുള്ള ഒരു പ്രസ്താവനയില്‍ ഒപ്പുവച്ചു. സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ 'പുതിയ ആഴങ്ങളിലെത്തിയിരിക്കുന്നതിനാല്‍' ഗസയ്‌ക്കെതിരായ 'യുദ്ധം' 'ഇപ്പോള്‍ അവസാനിപ്പിക്കണം' എന്നും 'അവശ്യ മാനുഷിക സഹായം നിഷേധിക്കുന്നത് അസ്വീകാര്യമാണെന്നും പ്രസ്താവന പറയുന്നു.

അസ്വീകാര്യം എന്ന പ്രയോഗത്തെ മറികടക്കാനായി അവര്‍, ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം പാലിക്കണമെന്നും അല്ലെങ്കില്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടിയെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ പ്രഖ്യാപിച്ചു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ അതിരുകള്‍ മാറ്റുന്നതും ജനസംഖ്യാ അനുപാതം മാറ്റുന്നതുമായ ഏതൊരു നടപടികളെയും ശക്തമായി എതിര്‍ക്കുന്നതായും പ്രസ്താവന പറഞ്ഞു.

ഫലസ്തീനികളുടെ ഭൂമിയുടെ അതിരുകള്‍ മാറ്റുന്നതും ജനസംഖ്യാ അനുപാതം മാറ്റുന്നതും തടയാന്‍ 1948ല്‍ ഫലസ്തീനില്‍ സയണിസ്റ്റ് രാഷ്ട്രം സ്ഥാപിച്ചത് മുതല്‍ 1967 വരെയുള്ള 19 വര്‍ഷം യുകെയ്ക്കും 31 സഖ്യകക്ഷികള്‍ക്കുമുണ്ടായിരുന്നുവെന്ന കാര്യം നാം മറക്കരുത്. 1967 മുതല്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ ഒന്നും ചെയ്തില്ല. എന്നിട്ടും അവര്‍ വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന് ആളുകള്‍ വിശ്വസിക്കണോ ?

ഗസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് ജൂലൈ 30ന് യുകെ പ്രധാനമന്ത്രി കീത്ത് സ്റ്റാമര്‍ പറഞ്ഞത്.

അവര്‍ക്ക് ഫലസ്തീന്റെ രാഷ്ട്ര പദവി മറ്റൊന്നുമായും ബന്ധമില്ലാത്ത സ്വതന്ത്രമായ അവകാശമല്ല. കീത്ത് സ്റ്റാമറിന്റെ ദുഷിച്ച മനസില്‍, ഗസയില്‍ നിന്നും ഇസ്രായേലിനെ പുറത്താക്കാനുള്ള ഒരു വിലപേശല്‍ ചീപ്പ് മാത്രമാണ് ഫലസ്തീന്റെ രാഷ്ട്രപദവി. അയാള്‍ക്ക് വേണ്ടത് ഇസ്രായേല്‍ നല്‍കിയാല്‍ യുകെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്നതാണ് അതിന്റെ സ്വാഭാവിക പരിണതഫലം.

ദ്വിരാഷ്ട്ര പരിഹാരം ഭീഷണിയിലാണെന്നും അതില്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധരാകണമെന്നും കീത്ത് സ്റ്റാമര്‍ പറയുന്നു. അദ്ദേഹം പറയുന്ന ദ്വിരാഷ്ട്ര പരിഹാരം നിലവില്‍ ഇല്ലെന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത രാഷ്ട്രീയക്കാര്‍ ആവര്‍ത്തിച്ച് ജപിക്കുന്ന മന്ത്രം മാത്രമാണ് ദ്വിരാഷ്ട്ര പരിഹാരം. കീത്ത് സ്റ്റാമറും കൂട്ടാളികളും മൂര്‍ത്തമായ ആശയം എന്ന് വിളിക്കുന്ന ദ്വിരാഷ്ട്രപരിഹാരത്തെ ആശയത്തിന് അപ്പുറം കൊണ്ടുപോവാന്‍ ഇസ്രായേലിന് ഉദ്ദേശ്യമില്ല.

ഗസയെ കുറിച്ച് ഇസ്രായേലി ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് അടുത്തിടെ പറഞ്ഞ വാക്കുകള്‍ കേള്‍ക്കണം. ''ഗസയെ ഒരു അറബിയില്‍ നിന്ന് മറ്റൊരു അറബിയിലേക്ക് മാറ്റാനല്ല ഞങ്ങള്‍ ഇതെല്ലാം ത്യജിച്ചത്....ഗസ ഇസ്രായേലിന്റെ അവിഭാജ്യഘടകമാണ്.''

ഗസയില്‍ ഇസ്രായേലി സൈനികരുണ്ടെന്നും ജൂത കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നുമാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് സഖ്യകക്ഷിയായ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കര്‍ഹി പറഞ്ഞത്.

ഗസയെ കീഴടക്കി സുഖവാസ കേന്ദ്രമാക്കുമെന്ന് ട്രംപ് പറഞ്ഞത് പോലെ തന്നെ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ജൂത കുടിയേറ്റം വ്യാപകമായി കൊണ്ടിരിക്കുകയാണ്. വെസ്റ്റ്ബാങ്കിനെ ഇസ്രായേലില്‍ കൂട്ടിചേര്‍ക്കുമെന്ന് സ്‌മോട്രിച്ചും സംഘവും പ്രഖ്യാപിച്ചു. ഗസയുടെ ഒരുഭാഗമെങ്കിലും ഇസ്രായേലില്‍ ചേര്‍ക്കണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാരില്‍ വലിയൊരു വിഭാഗം ഭ്രാന്തന്‍മാരാണെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണ്. സയണിസ്റ്റ് ആശയത്തിന്റെ അടിസ്ഥാനത്തില്‍ 1967 മുതല്‍ സയണിസ്റ്റ് ഭരണകൂടം പിന്തുടരുന്ന രീതിയാണത്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറുള്ള ഒരു പ്രദേശത്തും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് 2018 ജൂലൈ 18ന് ഇസ്രായേലി നെസെറ്റ് പ്രമേയം പാസാക്കിയിരുന്നു.

അടുത്ത ദിവസം ഇസ്രായേലിനെ ജൂത ജനതയുടെ ദേശീയരാഷ്ട്രമായി പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ പ്രഖ്യാപിക്കാത്ത അതിര്‍ത്തികള്‍ക്കുള്ളില്‍ ജീവിക്കുന്നവരുടെ, വംശീയമോ മതപരമായോ വ്യത്യാസമില്ലാതെയുള്ള, രാഷ്ട്രമല്ല അത്.

മതം മാത്രം ഒരു ജനതയെ സൃഷ്ടിക്കാത്തതിനാല്‍ ലോകമെമ്പാടുമുള്ള ജൂതന്‍മാര്‍ ഒരു ജനതയല്ല, മറിച്ച് അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ ദേശീയ സമൂഹങ്ങളെ രൂപപ്പെടുത്തുന്ന ഭാഗം മാത്രമാണ്. എല്ലാ ജൂതന്‍മാരെയും, ഇപ്പോള്‍ ലോകം മുഴുവന്‍ വെറുക്കുന്ന ഇസ്രായേലികള്‍ ആക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് ജൂതന്‍മാരെ അവരുടെ മാതൃരാജ്യങ്ങളില്‍ ദുര്‍ബലരാക്കുകയും ഇസ്രായേലില്‍ മാത്രമേ സുരക്ഷിതത്വമുള്ളൂ എന്ന പ്രതീതി അവര്‍ക്കിടയില്‍ സൃഷ്ടിക്കുകയും ചെയ്യും.

പക്ഷേ, ഇസ്രായേലിനെ പോലെ സുരക്ഷിതത്വം കുറഞ്ഞ മറ്റൊരിടവും അവര്‍ക്കുണ്ടാവില്ല. ഇറാന്റെ മിസൈല്‍ ആക്രമണം ഇസ്രായേലിനെ ഏതാണ്ട് മുട്ടുകുത്തിച്ചു. വടക്കന്‍ പ്രദേശങ്ങളിലെ എല്ലാ വാസസ്ഥലങ്ങളും ഉപേക്ഷിക്കപ്പെട്ടു. 2023 ഒക്ടോബര്‍ 7 മുതല്‍ പതിനായിരക്കണക്കിന് ഇസ്രായേലികള്‍ എന്നെന്നേക്കുമായി രാജ്യം വിട്ടുപോയി. പശ്ചിമേഷ്യയില്‍ എവിടെയും ഇസ്രായേല്‍ വേലി കെട്ടിയിട്ടില്ല, മറിച്ച്, സ്വയം വേലി കെട്ടി അതിനുള്ളില്‍ ഇരിക്കുകയാണ്.

2025 ജൂലൈ 29ന്, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ സൗദി അറേബ്യയും ഫ്രാന്‍സും അധ്യക്ഷത വഹിച്ച ഒരു സമ്മേളനത്തിന്റെ അവസാനം 17 ലോകരാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും അറബ് ലീഗിന്റെയും പ്രതിനിധികള്‍ 'ന്യൂയോര്‍ക്ക് പ്രഖ്യാപനം' എന്ന പേരില്‍ ഒരു പ്രമേയം പാസാക്കി.

ഗസയിലെ ഹമാസിന്റെ ഭരണം 'അവസാനിക്കണം', ഹമാസ് ആയുധങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിക്ക് 'കൈമാറണം'. ഗസയ്‌ക്കെതിരായ 'യുദ്ധം' 'ഇപ്പോള്‍' 'അവസാനിക്കണം', ജനസംഖ്യാനുപാതം മാറുകയോ അധിനിവേശം തുടരുകയോ പാടില്ല... എന്നൊക്കെ പ്രഖ്യാപനം പറയുന്നു. 'വെടിനിര്‍ത്തലിന് ശേഷം', ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരത്തിന്‍ കീഴില്‍ ഗസയില്‍ ഒരു പരിവര്‍ത്തന ഭരണകൂടം 'ഉടന്‍' സ്ഥാപിക്കണം, ഗസയുടെ പുനര്‍നിര്‍മാണം അന്താരാഷ്ട്ര മേല്‍നോട്ടത്തിലായിരിക്കും, ഫലസ്തീന്‍ അതോറിറ്റിയുടെ ക്ഷണപ്രകാരം അന്താരാഷ്ട്ര സേനയെ വിന്യസിക്കണം, യുഎന്‍ അംഗരാജ്യങ്ങള്‍ അതിന് വേണ്ട സൈനികരെ നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.

വംശീയമായി പുറത്താക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം വീടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന 1948 ഡിസംബര്‍ 11ലെ യുഎന്‍ പൊതുസഭയുടെ 194ാം നമ്പര്‍ പ്രമേയം പ്രകാരം'ന്യായമായ' ദ്വിരാഷ്ട്ര പരിഹാരം ചര്‍ച്ച ചെയ്യും, തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് സ്വത്തിനും നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും എന്നൊക്കെ പ്രഖ്യാപനത്തിലുണ്ട്. എന്തായാലും ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാനമായി പോലും ഇക്കാര്യങ്ങള്‍ അടുത്ത 80 വര്‍ഷത്തേക്ക് ഇസ്രായേല്‍ അംഗീകരിക്കില്ല.

1967ലെ ആറു ദിവസ യുദ്ധത്തിന് മുമ്പത്തെ അതിരുകള്‍ പ്രകാരം രണ്ടു രാജ്യങ്ങളും സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം പറയുന്നത്. എന്നിരുന്നാലും ഈ അതിരുകള്‍ ഇസ്രായേല്‍ തുടച്ചുനീക്കിയിട്ടുണ്ട്. അതിലേക്ക് തിരികെ പോവാന്‍ അവര്‍ക്ക് ഉദ്ദേശ്യമില്ല.

ഈ പ്രഖ്യാപനത്തിന്റെയും അതിന്റെ അനുബന്ധമായ 30 പേജുകളില്‍ ഇനിയും നിരവധി 'നിര്‍ബന്ധിത' കാര്യങ്ങളുണ്ട്, ധാരാളം വിശദാംശങ്ങളുണ്ട്. പക്ഷേ, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ എങ്ങനെ പുറത്തുകളയുമെന്ന് വിശദീകരിക്കുന്നില്ല. അത് വിശദീകരിക്കാത്തതിനാല്‍ 'ദ്വിരാഷ്ട്ര പരിഹാരം' തുടക്കത്തില്‍ തന്നെ തകര്‍ന്നുവീഴുന്നു. ഇസ്രായേലിനെ ആ പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ധാരണയില്ലാത്ത രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്ര പ്രശ്‌നത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.

ഈ പ്രഖ്യാപനം ഫലസ്തീന്‍ അതോറിറ്റിയേയും അതിന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഫലസ്തീനികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ അബ്ബാസിന്റെ അധികാരം 2009ല്‍ അവസാനിച്ചതാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിനെ സഹായിക്കുന്നതില്‍ അദ്ദേഹത്തിനും ഫലസ്തീന്‍ അതോറിറ്റിക്കും നീണ്ട ചരിത്രമുണ്ട്. ഇസ്രായേല്‍ നല്‍കുന്ന പണം, ആയുധങ്ങള്‍, സംരക്ഷണം എന്നിവയ്ക്ക് പുറത്ത് അവര്‍ക്ക് മറ്റൊരു അധികാരവുമില്ല. അന്താരാഷ്ട്ര സേനയുടെ സംരക്ഷണയില്‍ ഗസയില്‍ ഫലസ്തീന്‍ അതോറിറ്റി ഭരണകൂടം സ്ഥാപിക്കപ്പെട്ടാല്‍ അവര്‍ക്ക് അധികാരങ്ങളൊന്നുമുണ്ടാവില്ല.

അബ്ബാസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം ഫലസ്തീനികളും. വിഷലിപ്തമായ ഭരണം നടത്തിയ ഫലസ്തീന്‍ അതോറിറ്റിയിലും ഫലസ്തീനികള്‍ക്ക് വിശ്വാസമില്ല. തങ്ങളെ ആരു ഭരിക്കണമെന്ന് ഫലസ്തീനികള്‍ക്ക് തീരുമാനിക്കാമെന്ന കാര്യം ഈ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

ഫലസ്തീനികളെ അവരുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് തടയുന്നത് 1918ലാണ് ആരംഭിച്ചത്. 2005-2006 കാലത്ത് വെസ്റ്റ്ബാങ്ക് തദ്ദേശ തിരഞ്ഞെടുപ്പിന് അവര്‍ക്ക് അവകാശം ലഭിച്ചപ്പോള്‍ അവര്‍ ഹമാസിനെ തിരഞ്ഞെടുത്തു. ഗസയിലും അവര്‍ ഹമാസിനെയാണ് തിരഞ്ഞെടുത്തത്. അതോടെ ഇസ്രായേലി സര്‍ക്കാര്‍ ഗസയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി.

ഉപരോധങ്ങള്‍, സൈനിക ഇടപെടല്‍, ഹമാസും ഫതഹ് പാര്‍ട്ടിയും തമ്മില്‍ ആഭ്യന്തരയുദ്ധത്തിന് പ്രേരണ എന്നിവയിലൂടെ ഗസയിലെ ഹമാസ് സര്‍ക്കാരിനെ നശിപ്പിക്കാന്‍ ഇസ്രായേല്‍, യുഎസ്, യുകെ, ഫലസ്തീന്‍ അതോറിറ്റി എന്നവര്‍ ഏകീകൃത ശ്രമം നടത്തി. തങ്ങള്‍ക്ക് വേണ്ടി നേരത്തെ തന്നെ തിരഞ്ഞെടുത്തവരെ തിരഞ്ഞെടുത്താല്‍ മാത്രമേ ജനാധിപത്യം പ്രവര്‍ത്തിക്കൂ എന്നതാണ് ഫലസ്തീനികളുടെ പാഠം.

ഗസയിലെ വംശഹത്യയ്ക്കുള്ള പരിഹാരം വംശഹത്യ തടയുകയല്ല, മറിച്ച് ഹമാസ് കീഴടങ്ങുകയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 ഇസ്രായേലി തടവുകാരെ തിരികെ നല്‍കുകയും ചെയ്യുക എന്നതാണ് ട്രംപിന്റെ നിലപാട്. ഗസയില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങുകയും ഇസ്രായേലി ജയിലുകളില്‍ വിചാരണ കൂടാതെ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളെ കൈമാറുകയും ചെയ്യുന്നതാണ് ന്യായമായ ബദല്‍. പക്ഷേ, ട്രംപിന്റെ ലോകം ന്യായമുള്ള ലോകമല്ല.

ഫലസ്തീനില്‍ യുഎസിന് ഇഷ്ടമല്ലാത്ത ഏതൊരു നടപടിയേയും യുഎസ് തടയുമെന്ന് അറിയുന്നതിനാലും പൊതുജനങ്ങളുടെയും കോണ്‍ഗ്രസിന്റെയും വര്‍ധിച്ച എതിര്‍പ്പുകള്‍ക്കിടയിലും യുഎസ് ആയുധങ്ങള്‍ ഒഴുക്കുന്നതിനാലും കീത്ത് സ്റ്റാമറിന്റെയും കൂട്ടരുടെയും 'ന്യൂയോര്‍ക്ക് പ്രഖ്യാപന'ത്തിന്റെ വാചാലതകളില്‍ ഇസ്രായേല്‍ എന്തിന് പരിഭ്രാന്തരാകണം?

പൂച്ച എലിയുമായി കളിക്കുന്നത് പോലെയാണ് ഈ പ്രഖ്യാപനങ്ങളുമായി അവര്‍ കളിക്കുക. ചര്‍ച്ചകള്‍ക്ക് അവര്‍ തയ്യാറാവുകയാണെങ്കില്‍ തന്നെ 1990കളിലെ ഓസ്‌ലോ ചര്‍ച്ചകളോട് ചെയ്തതു പോലെ ചര്‍ച്ചകളെ വലിച്ചിഴക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും പ്രവര്‍ത്തിക്കുക.

ഇസ്രായേലിന്റെ ഉദ്ദേശ്യങ്ങളുടെ ഏറ്റവും വിശ്വസനീയമായ സൂചകം അവര്‍ ചെയ്യുന്ന കാര്യങ്ങളാണ്. ഗസയില്‍ അവര്‍ ഇപ്പോഴും ഒരു ദിവസം ഏകദേശം 100 ഫലസ്തീനികളെ കൊല്ലുന്നു. വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ കൊല്ലപ്പെടുന്നു, ഫലസ്തീനികളുടെ നഗരങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കുന്നു, ആയിരക്കണക്കിന് പേരെ സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കുന്നു, ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം വെസ്റ്റ് ബാങ്കിലെ വംശീയമായി ഏറ്റവും ക്രൂരരായ കിര്യത്ത് അര്‍ബ സെറ്റില്‍മെന്റിനെ ഏല്‍പ്പിച്ചിരിക്കുന്നു.

ശിക്ഷിക്കപ്പെടാതെ നാശനഷ്ടങ്ങള്‍ വരുത്താനും കൊല്ലാനും കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ഹില്‍ ടോപ്പ് യൂത്ത് തുടങ്ങിയ സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നു. അവരില്‍ ഒരാളായ യിനോണ്‍ ലെവി ജൂലൈ 28ന് ഉം അല്‍ ഖൈര്‍ ഗ്രാമത്തിന് സമീപം തോക്ക് ഉപയോഗിച്ച് ഫലസ്തീനിയെ വെടിവച്ചു കൊന്നു. യൂറോപ്യന്‍ യൂണിയനും യുഎസും ഉപരോധം ഏര്‍പ്പെടുത്തിയ കുടിയേറ്റ നേതാവാണ് ഇയാള്‍. ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ യുഎസ് ഇയാള്‍ക്കെതിരായ ഉപരോധം പിന്‍വലിച്ചു.

സാധാരണരീതിയില്‍ നോക്കിയാല്‍ ലെവിന്‍ അക്രമകാരിയും സൈക്കോപാത്തുമാണ്. തോക്കുമായി വെസ്റ്റ്ബാങ്കില്‍ നടക്കുന്നതിന് പകരം ജയിലിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ ആണ് അയാളുണ്ടാവേണ്ടത്. വാസ്തവത്തില്‍, അയാളുടെ മാനസികാവസ്ഥ അയാളെ ഭരണ നയങ്ങളുടെ തികഞ്ഞ ഉപകരണമാക്കുന്നു.

അവിടെ മറ്റാരും വെടിവച്ചില്ല, അതിനാല്‍ ലെവിയുടെ തോക്കില്‍ നിന്നുള്ള ഒരു വെടിയുണ്ടയാണ് ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'നോ അദര്‍ ലാന്‍ഡ്' എന്ന സിനിമയുടെ കണ്‍സള്‍ട്ടന്റായ ഔദേ മുഹമ്മദ് ഖലീല്‍ അല്‍ ഹത്താലിനെ' കൊലപ്പെടുത്തിയതെന്ന് വ്യക്തമാണ്. കൊലപാതകക്കുറ്റത്തിന് ജയിലില്‍ അടക്കേണ്ട ലെവിയെ മൂന്നു ദിവസം വീട്ടുതടങ്കലില്‍ വയ്ക്കുക മാത്രമാണ് ഇസ്രായേല്‍ ചെയ്തത്.

ഇസ്രായേലിനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങള്‍ നേരിടണമെന്ന് അവരോട് പറയണം. അല്ലാതെ, ഭീഷണിപ്പെടുത്തിയാല്‍ മാത്രം പോര.

പാരിസ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്തുവരുന്ന വ്യാജ വാര്‍ത്തകള്‍ ഇസ്രായേലിനുള്ള തത്സമയ പിന്തുണയെ മറച്ചുവെക്കുന്നതിനാല്‍ നിര്‍ഭാഗ്യവശാല്‍ ഈ പോയിന്റില്‍ എത്തിച്ചേരാനുള്ള സാധ്യതയില്ല.

1967ന് ശേഷം മേല്‍പ്പറഞ്ഞ നഗരങ്ങളില്‍ നിന്നോ റിയാദില്‍ നിന്നോ അറബ് ലീഗ് ഓഫീസുകളില്‍ നിന്നോ ക്യാമ്പ് ഡേവിഡില്‍ നിന്നോ വരുന്ന പദ്ധതികളുടെ പുതുക്കിയ പതിപ്പ് മാത്രമാണ് ഈ പ്രസ്താവനകള്‍. എല്ലാം പൊടിപൊടിച്ചു, അവ ഇപ്പോള്‍ ഓര്‍മ്മിക്കപ്പെടുന്നില്ല. 'ദ്വിരാഷ്ട്ര പരിഹാര'ത്തിനുള്ള നിലവിലെ പിന്തുണാ പ്രഖ്യാപനങ്ങളുടെ വിധിയും ഇതുതന്നെയായിരിക്കാനാണ് സാധ്യത.

Next Story

RELATED STORIES

Share it