Big stories

മുല്ലാ ഉമര്‍ വര്‍ഷങ്ങളോളം കഴിഞ്ഞത് യുഎസ് സൈന്യത്തിന്റെ മൂക്കിന് താഴെ; വെളിപ്പെടുത്തലുമായി പുതിയ പുസ്തകം

യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം തുറന്നുകാട്ടുന്ന 'ശത്രുവിന് വേണ്ടിയുള്ള തിരച്ചില്‍' എന്ന ഡച്ച് മാധ്യമപ്രവര്‍ത്തകനായ ബെറ്റെ ഡാമിന്റെ പുതിയ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.

മുല്ലാ ഉമര്‍ വര്‍ഷങ്ങളോളം കഴിഞ്ഞത്   യുഎസ് സൈന്യത്തിന്റെ മൂക്കിന് താഴെ;  വെളിപ്പെടുത്തലുമായി പുതിയ പുസ്തകം
X

വാഷിങ്ടണ്‍: അഫ്ഗാന്‍ താലിബാന്‍ സ്ഥാപക നേതാവ് മുല്ലാ മുഹമ്മദ് ഉമര്‍ വര്‍ഷങ്ങളോളം കഴിഞ്ഞത് അഫ്ഗാനിലെ യുഎസ് സൈന്യത്തിന്റെ മൂക്കിനു താഴെയെന്ന് വെളിപ്പെടുത്തല്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം തുറന്നുകാട്ടുന്ന 'ശത്രുവിന് വേണ്ടിയുള്ള തിരച്ചില്‍' എന്ന ഡച്ച് മാധ്യമപ്രവര്‍ത്തകനായ ബെറ്റെ ഡാമിന്റെ പുതിയ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. ഒരുകണ്ണിന് കാഴ്ചയില്ലാത്ത മുല്ലാ ഉമര്‍ പാകിസ്താനില്‍ ഒളിവ് ജീവിതം നയിക്കുകയായിരുന്നുവെന്നാണ് യുഎസ് കരുതിയിരുന്നത്.

2013ല്‍ മരിക്കുന്നതിനു മുമ്പ് തന്റെ ജന്മദേശമായ സബുള്‍ പ്രവിശ്യയിലെ യുഎസിന്റെ വമ്പന്‍ സൈനിക താവളത്തില്‍നിന്നു മൂന്നു മൈല്‍ മാത്രം അകലെയാണ് അദ്ദേഹം കഴിഞ്ഞുകൂടിയതെന്ന് പുസ്തകം വ്യക്തമാക്കുന്നു. സന്യാസിയെ പോലെ ജീവിതം നയിച്ച മുല്ലാ ഉമര്‍ കുടുംബത്തില്‍നിന്നുള്ളവരുടെ സന്ദര്‍ശനം പോലും വിലക്കിയിരുന്നു. സാങ്കല്‍പ്പിക ഭാഷയിലാണ് അദ്ദേഹം കുറിപ്പുകള്‍ തയ്യാറാക്കിയതെന്നും പുസ്തകം പറയുന്നു.

അഞ്ചു വര്‍ഷത്തിലധികം നീണ്ട ഗവേഷണങ്ങള്‍ക്കും ഉമറിന്റെ അംഗരക്ഷകനും സഹചാരിയുമായിരുന്ന ജബ്ബാര്‍ ഉമരിയുമായി കൂടിക്കാഴ്ച നടത്തിയുമാണ് പുസ്തകം തയ്യാറാക്കിയത്. വൈകുന്നേരങ്ങളില്‍ ബിബിസിയുടെ പഷ്തു ഭാഷയിലുള്ള പ്രക്ഷേപണം ഉമര്‍ കേട്ടിരുന്നതായും പുസ്തകത്തിലുണ്ട്. സപ്തംബര്‍ 11ലെ ആക്രമണത്തിനു പിന്നാലെയാണ് യുഎസ് അഫ്ഗാനില്‍ അധിനിവേശം നടത്തി താലിബാന്‍ ഭരണത്തെ തൂത്തെറിഞ്ഞത്. പിന്നാലെ മുല്ലാ ഉമറിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിടുകയും ചെയ്തിരുന്നു. ഇതോടെയാണ് മേഖലാ തലസ്ഥാനമായ ഖലാത്തിലെ ചെറിയ വീട്ടില്‍ തന്റെ ജീവിതം മുല്ലാ ഉമര്‍ പറിച്ച് നട്ടത്.രണ്ടു തവണ യുഎസ് സൈനികരില്‍നിന്ന് തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും പുസത്കം വ്യക്തമാക്കുന്നു.

ഒരിക്കല്‍ ഇദ്ദേഹം താമസിച്ചയിടത്തെത്തിയ സൈന്യം വീട്ടില്‍ കയറാതെ പോവുകയും മറ്റൊരിക്കല്‍ ഇദ്ദേഹം ഒളിവില്‍ കഴിഞ്ഞ രഹസ്യ അറ കണ്ടെത്താനാവാതെ യുഎസ് സൈന്യം പിന്‍വാങ്ങുകയുമായിരുന്നുവെന്ന് പുസ്തകം പറയുന്നു.

Next Story

RELATED STORIES

Share it