Top

തബ് ലീഗിനു തീവ്രവാദ ബന്ധം ആരോപിച്ച 'ടൈംസ് നൗ'വിനെതിരേ നിയമ നടപടി

ഒരു കോടിയുടെ മാനനഷ്ടക്കേസിനു നോട്ടീസ് നല്‍കി

തബ് ലീഗിനു തീവ്രവാദ ബന്ധം ആരോപിച്ച ടൈംസ് നൗവിനെതിരേ നിയമ നടപടി
X

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തബ് ലീഗ് ജമാഅത്തിനു തീവ്രവാദ ബന്ധമുണ്ടെന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയതിനു 'ടൈംസ് നൗ' റിപോര്‍ട്ടിനെതിരേ നിയമ നടപടി തുടങ്ങി. അങ്ങേയറ്റം അപകീര്‍ത്തികരവും പ്രകോപനപരവുമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തബ് ലീഗ് ജമാഅത്ത് വക്കീല്‍ നോട്ടീസ് അയച്ചത്. ടൈംസ് നൗ ന്യൂസ്.കോമിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്. സ്ഥാപനം നടത്തിപ്പുകാരായ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യ ബില്‍ഡിങിലെ ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡ്, മാനേജിങ് ഡയറക്ടര്‍ വിനീത് കുമാര്‍ ജെയിന്‍, എഡിറ്റര്‍ ഇന്‍ ചീഫ് ജയ്ദീപ് ബോസ്, ചീഫ് എഡിറ്റര്‍(ഡിജിറ്റല്‍) അക്രിത റെയര്‍ തുടങ്ങിയവര്‍ക്കെതിരേയാണ് നോട്ടീസ് അയച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ടൈംസ് നൗ പ്രസിദ്ധീകരിച്ച ലേഖനം മൂലം ഉണ്ടായ മാനഹാനിക്ക്

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമവിഭാഗം മുഖേന തബ് ലീഗ് ജമാഅത്ത് അംഗം ഹഫീസുല്ല ഖാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബാംഗ്ലൂള്‍ ആസ്ഥാനമായ പ്രൈം ലോ അസോഷ്യേറ്റ്‌സ് മുഖേനയാണ് നോട്ടീസ് അയച്ചത്. ഇസ്‌ലാമിന്റെയും പ്രവാചക പാരമ്പര്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും മുസ്‌ലിംകളെ സത്യസന്ധരും ഉത്തരവാദിത്തമുള്ള പൗരന്മാരുമായി ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിനും മുസ്‌ലിം സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇസ് ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് തബ് ലീഗ് ജമാഅത്തെന്ന് നോട്ടീസില്‍ പറയുന്നു. എല്ലാ പരിപാടികളും സൗഹൃദാന്തരീക്ഷത്തില്‍ അധികാരികളുടെ അനുമതിയോടെയാണ് സംഘടിപ്പിക്കുന്നത്. സംഘടന എല്ലായ്‌പ്പോഴും അധികാരികളുമായി സഹകരിക്കാറുണ്ട്. കൂടാതെ 100 വര്‍ഷത്തിലേറെയായി നിയമപരമായി യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. എല്ലാ അംഗങ്ങളും നിയമം അനുസരിക്കുന്ന പൗരന്മാരാണ്. സംഘടനയിലെ ഏതെങ്കിലും വ്യക്തി നിയമം ലംഘിച്ചതായി അറിയില്ലെന്നും നോട്ടീസില്‍ പറയുന്നു.എന്നാല്‍, പാകിസ്താന്‍ ആസ്ഥാനമായുള്ള ഹര്‍കത്തുല്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകളുമായി ജമാഅത്തിന് ബന്ധമുണ്ടെന്നാണ് ടൈംസ് നൗ ലേഖനത്തില്‍ ആരോപിക്കുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. തബ് ലീഗ് ജമാഅത്ത് ഒരിക്കലും ഭീകരപ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധത്തിനും അന്വേഷണത്തിന് വിധേയമായിട്ടില്ല. എന്നിട്ടും തബ് ലീഗ് ജമാഅത്തിനെ ഹര്‍ക്കത്തുല്‍ മുജാഹിദീനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. തബ് ലീഗ് ജമാഅത്തിന് ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു സംഘടനയുമായും യാതൊരു ബന്ധവുമില്ല. അതേസമയം തന്നെ ലോകമെമ്പാടുമുള്ള എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ഏറ്റവും കഠിനമായും നിശിതമായും അപലപിക്കാറുണ്ടെന്നും നോട്ടീസില്‍ വ്യക്തമാക്കി.

തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ കരിമ്പട്ടികയില്‍പെടുത്തിയെന്നും പ്രാസംഗികര്‍ക്ക് വിസ നിഷേധിച്ചെന്നുമുള്ള വാദത്തെയും വിമര്‍ശിക്കുന്നു. തബ് ലീഗ് ജമാഅത്തിനെ കൂടുതല്‍ അപകീര്‍ത്തിപ്പെടുത്താനും അംഗങ്ങളോട് വിദ്വേഷവും ശത്രുതയും വളര്‍ത്തുന്നതിനും മാത്രമാണ് ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കുകയുള്ളൂവെന്നും നോട്ടീസില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ലേഖനം തബ് ലീഗ് ജമാഅത്തിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയെന്നും തീവ്രവാദ ബന്ധങ്ങളില്ലെന്ന് നിരുപാധികമായി ക്ഷമാപണം നടത്തണമെന്നുമാണ് നോട്ടീസിലെ ആവശ്യം.Next Story

RELATED STORIES

Share it