Big stories

വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുന്നു; വേല്‍മുരുകന്റെ ശരീരത്തിൽ 44 മുറിവുകള്‍, മരിച്ചതിന് ശേഷം തുടയെല്ലിൽ പൊട്ടലും

ഭക്ഷണം ദഹിച്ചിട്ടില്ല എന്ന പോസ്റ്റ്മോർട്ടം റിപോർട്ടിലെ പരാമർശം യാതൊരു പ്രകോപനവുമില്ലാതെ ഭക്ഷണം കഴിക്കുന്ന സമയത്തോ അത് കഴിഞ്ഞ ഉടനെയോ ആണ് ആക്രമണം നടന്നത് എന്ന സംശയത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുന്നു; വേല്‍മുരുകന്റെ ശരീരത്തിൽ 44 മുറിവുകള്‍, മരിച്ചതിന് ശേഷം തുടയെല്ലിൽ പൊട്ടലും
X

കോഴിക്കോട്: വയനാട് പടിഞ്ഞാറത്തറയിൽ പേലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത്. വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോർട്ടിൽ പറയുന്നത്. മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

2020 നവംബര്‍ മൂന്നിനായിരുന്നു വയനാട് പടിഞ്ഞാറത്തറയിൽ തണ്ടർബോൾട്ട് സേന വെടിയ്പ്പിൽ വേൽമുരുകൻ കൊല്ലപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ വ്യാജ ഏറ്റുമുട്ടലെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകളാണ് പോസ്റ്റ്മോർട്ടം റിപോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.

കഴുത്തിനു താഴേയും അരക്കു മുകളിലുമായി 44 ഓളം മുറിവുകളാണുള്ളത്. ഇതെല്ലാം തന്നെ വെടിയേറ്റ മുറിവുകളുമാണ്. ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. വേൽമുരുകന്റെ രണ്ട് തുടയെല്ലുകളും പൊട്ടിയത് മരണത്തിന് ശേഷം സംഭവിച്ചിരിക്കുന്നതാണെന്നാണെന്നും വെടിയുണ്ട കാരണമല്ലെന്നും പോസ്റ്റ്മോർട്ടം റിപോർട്ട് അടിവരയിടുന്നു. ഇത് മരണത്തിന് ശേഷവും മൃതശരീരത്തിൽ ആക്രമവും ക്രൂരതയും കാട്ടി എന്ന് വ്യക്തമാക്കുന്നതാണ്.

ഭക്ഷണം ദഹിച്ചിട്ടില്ല എന്ന പോസ്റ്റ്മോർട്ടം റിപോർട്ടിലെ പരാമർശം യാതൊരു പ്രകോപനവുമില്ലാതെ ഭക്ഷണം കഴിക്കുന്ന സമയത്തോ അത് കഴിഞ്ഞ ഉടനെയോ ആണ് ആക്രമണം നടന്നത് എന്ന സംശയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മരണ സമയം വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടത്തിന് കഴിഞ്ഞിട്ടില്ലെന്നത് സംഭവസമയത്തെ സർക്കാർ പോലിസ് സംവിധാനങ്ങളുടെ ഇടപെടലുകളെ സംശയത്തിലാഴ്ത്തുകയാണ്.

സംഭവം നടന്ന സമയത്ത് പ്രദേശത്തേക്ക് മാധ്യമങ്ങൾക്കടക്കം പോലിസ് പ്രവേശനം നിഷേധിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം തണ്ടർബോൾട്ട് സേന സംഭവം നടന്നെന്ന് പറയപ്പെടുന്ന പ്രദേശത്തേക്ക് കയറിപ്പോയത് വേൽമുരുകൻ കൊല്ലപ്പെട്ട വാർത്ത പുറത്തുവരുന്നതിന് തലേദിവസം രാത്രിക്കാണെന്ന പ്രദേശവാസികളുടെ മൊഴികളും നേരത്തെ പുറത്തുവന്നിരുന്നു.

വേല്‍മുരുകന്‍ കൊല്ലപ്പെട്ട് നാലുമാസത്തിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വേൽമുരുകന്റെ സഹോദരനും ജനകീയ അഭിഭാഷകനുമായ മുരുകന്റെ നിയമപോരാട്ടത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം റിപോർട്ട് കുടുംബത്തിന് ലഭിച്ചത്. എപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത് എന്ന കാര്യത്തിൽ പോലിസിൽ നിന്നുണ്ടായ കൃത്യതയില്ലാത്ത പ്രതികരണവും വ്യാജ അറ്റുമുട്ടലെന്ന സംശയത്തെ ബാലപ്പെടുത്തുന്നു.

അതേസമയം പടിഞ്ഞാറെത്തറ വ്യാജ ഏറ്റുമുട്ടലിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപോർട്ട് നിയമപരമല്ലെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രം​ഗത്തെത്തി. ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ കൊണ്ട് അന്വേഷണം നടത്തിച്ചത് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. വിധിയനുസരിച്ച്‌ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആണ് അന്വേഷണം നടത്തേണ്ടത്. അപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപോർട്ട് ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കണം. അതിൽ സംശയകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് ആ റിപോർട്ട് സ്വകാര്യ അന്യായമായി പരിഗണിച്ച് കേസ് എടുക്കാം.

ഈ നടപടി ക്രമമല്ല ഇവിടെ സ്വീകരിച്ചത്. നേരിട്ട് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് അന്വേഷണം നടത്തിയത്. അതിൽ മരണ കാരണം ദൂരെ നിന്നുള്ള വെടിയേറ്റാണെന്നാണ് പറയുന്നത്. പക്ഷെ വെടിവയ്പ്പിലേക്കു നയിച്ച സാഹചര്യം എന്താണെന്ന് അന്വേഷിച്ചില്ല. അങ്ങനെ അന്വേഷിക്കണമെങ്കിൽ കുറച്ചു കൂടി സമയം എടുത്ത് ബാലസ്റ്റിക്ക്, ഫോറൻസിക് റിപോർട്ടുകൾ ഒക്കെ പരിശോധിക്കണം. അതിനൊന്നും നിക്കാതെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മജിസ്‌ട്രേറ്റ് റിപോർട് ചെയ്തിരിക്കുന്നത്. ഇതു കടുത്ത അന്യായവും അനീതിയുമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സിപി റഷീദ്, മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പിജി ഹരി എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.

Next Story

RELATED STORIES

Share it