Big stories

ഗുജറാത്തില്‍ വനിതാ ട്രെയിനി ക്ലാര്‍ക്കുമാരെ നഗ്‌നരാക്കി പരിശോധിച്ചു

അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിക്കുകയും 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്

ഗുജറാത്തില്‍ വനിതാ ട്രെയിനി ക്ലാര്‍ക്കുമാരെ നഗ്‌നരാക്കി പരിശോധിച്ചു
X
സൂറത്ത്: വനിതാ കോളജില്‍ ആര്‍ത്തവപരിശോധനയ്ക്കു വേണ്ടി വിദ്യാര്‍ഥിനികളെ നഗ്‌നരാക്കി പരിശോധന നടത്തിയതിനു പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍(എസ്എംസി) വനിതാ ട്രെയിനി ക്ലാര്‍ക്കുകളെ നഗ്‌നരാക്കി പരിശോധന നടത്തിയതായി ആരോപണം. ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ 10ഓളം വനിതാ ട്രെയിനികളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്നാണ് ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സൂറത്ത് മുനിസിപ്പല്‍ കമ്മിഷണര്‍ ബഞ്ചനിധി പാനി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് സൂറത്ത് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ആശുപത്രി(എസ്എംഐഎംഇആര്‍)യിലാണ് സംഭവം.

അവിവാഹിതരായ സ്ത്രീകളെപ്പോലും നഗ്‌നരാക്കി ഗര്‍ഭ പരിശോധന നടത്തിയതായി എസ്എംസി എംപ്ലോയീസ് യൂനിയന്‍ വ്യാഴാഴ്ച കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിക്കുകയും 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് മുന്‍ ഡീന്‍ ഡോ. കല്‍പ്പന ദേശായി, അസി. മുനിസിപ്പല്‍ കമ്മീഷണര്‍ ഗായത്രി ജെരിവാല, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തൃപ്തി കലാതിയ എന്നിവരാണ് അന്വേഷിക്കുന്നത്.

മൂന്നു വര്‍ഷത്തെ പരിശീലന കാലയളവ് പൂര്‍ത്തിയായ എല്ലാ ട്രെയിനി ജീവനക്കാരെ ശാരീരിക ക്ഷമത തെളിയിക്കാന്‍ ശാരീരിക പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് നഗ്നരാക്കി പരിശോഘിച്ചത്. എന്നാല്‍, തങ്ങള്‍ പരിശോധനയ്ക്ക് എതിരല്ലെന്നും ഗൈനക്കോളജി വാര്‍ഡിലെ വനിതാ ഡോക്ടര്‍മാര്‍ സ്വീകരിച്ച രീതിയെയാണ് എതിര്‍ക്കുന്നതെന്നുമാണ് എസ്എംസി എംപ്ലോയീസ് യൂനിയന്‍ പറയുന്നത്. പരിശോധനയ്ക്കു വേണ്ടി മുറിയില്‍ ഓരോരുത്തരെയും വിളിക്കുന്നതിനു പകരം നഗ്‌നരായി ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ക്കു മുന്നില്‍ നഗ്‌നരായി നിര്‍ത്തുന്ന നടപടി അപലപനീയവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും യൂനിയന്‍ കുറ്റപ്പെടുത്തി. അവിവാഹിതരായ യുവതികളെ പോലും ഗര്‍ഭിണിയാണോ എന്നറിയാന്‍ ശാരീരിക പരിശോധനയ്ക്കു വിധേയമാക്കിയതായി ആരോപണമുണ്ട്.



Next Story

RELATED STORIES

Share it