Big stories

സിദ്ദീഖ് കാപ്പന് അഞ്ചു ദിവസത്തേക്ക് ഇടക്കാല ജാമ്യം

പിഎഫ്ഐ പ്രവർത്തകനാണ് സിദ്ദീഖ് കാപ്പനെന്നു എസ്ജി കോടതിയില്‍ വാദിച്ചു. മാതാവിന്‍റെ മരണം ആസന്നമാണെന്ന് പറയുമ്പോ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി പറഞ്ഞു

സിദ്ദീഖ് കാപ്പന് അഞ്ചു ദിവസത്തേക്ക് ഇടക്കാല ജാമ്യം
X

ന്യൂഡൽഹി: സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രിംകോടതി അനുവദിച്ചത്. പോലിസ് സുരക്ഷയിലാണ് അഞ്ച് ദിവസത്തെ ജാമ്യം. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിഷ്കര്‍ഷിച്ചു. അടുത്ത ബന്ധുക്കളെയും കാണാന്‍ അനുവാദമുണ്ട്. എന്നാല്‍ മാധ്യമങ്ങളെ കാണുന്നതിന് വിലക്കുണ്ട്.

ഇടക്കാല ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന സോളിസിറ്റർ ജനറൽ (എസ്ജി) വാദം സുപ്രിംകോടതി തള്ളി. കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്നും പിഎഫ്ഐ പ്രവർത്തകനാണ് സിദ്ദീഖ് കാപ്പനെന്നും എസ്ജി കോടതിയില്‍ വാദിച്ചു. മാതാവിന്‍റെ മരണം ആസന്നമാണെന്ന് പറയുമ്പോ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. അറസ്റ്റിലായി അഞ്ചുമാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത്.

ഉമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഡോക്ടർമാരേയും ബന്ധുക്കളേയും കാണാം, പക്ഷേ മറ്റാരേയും കാണാൻ പാടില്ല. യുപി പോലിസിന്റെ ഒരു സംഘം അദ്ദേഹത്തെ അകമ്പടി സേവിക്കും. കേരള പോലിസ് യുപി പോലിസുമായി സഹകരിച്ചു വേണം ഉത്തരവ് നടപ്പിലാക്കാൻ. സിദ്ദീഖിന്റെ ഉമ്മയുടെ വീട്ടിലേക്കും പുറത്തേക്കും യാത്ര ഉറപ്പാക്കേണ്ടത് യുപി പോലിസിന്റെ ഉത്തരവാദിത്തമായിരിക്കും തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.

90 വയസ്സായ കിടപ്പിലായ മാതാവിന്‍റെ ആരോഗ്യം പരിഗണിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. സിദ്ദീഖ് കാപ്പന്‍റെ മാതാവ് കദീജ കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന്‍ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

യുപി പോലിസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത വിവരം ഇത് വരെ മാതാവിനെ അറിയിച്ചിട്ടില്ല. കാപ്പന്‍റെ മാതാവിന്‍റെ അവസാന ആഗ്രഹമാണ് മകനെ കാണുകയെന്നതെന്നും നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. സിദ്ദീഖ് കാപ്പനും രോഗിയായ മാതാവും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കെയുഡബ്ല്യുജെയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടുത്തിടെ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it