Big stories

സാമ്പത്തിക സംവരണ ബില്ലിന് സ്റ്റേയില്ല; കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

ഹര്‍ജി ആദ്യഘട്ടത്തില്‍ തന്നേ വിശദമായി കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷരുടെ വാദം തള്ളിയ കോടതി ബില്ല് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

സാമ്പത്തിക സംവരണ ബില്ലിന് സ്റ്റേയില്ല;      കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്
X

ദില്ലി: മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിന് സ്റ്റേയില്ല. കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ബില്ലിനെതിരേ യൂത്ത് ഫോര്‍ ഇക്വാലിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കോടതി ഇന്ന് രാവിലെയാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദം തുടങ്ങിയ ഉടനെ തന്നെ 'ബില്ലിനെ കുറിച്ച് തങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്നും, കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയക്കുമെന്നും' കോടതി അറിയിച്ചു. നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഹര്‍ജി ആദ്യഘട്ടത്തില്‍ തന്നേ വിശദമായി കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷരുടെ വാദം തള്ളിയ കോടതി ബില്ല് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് നോട്ടിസ് അയക്കുമെന്ന് അറിയിച്ച് കോടതി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടിരുന്നു. സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആര്‍എസ്എസും സവര്‍ണ സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. അമ്പത് ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. ജനുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം സംബന്ധമായ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കിയത്. എല്ലാ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റുകളിലും സര്‍വീസുകളിലും ഫെബ്രുവരി 1 മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it