നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ്‌ഐ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി, അറസ്റ്റ് ഉടന്‍

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതിയാണ് എസ്‌ഐ സാബുവിന് ജാമ്യം അനുവദിച്ചത്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ്‌ഐ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി, അറസ്റ്റ് ഉടന്‍

ന്യൂഡല്‍ഹി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതിയാണ് എസ്‌ഐ സാബുവിന് ജാമ്യം അനുവദിച്ചത്.

സാബു ജാമ്യത്തില്‍ തുടരുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ജാമ്യം തുടരുകയാണെങ്കില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ജാമ്യം നല്‍കിയത് ശരിയല്ല എന്നും സര്‍ക്കാര്‍ വാദിച്ചു. ഇതേ തുടര്‍ന്ന് സുപ്രിംകോടതി ജ്യാമ്യം റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ആഗസ്തിലാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാബുവിനെതിരേ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പോലിസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോഴും ജയിലില്‍ എത്തിച്ചപ്പോഴും കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് രാജ്കുമാര്‍ പരാതിപ്പെട്ടിട്ടില്ലെന്ന മജിസ്‌ട്രേറ്റിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ കേസില്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്‍ വിസ്താരം തുടങ്ങി. മരിച്ച രാജ്കുമാറിന്റെ ഭാര്യയടക്കം 4 പേരുടെ മൊഴിയാണ് കമ്മീഷന്‍ രേഖപ്പെടുത്തിയത്.

രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം ആദ്യം നടത്തിയ ഡോ ജയിംസ്‌കുട്ടി, മെഡിക്കല്‍ ഓഫിസര്‍ ഡോ സുബിരാജ് നടരാജന്‍ എന്നിവരുടെ മൊഴിയാണ് കമ്മീഷന്‍ ആദ്യം രേഖപ്പെടുത്തിയത്. റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ പുതിയ മുറിവുകള്‍ രാജ്കുമാറിന്റെ ശരീരത്തില്‍ കണ്ടെത്തിയതിനെ കുറിച്ച് എന്താണ് വിശദീകരണമെന്ന് കമ്മീഷന്‍ ചോദിച്ചു. ആദ്യപോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഈ മുറിവുകള്‍ ശ്രദ്ധിച്ചിരുന്നുവെന്നും അത് വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

രാജ്കുമാറിന്റെ ഭാര്യ വിജയയും മകന്‍ ജോഷിയും കമ്മീഷന് മുന്നിലെത്തി മൊഴി നല്‍കിയിരുന്നു.സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെ കിട്ടിയില്ലെന്ന് വിജയ മൊഴിനല്‍കി. റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്ന് ഈമാസം 18,19 തീയതികളില്‍ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തും. 2019 ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്‌ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

RELATED STORIES

Share it
Top